cy520520•The day before yesterday 11:44• views 285
കൊച്ചി ∙ വാഹന പരിശോധനയ്ക്കിടെ ബൈക്ക് തടയാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിനെ പൊലീസ് സംഘം ആശുപത്രിയിൽ എത്തിക്കാതെ കടന്നതായി പരാതി. അപകടത്തിൽ പൊലീസുകാരനും ഗുരുതരമായി പരുക്കേറ്റു. ഇരുവരേയും എറണാകുളത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ ചെല്ലാനം മാളികപ്പറമ്പ് ഐസ് പ്ലാന്റിനു സമീപമായിരുന്നു സംഭവം. ഫോർട്ട് കൊച്ചിയിൽ ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ബൈക്കിൽ വന്ന ആലപ്പുഴ കൊമ്മാടി സ്വദേശി രാജേന്ദ്രന്റെ മകൻ അനിൽ (28), സുഹൃത്ത് രാഹുൽ സാബു (29) എന്നിവരെ പൊലീസ് തടയാൻ ശ്രമിച്ചത് അപകടത്തിന് ഇടയാക്കുകയായിരുന്നു. അപകടത്തിൽ അനിലിന്റെ മുഖത്തിന് ഗുരുതരമായി പരുക്കേറ്റു. കണ്ണമാലി സ്റ്റേഷനിലെ സിപിഒ ബിജുമോന്റെ കൈ ഒടിയുകയും ചെയ്തു. കൃത്യനിർവഹണം തടസപ്പെടുത്താൻ സിപിഒ ബിജുമോനെ ഗുരുതരമായി പരുക്കേൽപ്പിച്ചു എന്നു കാട്ടി അനിലിനും രാഹുൽ സാബുവിനുമെതിരെ പൊലീസ് കേസെടുത്തു.
Also Read കരുവൻതുരുത്തിൽ പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
കണ്ണമാലി സ്റ്റേഷനിലെ എഎസ്ഐ സി.ബിജുമോനൊപ്പം വാഹനപരിശോധന നടത്തുകയായിരുന്നു സിപിഒ വി.എ.ബിജുമോൻ. ഇതിനിടെ ബൈക്കിലെത്തിയ അനിലിനെയും രാഹുലിനെയും പൊലീസ് നിർത്താൻ ശ്രമിച്ചു. എന്നാൽ ഇവർ വാഹനം നിർത്താതെ വേഗം കൂട്ടിയെന്ന് പൊലീസും, നിര്‍ത്താനായി വേഗം കുറച്ചെന്ന് രാഹുലും പറയുന്നു. ബിജുമോൻ അനിലിന്റെ കൈയിൽ കയറി പിടിച്ചതോടെ ആക്സിലേറ്റർ കൂടി ബൈക്ക് തലകുത്തി വീണെന്ന് രാഹുൽ പറയുന്നു. ഇതിനൊപ്പം അനിൽ മുഖമടിച്ചും ബിജുമോൻ കൈ കുത്തിയും വീഴുകയായിരുന്നു. വീഴ്ചയിൽ ബിജുമോന്റെ ബോധം നഷ്ടപ്പെട്ടു. അനിലിന്റെ മൂക്കിന്റെ പാലം തകരുകയും 3–4 പല്ലുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. കൂടാതെ കാലുകളിലും ആഴത്തിലുള്ള മുറിവുകളുണ്ട്. രാഹുലിന് കാര്യമായ പരുക്കില്ല. പിന്നാലെ സിപിഒ ബിജുമോനെ മാത്രം വാഹനത്തിൽ കയറ്റി പൊലീസ് പോയി എന്നാണ് പരാതി. അനിലിന് ഗുരുതരമായി പരുക്കുണ്ടെന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും രാഹുൽ പറഞ്ഞെങ്കിലും പൊലീസ് അത് അവഗണിച്ച് സ്ഥലത്തു നിന്നു പോയി എന്നാണ് ആരോപണം.
തുടർന്ന് അപകടത്തിൽപ്പെട്ട ബൈക്കിൽ തന്നെ അനിലിനെ ഇരുത്തി തന്റെ പിന്നിൽ ഷർട്ടുകൊണ്ട് കെട്ടിവച്ച് രാഹുൽ 20 കിലോമീറ്റർ ഓടിച്ച് ചെട്ടികാട് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു. മുഖത്തിന് ഗുരുതരമായി പരുക്കേറ്റ അനിലിനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബിജുമോന്റെ കൈക്ക് ഇന്ന് ഉച്ചയോടെ ശസ്ത്രക്രിയ നടത്തി. ആന്തരിക രക്തസ്രാവമില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്.
പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
MORE PREMIUM STORIES
രാഹുലിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് അനിലാണ് ഓടിച്ചിരുന്നത്. പൊലീസുകാർ കൈ കാണിച്ചപ്പോൾ തങ്ങൾ വേഗം കുറച്ച് നിർത്താൻ ശ്രമിച്ചെന്നും, അപ്പോൾ പൊലീസുകാരൻ അനിലിന്റെ കൈയിൽ കയറി പിടിക്കുകയായിരുന്നു എന്നുമാണ് രാഹുൽ പറയുന്നത്. ഇതോടെ ആക്സിലേറ്ററിന്റെ വേഗം കൂടി ബൈക്ക് തലകുത്തനെ മറിഞ്ഞു. വാഹനത്തിനൊപ്പം തങ്ങളും പൊലീസുകാരനും വീണെന്നും രാഹുൽ പറയുന്നു. തുടർന്ന് എണീറ്റു നോക്കുമ്പോൾ പൊലീസുകാരൻ നിലത്ത് കിടക്കുകയായിരുന്നു എന്നും എതിരെ വന്ന മറ്റൊരു വാഹനത്തിലുള്ളവരുടെ കൂടി സഹായത്തോടെ അദ്ദേഹത്തെ ജീപ്പിൽ കയറ്റുകയായിരുന്നു എന്നും രാഹുൽ പറയുന്നു. ചോരയൊലിപ്പിച്ചു കിടന്ന അനിലിനെ കൂടി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞെങ്കിലും അത് ചെയ്തില്ലെന്നും രാഹുൽ പറയുന്നു. ആലപ്പുഴ എസ്പിക്ക് പരാതി നൽകിയതായും രാഹുൽ വ്യക്തമാക്കി.
പരുക്കേറ്റ പൊലീസുകാരനെ വാഹനത്തിൽ കയറ്റാനായി രാഹുൽ തന്നെ സഹായിച്ചെന്നും തുടർന്ന് അനിലിനെ കൂടി ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞപ്പോൾ ‘നീ കൊണ്ടുപോയാൽ മതി’എന്നാണ് പൊലീസ് പറഞ്ഞതെന്നും അനിലിന്റെ അമ്മ രമാദേവി പറഞ്ഞു. അനിലിന്റെ പിതാവ് രാജേന്ദ്രന്റെ ഒരു കാൽ മുറിച്ചു മാറ്റിയതാണ്. കിഡ്നിക്ക് അസുഖം ബാധിച്ച രാജേന്ദ്രനും എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അനിലാണ് പിതാവിനെ എടുത്ത് വാഹനത്തിൽ കയറ്റിയിരുന്നതും മറ്റും. ചികിത്സ കിട്ടിയില്ലെങ്കിലോ എന്നു പേടിച്ച് ആദ്യം കൊണ്ടുപോയ ആശുപത്രിയിൽ നായ കുറുകെച്ചാടിയതാണ് എന്നാണ് അറിയിച്ചതെന്ന് രമാദേവി പറഞ്ഞു. പിന്നീട് രാവിലെ സുഹൃത്തുക്കളും മറ്റും വന്നപ്പോഴാണ് ഉണ്ടായ കാര്യം തുറന്നു പറയണമെന്ന് തീരുമാനിക്കുന്നതും വിവരം പുറത്തു പറയുന്നതെന്നും അവർ വ്യക്തമാക്കി.
എന്നാൽ യുവാക്കളെ ബലമായി തടഞ്ഞിട്ടില്ലെന്നും അവർ ബൈക്ക് ഇടിപ്പിക്കുകയായിരുന്നു എന്നുമാണ് പൊലീസിന്റെ വാദം. പൊലീസുകാരെ ഗുരുതരമായി പരുക്കേൽപ്പിച്ച് കൃത്യനിർഹണം തടസപ്പെടുത്തുകയായിരുന്നു ബൈക്ക് യാത്രികർ എന്നാണ് കണ്ണമാലി പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്. എഎസ്ഐ സി.ബിജുമോൻ ബൈക്ക് നിർത്താൻ കൈ കാണിച്ചെങ്കിലും ഓടിച്ചു പോകുന്നതിനിടെ സിപിഒ വി.എ.ബിജുമോന്റെ ഇടതുകൈയിൽ ഇടിക്കുകയും ഇതിന്റെ ആഘാതത്തിൽ തലയിടിച്ചു വീണ് അബോധാവസ്ഥയിലാവുകയും ചെയ്തു എന്ന് എഫ്ഐആറിൽ പറയുന്നു. ഇടതുകൈത്തണ്ടയുടെ അസ്ഥി ഒടിഞ്ഞെന്നും മൂക്കിന്റെ പാലത്തിന്റെ അസ്ഥിക്ക് പൊട്ടലുണ്ടെന്നും ചുണ്ടിലും ഇടതു കാലിന്റെ മുട്ടിനു താഴെയും തലയുടെ പിൻഭാഗത്തും മുറിവു പറ്റിയെന്നും എഫ്ഐആറിൽ പറയുന്നു. English Summary:
Alappuzha Road Accident: Alappuzha accident involved a bike and police, resulting in injuries. The incident occurred after Christmas celebrations, with allegations of police abandoning the injured youth. One youth sustained serious injuries and was transported to the hospital.