കോയമ്പത്തൂർ ∙ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ തുടർച്ചയായി മുക്കുപണ്ടം പണയം വച്ചു തട്ടിപ്പു നടത്തിയ യുവതിയെ സംഘം ചേർന്നു തല്ലിക്കൊന്നു. കൃഷ്ണഗിരി ഊത്തങ്കര സ്വദേശി പെരിയസ്വാമിയുടെ ഭാര്യ സുധ (39) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടു ശരവണംപട്ടിക്കു സമീപം ചിന്ന മേട്ടുപ്പാളയത്തിൽ സ്വകാര്യ ധനകാര്യ സ്ഥാപന നടത്തിപ്പുകാരനായ രത്നപുരി ജിപിഎം നഗറിലെ രാജാറാം (53) പൊലീസിൽ കീഴടങ്ങി. ഇയാളുടെ കൂട്ടാളികളെ പൊലീസ് തിരയുന്നുണ്ട്.
തുണി വ്യാപാരിയാണെന്നും പേര് സുമതിയെന്നാണെന്നും പരിചയപ്പെടുത്തിയ യുവതി ഡിസംബർ 8ന് മോതിരം പണയം വച്ച് മുപ്പതിനായിരം രൂപ കൈപ്പറ്റിയിരുന്നു. പിറ്റേദിവസം വള പണയം വച്ച് 32,000 രൂപ വാങ്ങി. ഡിസംബർ 12നും ആഭരണങ്ങൾ പണയം വച്ച് 75,000 രൂപ കൈപ്പറ്റി. പിന്നീട് ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണു സ്വർണമല്ലെന്നു തിരിച്ചറിഞ്ഞത്. യുവതി നൽകിയ വിലാസവും വ്യാജമാണെന്നു കണ്ടെത്തിയതോടെ സുഹൃത്ത് മഹേന്ദ്രന്റെ സഹായത്തോടെ അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെ ഇക്കഴിഞ്ഞ 17ന് യുവതി വീണ്ടും ആഭരണവുമായി എത്തിയപ്പോഴാണു രാജാറാം സുഹൃത്തുക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
യുവതിയെ അത്തിപ്പാളയം റോഡ് വാട്ടർ ടാങ്കിനു സമീപം ആളില്ലാത്ത സ്ഥലത്തെത്തിച്ചു പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ചു തല്ലി അവശയാക്കി. തലയിൽ പരുക്കേറ്റ യുവതി അബോധാവസ്ഥയിലായതോടെ മൂന്നു പ്രതികളും കടന്നുകളഞ്ഞു. രാജാറാം വ്യാഴം രാത്രി ശരവണംപട്ടി പൊലീസിൽ കീഴടങ്ങി വിവരം നൽകിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. മൃതദേഹം പൊലീസ് കണ്ടെത്തി. രാജാറാമിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. English Summary:
Coimbatore crime involves a woman killed over fake gold pawn scam. A woman was brutally murdered for repeatedly pawning fake gold at a private finance firm. The finance firm owner surrendered to the police, and an investigation is underway to apprehend his accomplices. |
|