search

തോൽവിയിൽനിന്നു പഠിക്കണം: വാചകക്കസർത്തിൽ കാര്യമില്ല; ഇവന്റ് മാനേജ്മെന്റ് പരിഹാരമല്ല

deltin33 7 hour(s) ago views 185
  



തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഉടനീളം ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായി. അതു പ്രധാനമായും യുഡിഎഫിലേക്കും ഭാഗികമായി ബിജെപി നയിക്കുന്ന എൻഡിഎയിലേക്കും വോട്ടായി ഒഴുകി. അതിന്റെ ഫലമായി കേരളത്തിലാകെ എൽഡിഎഫിന്റെ കോട്ടകളെല്ലാം തകർന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു പരമ്പരാഗതമായി ഉണ്ടായിരുന്ന മേധാവിത്വം തകർന്നു. ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം കോർപറേഷൻ ബിജെപി നേടിയതു ദേശീയശ്രദ്ധ ആകർഷിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നായി തിരുവനന്തപുരത്തെ മാറ്റുമെന്നുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ആഹ്വാനം തലസ്ഥാന നിവാസികൾ പരിഗണിച്ചതും എൽഡിഎഫിന്റെ ഭരണത്തിനെതിരെയുള്ള രോഷപ്രകടനവുമാണ് കോർപറേഷൻ എൻഡിഎ ഭരണത്തിൽ എത്തിച്ചത്.

ശക്തമായ ഭരണവിരുദ്ധ വികാരം കേരളത്തിൽ ഉണ്ടായത് എന്തുകൊണ്ടാണ്?. എൽഡിഎഫിന്റെ തുടർഭരണത്തിൽ ഉണ്ടായ അഴിമതി, സ്വജനപക്ഷപാതം, അഹന്തയും ധിക്കാരവും, അമിത ആത്മവിശ്വാസം, നിത്യോപയോഗ സാധനങ്ങളുടെ അമിത വിലക്കയറ്റം എന്നിവയെല്ലാം ഒരുപോലെ പ്രാധാന്യമുള്ള ഘടകങ്ങളാണ്. വിദ്യാഭ്യാസം, ആരോഗ്യം, നിയമവാഴ്ച എന്നീ മേഖലകളിൽ ഉണ്ടായ അഴിമതി ആരോപണങ്ങൾ ജനങ്ങൾ വിശ്വസിച്ചതു വസ്തുതകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു. സ്വന്തം പാർട്ടിക്കാരെ നിയമവിരുദ്ധമായി ജോലിക്കു തിരുകിക്കയറ്റിയപ്പോൾ തൊഴിലില്ലാതെ നിൽക്കുന്ന ചെറുപ്പക്കാർ വോട്ടിങ്ങിലൂടെ പ്രതിഷേധിച്ചു. സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കിയെന്ന പ്രഖ്യാപനവും നവകേരള അവകാശവാദങ്ങളുമെല്ലാം ജനങ്ങൾ നിരാകരിച്ച‌തായി കാണാം.

ലഹരിവസ്തുക്കളുടെ വ്യാപനം, നിയമവാഴ്ചയുടെ തകർച്ച, വിദ്യാർഥികളുടെ മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം എന്നിവ വലിയ വെല്ലുവിളിയാണു സർക്കാരിന്. പല മന്ത്രിമാരുടെയും പ്രവർത്തനങ്ങളെക്കുറിച്ച് ആക്ഷേപങ്ങൾ ഉണ്ടായതു ഭരണകൂടം ശ്രദ്ധിച്ചതേയില്ല. യഥാ‍ർഥപ്രശ്നങ്ങൾക്ക് ഇവന്റ് മാനേജ്മെന്റ് ഒരു പരിഹാരം അല്ലെന്നു ജനവിധിയിൽ തെളിഞ്ഞു. തൊഴിലില്ലായ്മ ഇല്ലാതാക്കാനും വികസനം യാഥാർഥ്യമാക്കാനുമുള്ള ആത്മാർഥ പ്രവർത്തനങ്ങൾ കണ്ടില്ല. ഭരണത്തിന്റെ അവസാന കാലഘട്ടത്തിൽ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചതു ഗുണം ചെയ്തതുമില്ല. 6 ലക്ഷം കോടി രൂപയുടെ കടത്തിൽ പ്രവർത്തിക്കുന്ന ഭരണ സംവിധാനം, ധാരാളിത്തത്തിനു പണം ചെലവഴിച്ചതും വിമർശനത്തിനു വിധേയമായി. ദൃശ്യ–പത്രമാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ശക്തമായൊരു ഭൂമികയിൽ വാചകക്കസർത്തുകൊണ്ടു കാര്യങ്ങൾ നേടാൻ കഴിയില്ല.
    

  • രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
      

         
    •   
         
    •   
        
       
  • കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
      

         
    •   
         
    •   
        
       
  • ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദ‌ം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കേവലം 5 മാസം കഴിഞ്ഞു നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഈ വിധി നൽകുന്നതു ശക്തമായൊരു മുന്നറിയിപ്പു കൂടിയാണ്. ഇക്കാര്യത്തിൽ 3 മുന്നണികൾക്കും പഠിക്കാൻ ഏറെയുണ്ട്. ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ യുഡിഎഫിന് നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ചു കയറാൻ കഴിയൂ. 10 വർഷമായി ഭരിക്കുന്ന എൽഡിഎഫ് ഇനി വരുന്ന മാസങ്ങളിൽ ഒട്ടനവധി ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കാൻ ഇടയുണ്ട്. എന്നാൽ, അത് എങ്ങനെ ജനങ്ങൾ സ്വീകരിക്കുമെന്നതു കാണേണ്ട കാര്യമാണ്. വളർന്നുവരുന്ന എൻഡിഎ കൂടുതൽ നേട്ടങ്ങൾക്കായി ശ്രമിക്കും. സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന കേരളം അതിന്റെ ഭാവി എങ്ങനെ വാർത്തെടുക്കുമെന്നുള്ളതു സസൂക്ഷ്മം നിരീക്ഷിക്കേണ്ടതാണ്. ത്രികോണ മത്സരത്തിൽ ജനവിധി അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തമാണ്; അതോടൊപ്പം പ്രവചനാതീതവും.

(ലേഖകൻ രാഷ്ട്രതന്ത്രവിദഗ്ധനും കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലറുമാണ് ) English Summary:
Challenges and Opportunities for Kerala\“s Political Parties: This election serves as a crucial precursor to the upcoming assembly elections, highlighting key areas for improvement for all major political fronts.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469890