കായംകുളം ∙ കൊല്ലത്തും കുരിയോടുമുണ്ടായ ദേശീയപാത തകർച്ച ദുരന്തങ്ങളുടെ മുന്നറിയിപ്പാണെന്ന് കായംകുളം ദേശീയപാതാ ജനകീയ സമരസമിതി ചൂണ്ടിക്കാട്ടി. നഗരമധ്യത്തിലെ ഏറ്റവും പ്രാധാന്യമുള്ള രണ്ടു കിലോമീറ്റർ ഭാഗത്ത് ഉയരപ്പാതവേണമെന്നതായിരുന്നു കായംകുളത്തിന്റെ ആവശ്യം. ഉയരപ്പാത ആവശ്യമില്ലാത്ത പ്രദേശങ്ങളിൽ ഫ്ലൈ ഓവറുകളും വലിയ ഉയരപ്പാതകളും നിർമിച്ചു. ഷഹീദാർ പള്ളി ജംക്‌ഷൻ മുതൽ കോളജ് ജംക്‌ഷൻ വരെയും റോഡിന്റെ പടിഞ്ഞാറുഭാഗം മുഴുവൻ നിലംനികത്തി എടുത്ത ദുർബലമായ പ്രദേശത്ത് ഉയരപ്പാത നിർമിച്ചില്ല.
കോളജ് ജംക്‌ഷൻ മുതൽ ബസ് സ്റ്റാൻഡ് വരെയുള്ള റോഡിന്റെ ഇരുഭാഗവും പരിസ്ഥിതി ദുർബല പ്രദേശങ്ങളാണ്. ഇവിടെ രണ്ട് അടിപ്പാതകളുണ്ട്. ഇനി മൂന്നാമത്തെ അടിപ്പാത കെഎസ്ആർടിസി ജംക്‌ഷനിലാണ്. സമാനമായ രീതിയിലാണ് കൂരിയാട്, കൊല്ലം പ്രദേശങ്ങളിലും ദേശീയപാത നിർമിച്ചതും താഴ്ന്നുപോയതും. കായംകുളത്തിന്റെ ആവശ്യം വളരെ നിസ്സാരമായി അവഗണിക്കപ്പെട്ടു.
ചില സ്ഥലങ്ങളിലെ ആവശ്യങ്ങൾ രാഷ്ട്രീയ സ്വാധീനത്തോടെ നടപ്പാക്കിപ്പോൾ കായംകുളത്തിന്റെ ശാസ്ത്രീയവും നീതിയുക്തവുമായ ആവശ്യം തള്ളുകയായിരുന്നെന്ന് ദേശീയപാത സമരസമിതി ചെയർമാൻ അബ്ദുൽ ഹമീദ് ആയിരത്ത്, കൺവീനർ ദിനേശ് ചന്ദന എന്നിവർ പറഞ്ഞു. കൊല്ലം ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇവിടെ ഉയരപ്പാത എന്ന ആശയം വീണ്ടും ശക്തമായി ഉയരേണ്ട സമയമാണിത്. കായംകുളത്തെ തൂത്തുക്കുടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്നതിന് അനുമതിയായിട്ടുണ്ട്. കൂരിയോട് ദുരന്തശേഷം പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) നടത്തിയ പരിശോധനകളുടെ ഫലമായി അവർ കേന്ദ്രസർക്കാരിനു നൽകിയ റിപ്പോർട്ടിൽ കായംകുളവും പ്രശ്നസ്ഥലമായി നിർദേശിച്ചിട്ടുണ്ട്.
കായംകുളത്ത് ഉയരപ്പാത നിർമിക്കേണ്ടതിന്റെ ആവശ്യകത നിർദേശിക്കുന്ന റിപ്പോർട്ടിൽ അടയിരിക്കുന്നതാരെന്ന് ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ടെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു.
English Summary:
Kayamkulam flyover demands urgent attention following the Kollam highway collapse. The need for an elevated highway in Kayamkulam\“s vulnerable areas is critical for preventing similar disasters. Activists are calling for a reevaluation of the project plans to prioritize public safety and address long-standing concerns. |
|