LHC0088 • The day before yesterday 11:26 • views 403
സ്കൂളുകൾ ഉറങ്ങുകയും വീടുകൾ ഓൺലൈൻ ക്ലാസുകളാകുകയും ചെയ്ത കോവിഡ് കാലത്താണ് നീന ടീച്ചറുടെ 2 മിനിറ്റ് വോയ്സ് മെസേജുകളുടെ തുടക്കം. പഠനത്തിൽ പിന്നിലായിപ്പോയ പ്ലസ് ടു വിദ്യാർഥികളെ ആ ശബ്ദം അതിരാവിലെ നാലിന് വിളിച്ചുണർത്തും. ഇങ്ങേത്തലയ്ക്കൽ കുട്ടികളുടെ സംശയങ്ങൾക്ക് കാതോർത്ത് ടീച്ചർ ഇരിക്കും. പരീക്ഷ കഴിഞ്ഞു, കുട്ടികൾ ജയിച്ചു, സ്കൂൾ വിട്ടുപോയി.
‘അസാധ്യമായി ഒന്നുമില്ല’ എന്ന് പറയാതെ പറയുന്ന പതിവുസന്ദേശം നിർത്താൻ പക്ഷേ, ടീച്ചർക്കു കഴിഞ്ഞില്ല. സ്കൂൾ വിട്ടുപോയ കുട്ടികളെ അതു വീണ്ടും ചേർത്തുനിർത്തി. സ്കൂളിനു പുറത്തുള്ള കുട്ടികളെയും കൂടെക്കൂട്ടി. സ്കൂളുകൾക്കു പുറമേ കോളജുകളും പതിവുസന്ദേശത്തിന് കാതോർത്തു. മുടക്കമില്ലാതെ കുട്ടികൾക്ക് അയയ്ക്കുന്ന ആ പ്രതിദിന ശബ്ദസന്ദേശം ‘മോണിങ് വൈബ്സ്’ ഇന്ന് 1852 പ്രഭാതങ്ങൾ പിന്നിട്ടു. അതായത് 5 വർഷം!
പുലരി വന്നു വിളിച്ചു
മലപ്പുറം എംഎസ്പി ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി അധ്യാപികയാണ് നീന ശബരീഷ്. ഭർത്താവും ഐടി അറ്റ് സ്കൂൾ മാസ്റ്റർ ട്രെയിനർ കോഓർഡിനേറ്ററുമായിരുന്ന ശബരീഷ് (സാബു) മരിച്ചത് 2018ൽ ഒരു പുലർകാലത്താണ്. ഭാരംവച്ച ഹൃദയവുമായി ആ സമയത്ത് ഉണരുക പിന്നീടു നീനയുടെ പതിവായി. ആ ഉണർച്ചകളിൽ, പഠനത്തിൽ പിന്നിലായ 20 കുട്ടികളെ കൈപിടിച്ചു നടത്താൻ പറഞ്ഞത് സാബുവേട്ടനാണെന്ന് ടീച്ചർ പറയും. ‘ഗുഡ്മോണിങ്, നീനടീച്ചറാണ്...’ എന്നു തുടങ്ങുന്ന 2 മിനിറ്റ് വോയ്സ് മെസേജ് അങ്ങനെ അയച്ചു തുടങ്ങി. തികച്ചും അനൗപചാരികം. നമുക്ക് ചെയ്തു തീർക്കാവുന്നതേയുള്ളൂ എന്ന ധൈര്യം പകരൽ.
- കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
ശബ്ദസന്ദേശം എല്ലാ ക്ലാസ് ഗ്രൂപ്പുകൾക്കും നൽകണമെന്ന് പിടിഎ നിർദേശം വച്ചതോടെ നല്ല തയാറെടുപ്പ് വേണമെന്നായി. നേരത്തേ കുറിപ്പുകൾ എഴുതിത്തുടങ്ങി. 100 ദിവസം കഴിഞ്ഞപ്പോഴേക്കും അതൊരു കോവിഡ് കാല ഹിറ്റ് ആയി മാറിയിരുന്നു. 101ാം എപ്പിസോഡ് മുതൽ ഓരോ മഹദ്‌വചനം കൂടി ടൈപ്പ് ചെയ്തു ചേർത്തു. നാട്ടിലെ ക്വോട്ടെഴുത്തുകാരുടെ ഭാരം മുഴുവൻ എ.പി.ജെ.അബ്ദുൽ കലാമും റൂമിയുമൊക്കെ ഏറ്റുവാങ്ങുന്ന സമയമാണ്. ക്വോട്ടിന്റെ ആധികാരികത ഉറപ്പാക്കാൻ പലവട്ടം പരിശോധനകൾ വേണ്ടി വന്നു. സമയം 3–4 മിനിറ്റ് ആക്കി.
ഒരുക്കം, ഒതുക്കം
പുതിയ ആശയങ്ങൾക്കും ക്വോട്ടുകൾക്കും കഥകൾക്കുമായി കുറെ പുസ്തകങ്ങൾ വാങ്ങി. ലൈബ്രറികൾ തപ്പി. സാഹിത്യം വിട്ടു വായന സെൽഫ് ഹെൽപിലേക്കു കടന്നു. 5 വർഷം തുടർച്ചയായി ‘മോണിങ് വൈബ്സ്’ ഫോളോവേഴ്സിന്റെ കാതിലെത്തിയെങ്കിലും ഒരു ക്വോട്ട് പോലും ആവർത്തിച്ചില്ല. തെറ്റിച്ചുമില്ല.
കോവിഡ് കഴിയുമ്പോൾ ‘വൈബ്’ അവസാനിക്കുമെന്നാണ് വിചാരിച്ചത്. സ്കൂൾ വിട്ടു പോയ കുട്ടികൾ ആവശ്യപ്പെട്ടതോടെ മോണിങ് വൈബ്സ് എന്ന ഗ്രൂപ്പ് ഉണ്ടാക്കേണ്ടി വന്നു. അതു പിന്നെ പലവഴിക്കു വളർന്നു. കോളജ് വിദ്യാർഥികളും അധ്യാപകരും പ്രഫഷനൽസുമൊക്കെയായി ആളേറെയായി. ഒരു ദിവസം സന്ദേശം വൈകിയപ്പോൾ ‘ന്റെ ഉമ്മാന്റെ ചായകുടി മുട്ടിക്കരുത്’ എന്നായിരുന്നു സുഹൃത്തിന്റെ പ്രതികരണം. ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച ഒരമ്മ അവരുടെ കുട്ടിയുടെ മൊബൈൽ ഫോണിൽ നീനയുടെ സന്ദേശം കേട്ട്, ഇടറുന്ന ശബ്ദത്തിൽ വിളിച്ചതാണ് ഏറ്റവും ആഴമുള്ള ഓർമ.
സ്വയം പുതുക്കൽ
‘അധ്യാപികയെന്ന നിലയിൽ സ്വയം പുതുക്കുകയെന്ന പ്രധാനപ്പെട്ട കാര്യവും ഇതോടൊപ്പം നടക്കുന്നു. അതു ചെയ്യരുത്, ഇതു ചെയ്യരുത് എന്ന് എപ്പോഴും കുട്ടികളോട്, പ്രത്യേകിച്ചും കൗമാരക്കാരോട് എല്ലാവരും പറയുന്നത് കേൾക്കാം. എന്തു ചെയ്യണം, എങ്ങനെ ചെയ്യണം എന്നു പറയാറുമില്ല. കുട്ടികളെ മനസ്സിലാക്കുന്നു എന്ന് അവർക്കു തോന്നണം. കുറെയൊക്കെ അതിനു കഴിഞ്ഞിട്ടുണ്ട്’ – നീന ശബരീഷ് പറയുന്നു. അധ്യാപക ജോലിക്കൊപ്പം എജ്യുക്കേഷനിൽ പിഎച്ച്ഡിയും ചെയ്യുന്ന ടീച്ചറിന്റെ യാത്രകൾക്ക് കൂട്ടായി ഹൈദരാബാദിൽ ഐടി പ്രഫഷനലായ ഏകമകളായ വൈഷ്ണവി ശബരീഷും ഉണ്ട്.
മോണിങ് വൈബ്സിന് യൂട്യൂബ് ചാനൽ ഇല്ല, ഫെയ്സ്ബുക് പേജ് ഇല്ല. പുറത്തേക്ക് ലിങ്കുകൾ ഇല്ല, പരസ്യവരുമാനവുമില്ല. ടീച്ചറും പിള്ളേരും സുഹൃത്തുക്കളുമായുള്ള ഹൃദയഭാഷണം മാത്രം. വാട്സാപ് ഉപയോഗിക്കാൻ പറ്റുന്നവർക്കെല്ലാം കേൾക്കാവുന്ന സുഭാഷിതങ്ങൾ.
കനൽച്ചുവടിൽ വിരിഞ്ഞ ക്ലാസിക്കൽ തിരുവാതിര
വിടാതൊരു കനൽ മനസ്സിലുണ്ടെങ്കിൽ ജീവിതത്തിനു ചൂടുണ്ടാകുമെന്നു കുട്ടികളെ ഓർമിപ്പിക്കാൻ നീന ശബരീഷിന് സ്വന്തം കഥ തന്നെ സൂചിപ്പിക്കാനുണ്ട്. ഭർത്താവിന്റെ മരണം ഉൾപ്പെടെയുള്ള ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് നീനയും, ഒപ്പം കൂട്ടുകാരും ചേർന്നുണ്ടാക്കിയ നൃത്തസംഘമാണ് ലാസ്യധ്വനി.
ശാസ്ത്രീയ നൃത്താവതരണമാണ് പ്രധാനമെങ്കിലും ഇപ്പോൾ ലാസ്യധ്വനി അറിയപ്പെടുന്നത് ക്ലാസിക്കൽ തിരുവാതിരയുടെ പേരിലാണ്. മോഹിനിയാട്ടത്തിന്റെ ലാസ്യവും തിരുവാതിരക്കളിയുടെ നാട്ടുവെൺമയും ഒരുമിച്ചു ചേർന്നാൽ ക്ലാസിക്കൽ തിരുവാതിരയായി. ഒരു ശ്ലോകം, ഒരു സ്തുതി (വന്ദനം), പദം, കുറത്തിയും കുമ്മിയും, മംഗളം എന്ന ക്രമത്തിൽ ചിട്ടപ്പെടുത്തിയതാണ് ക്ലാസിക്കൽ തിരുവാതിര. ക്ഷേത്ര ഐതിഹ്യങ്ങളുടെ കഥകളാണ് പദങ്ങളായി പാടുന്നത്. English Summary:
The Inspiring Story Behind Neena Teacher: Neena Teacher\“s \“Morning Vibes\“ is an inspirational Whatsapp voice message series. It started during the pandemic to support students and has continued for five years, offering daily motivation and guidance. |
|