മരട് ∙ 5 വർഷമായി ഒരുമിച്ചു താമസിക്കുന്ന യുവതിയെ (36) ക്രൂരമായി മർദിച്ച യുവമോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി തേവര പെരുമാനൂർ ആലുക്കലിൽ ഗോപു പരമശിവനെ (37) ബിജെപി പുറത്താക്കി. കേസിൽ അറസ്റ്റിലായ ഗോപുവിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. വധശ്രമത്തിനാണ് കേസ്. യുവതിയെ കാണാനില്ലെന്ന് ഗോപു മരട് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് പെൺകുട്ടിയെ ബന്ധുവീട്ടിൽ നിന്നു കണ്ടെത്തി സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ദേഹം മുഴുവൻ മർദനമേറ്റ പാടുകളുമായി യുവതി മരട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
ഗോപു നിരന്തരം മർദിക്കാറുണ്ടായിരുന്നെന്നു യുവതി പറഞ്ഞു. ഗോപുവിൽ നിന്നു വധഭീഷണി ഉണ്ടായിരുന്നതിനാലാണു വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും യുവതി പറഞ്ഞു. ഭർത്താവുമായി വേർപിരിഞ്ഞ് 2021 മേയ് 15 മുതലാണ് യുവതി തൈക്കൂടത്തെ വാടക വീട്ടിൽ ഗോപുവുമൊത്തു താമസം തുടങ്ങിയത്. ഗോപുവിന്റെ ഷർട്ട് ഇസ്തിരി ഇടുന്നതിനായി മേശപ്പുറത്ത് ഇരുന്ന ഹെൽമറ്റ് താഴെ വച്ചതിനെ ചൊല്ലി ആയിരുന്നു ഒടുവിലത്തെ മർദനം. ഇലക്ട്രിക് വയർ കൊണ്ടുള്ള മർദനത്തെ തുടർന്നാണ് യുവതി ഇറങ്ങിപ്പോയത്. മുൻബന്ധത്തിൽ ഉള്ള 2 കുട്ടികൾ ഭർത്താവിനൊപ്പമാണ്. നിയമപരമായി ബന്ധം വേർപെടുത്തിയിട്ടില്ല.
അതിനിടെ, ഗോപു പരമശിവത്തിനെ ബിജെപി എറണാകുളം ജില്ല നേതൃത്വം സംരക്ഷിച്ചുവെന്ന് ആരോപണം. തന്നെയും ഭർത്താവിനെയും ജാതീയമായി ആക്ഷേപിച്ചുവെന്നും പരാതി നൽകിയെങ്കിലും ബിജെപി ജില്ലാ നേതൃത്വം തള്ളിക്കളഞ്ഞെന്നും പാർട്ടിയുടെ ഓഫീസ് ജീവനക്കാരിയും പ്രാദേശിക നേതാവുമായ യുവതി ആരോപിച്ചു. പരാതി അവഗണിച്ചുവെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് ഗോപു പരമശിവനെ ബിജെപി പുറത്താക്കിയത്.
ഗോപുവിന്റെ പശ്ചാത്തലത്തെക്കുറിച്ച് ബിജെപിയിലെ വനിത നേതാക്കൾ നേതൃത്വത്തെ നേരത്തെ ആശങ്ക അറിയിച്ചിരുന്നു. സംസ്ഥാനതലത്തിലെ വനിതാ നേതാക്കളുടെ മുന്നറിയിപ്പും എതിർപ്പും ജില്ലാ നേതൃത്വം അവഗണിച്ചാണ് ഗോപുവിനെ പാർട്ടിയിലെടുത്തതെന്നും ആരോപണം ഉയർന്നു. ഗോപുവിനെതിരെ മരട് പൊലീസിൽ പരാതി നൽകിയശേഷം പാർട്ടി പ്രാദേശിക നേതാവായ ലിജി രൂക്ഷമായാണ് പ്രതികരിച്ചത്.
എൽജെപിയിൽ നിന്ന് ബിജെപിയിൽ എത്തിയ ഗോപുവിന് യുവമോർച്ചയുടെ ജില്ലാ നേതൃനിരയിൽ നിർണായക പദവികൾ ലഭിച്ചിരുന്നു. ജില്ലയിലെ ചില നേതാക്കളുടെ പൂർണപിന്തുണ ലഭിച്ചതോടെയാണ് ആരെയും കൂസാതെയായിരുന്നു ഗോപുവിന്റെ പെരുമാറ്റവും പ്രവർത്തനവും എന്നാണ് ആരോപണം. നേതൃത്വത്തിലേക്ക് രുക്ഷമായ ആരോപണം വന്നതോടെയാണ് ഗോപുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതും.
English Summary:
Maradu assault case involves the arrest of a Yuva Morcha leader for allegedly assaulting his partner. The woman filed a complaint detailing repeated instances of domestic violence, leading to an attempted murder charge against the accused. |
|