അരൂർ ∙ ദേശീയപാതയിൽ ഉയരപ്പാത നിർമാണത്തിനിടെ താഴേക്കു പതിച്ച 2 ഗർഡറുകൾ യന്ത്രസഹായത്താൽ മുറിച്ചു കഷ്ണങ്ങളാക്കാൻ വേണ്ടിവന്നത് ഏഴു മണിക്കൂർ. 80 ടൺ ഭാരവും 32 മീറ്റർ നീളവുമുള്ള രണ്ട് ഗർഡറുകളാണ് വ്യാഴാഴ്ച പുലർച്ചെ 2.30ന് ദേശീയപാതയിലേക്ക് വീണത്. ഇതോടെ ദേശീയപാതയിൽ പടിഞ്ഞാറെ ഭാഗത്ത് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. രാവിലെ ഒൻപതോടെ 30 തൊഴിലാളികൾ യന്ത്ര സഹായത്താൽ ഗർഡറുകൾ മുറിക്കാൻ തുടങ്ങി. വൈകുന്നേരം നാലു മണിക്കാണു ഗർഡറുകൾ മുറിച്ചു തീർന്നത്. കോൺക്രീറ്റ് പൊട്ടിച്ച ശേഷം കമ്പികൾ മുറിച്ചാണ് ഒരു ഗർഡർ നാലു കഷ്ണങ്ങളാക്കി മാറ്റിയത്. 4.30ന് ക്രെയിനുകളുടെ സഹായത്താൽ ഒരു ഭാഗം പാതയിൽ നിന്നു നീക്കം ചെയ്തു.
ഇത് പൂർണമായി നീക്കം ചെയ്തെങ്കിൽ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കൂ.നിലവിൽ കിഴക്കു ഭാഗത്തെ പാതയിലൂടെയാണു വാഹനങ്ങൾ കടത്തിവിട്ടത്. ഇത് ഗതാഗതക്കുരുക്കിനു കാരണമായിരുന്നു. ഗതാഗത നിയന്ത്രണത്തിനായി പൂച്ചാക്കൽ, അരൂർ, കുത്തിയതോട് സ്റ്റേഷനുകളിൽ നിന്ന് പുലർച്ചെ മുതൽ 3 സർക്കിൾ ഇൻസ്പെക്ടർമാരും അറുപതിലേറെ പൊലീസുകാരും രംഗത്തുണ്ടായിരുന്നു.
കണ്ണീർമടക്കം
ഹരിപ്പാട് ∙ മോഹങ്ങൾ ബാക്കിയാക്കി യാത്രയായ രാജേഷിന് ആയിരങ്ങൾ അന്ത്യോപചാരമർപ്പിച്ചു. ദേശീയപാതയിൽ നിർമാണം നടത്തുന്നതിനിടെ ഗർഡർ പിക്കപ് വാനിനു മുകളിൽ വീണാണ് പള്ളിപ്പാട് തെക്കേക്കര കിഴക്ക് ജിഷ്ണു ഭവനിൽ രാജപ്പന്റെയും സരസമ്മയുടെയും മകനായ സി.ആർ. രാജേഷ് മരിച്ചത്. വീട് നിർമാണം പൂർത്തിയാക്കണമെന്നും കായംകുളം എംഎസ്എം കോളജിൽ രണ്ടാം വർഷ ഡിഗ്രിക്കു പഠിക്കുന്ന മകൻ ജിഷ്ണുവിനെ മികച്ച ഫുട്ബോൾ കളിക്കാരനാക്കണമെന്നുമുള്ള ആഗ്രഹം രാജേഷിനുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
നാട്ടുകാർക്കും വീട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു രാജേഷ്. നൂറുകണക്കിനാളുകളാണ് അന്ത്യോപചാരം അർപ്പിക്കാൻ വീട്ടിലെത്തിയത്. പള്ളിപ്പാട്ടെ ഓട്ടോറിക്ഷാ ഡ്രൈവർ കൂടിയായ രാജേഷിന്റെ മൃതദേഹം ഹരിപ്പാട് നിന്നു ഓട്ടോറിക്ഷാ തൊഴിലാളികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വിലാപയാത്രയായാണ് വീട്ടിലെത്തിച്ചത്. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ ഉയർന്ന ഭാര്യയുടെയും മക്കളുടെയും ബന്ധുക്കളുടെയും വിലാപം കൂടിനിന്നവരുടെ കണ്ണുകളെയും ഇൗറനണയിച്ചു.
രമേശ് ചെന്നിത്തല എംഎൽഎ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോൺ തോമസ്, എ.ശോഭ, കെ.ജി.സന്തോഷ്, യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, സിപിഐ ദേശീയ കൗൺസിൽ അംഗം ടി.ടി.ജിസ്‌മോൻ, ജില്ലാ സെക്രട്ടറി എസ്.സോളമൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. കാർത്തികേയൻ, ഹരിപ്പാട് മണ്ഡലം സെക്രട്ടറി സി.വി.രാജീവ്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സത്യപാലൻ, ഏരിയ സെക്രട്ടറി സി.പ്രസാദ്, ബിജെപി കർഷക മോർച്ച ജില്ലാ പ്രസിഡന്റ് പ്രണവം ശ്രീകുമാർ, പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ആർ.രഞ്ജിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ് വർഗീസ്, കെ.കെ.സുരേന്ദ്രനാഥ്, ആർ.കെ.സുധീർ, കീച്ചേരി ശ്രീകുമാർ, അനിൽ തോമസ് തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. English Summary:
Highway girders fall disrupting traffic on the national highway. The incident led to significant traffic delays and a complex removal operation, impacting commuters and local residents. |
|