കൊച്ചി നഗരത്തിന്റെ ഏതാണ്ട് 35% പ്രദേശത്തും ജലവിതരണം നടത്തുന്ന തമ്മനം ഭൂതല ജലസംഭരണിയിലെ വിള്ളൽ രണ്ടു ദിവസമായി നഗരത്തെ ഗുരുതര പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തകരാർ എങ്ങനെ ശാശ്വതമായി പരിഹരിക്കുമെന്നതിന് ഇതുവരെ വ്യക്തതയില്ലാത്തതു പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. പതിനായിരക്കണക്കിന് ആളുകൾക്കു ശുദ്ധജലത്തിന് ഇതല്ലാതെ മറ്റൊരു വഴിയില്ലാത്ത സാഹചര്യത്തിൽ ജലവിതരണം പൂർണതോതിൽ പുനരാരംഭിക്കാൻ ഒട്ടും വൈകിക്കൂടാ.
കൊച്ചി നഗരത്തിൽ എളമക്കര മുതൽ പേട്ടവരെയുള്ള പ്രദേശങ്ങളിലും ചേരാനല്ലൂർ, ചിറ്റൂർ മേഖലകളിലുമാണു ജലവിതരണം പ്രതിസന്ധിയിലായിരിക്കുന്നത്. ഇന്നലെ ചെറിയതോതിൽ ജലവിതരണം പുനരാരംഭിച്ചിട്ടുണ്ടെങ്കിലും കൊച്ചിപോലൊരു വലിയ നഗരത്തിൽ അതുകൊണ്ട് എന്താവാൻ? പേട്ട ഭാഗത്തേക്കുള്ള പമ്പിങ്ങാണു ഭാഗികമായി പുനരാരംഭിച്ചത്. വെള്ളം എത്താത്ത സ്ഥലങ്ങളിൽ ടാങ്കറിൽ വെള്ളം എത്തിക്കാനും തീരുമാനമുണ്ട്. എന്നാൽ, എത്ര ടാങ്കർ വെള്ളം എത്തിച്ചാലും അതു നഗരത്തിനു മതിയാവില്ലെന്നും തീരുമാനം അപ്രായോഗികമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് 1.35 കോടി ലീറ്റർ ജലസംഭരണ ശേഷിയുള്ള ടാങ്കിന്റെ ഭിത്തിപൊട്ടി വൻശബ്ദത്തോടെ വെള്ളം ചോർന്നുതുടങ്ങിയത്. ഉടനെ പരിസരമാകെ വെള്ളത്തിൽ മുങ്ങുകയായിരുന്നു. ടാങ്കിന്റെ 2 അറകളിൽ ഓരോന്നിലും 67.5 ലക്ഷം ലീറ്റർവീതം വെള്ളം ശേഖരിക്കാം. ഇതിൽ ഒരു അറയുടെ ഒരുവശത്തെ അടിത്തറ താഴ്ന്നതാണു വിള്ളലിനു കാരണം. രണ്ട് അറകളും പരസ്പരബന്ധിതമായതിനാൽ, സംഭരിച്ചിരുന്ന 1.15 കോടി ലീറ്റർ വെള്ളവും ഒഴുകിപ്പോയി. വെള്ളം കുത്തിയൊലിച്ച് 10 വീടുകൾക്കു ഭാഗികനാശം നേരിട്ടു. ഒട്ടേറെ വാഹനങ്ങൾക്കു കേടുപാടു സംഭവിച്ചിട്ടുമുണ്ട്. ആകെ 12.50 ലക്ഷം രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നു.
- ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
- എന്തുകൊണ്ട് ചെങ്കോട്ട? സംഭവിച്ചത് ‘ഗ്രാജ്വേറ്റഡ് ടാർഗെറ്റിങ്\“?; 2000ത്തിൽ ലഷ്‌കർ നടത്തിയതിന്റെ ആവർത്തനമോ?
- പ്രകൃതിയുടെ സൗജന്യം ജീവന്റെ വിലയുള്ള വായു; ആർഭാടത്തിന്റെ പണം അത്യാവശ്യത്തിനു നൽകാം
MORE PREMIUM STORIES
ആലുവയിൽ പെരിയാറിൽനിന്നു പമ്പ് ചെയ്യുന്ന വെള്ളം തമ്മനത്തെ ടാങ്കിൽ സംഭരിച്ച് അവിടെനിന്നു ബൂസ്റ്റർ പമ്പിങ് നടത്തിയാണു ജലവിതരണ പൈപ്പുകളുടെ അവസാനഭാഗങ്ങളിൽ എത്തിക്കുന്നത്. ഇൗ പ്രദേശങ്ങളിലാണു വെള്ളമില്ലാത്തത് വലിയ പ്രശ്നമാവുന്നത്. ജലവിതരണം പൂർണതോതിൽ പരിഹരിക്കാനായില്ലെങ്കിൽ, ശുദ്ധജലത്തിനായി കിണറുകളോ കുളങ്ങളോ ആശ്രയിക്കാനില്ലാത്ത നഗരത്തിൽ വരുംദിവസങ്ങളിൽ കുടിവെള്ള വിതരണം ഗുരുതര പ്രതിസന്ധിയിലാവും. ഫ്ലാറ്റുകൾ, ബഹുനില മന്ദിരങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ, ഹോട്ടലുകൾ തുടങ്ങി ആയിരക്കണക്കിനു കെട്ടിടങ്ങളാണ് ഇൗ മേഖലയിലുള്ളത്. നിലവിലെ ജലവിതരണം പോലും അപര്യാപ്തമായ സാഹചര്യത്തിലാണ് പുതിയ പ്രതിസന്ധി.
തമ്മനം, എളംകുളം, മരട്, പെരുമാനൂർ, പച്ചാളം ടാങ്കുകളിൽ വെള്ളം സംഭരിച്ചാണു നഗരത്തിൽ ജലവിതരണം. ഇടുക്കി ജലവൈദ്യുതി നിലയത്തിൽ ജനറേറ്റർ അറ്റകുറ്റപ്പണി മൂലം മൂവാറ്റുപുഴയാറിലേക്കു തുറന്നുവിടുന്ന വെള്ളത്തിന്റെ അളവിൽ കുറവുവന്നിട്ടുണ്ട്. ഇതുമൂലം പിറവം പാഴൂരിൽനിന്നുള്ള പമ്പിങ് കുറഞ്ഞു. ഇതിനിടയിലാണു തമ്മനം ടാങ്ക് പൊട്ടിയതുമൂലമുള്ള പ്രതിസന്ധികൂടി ഉണ്ടായിരിക്കുന്നത്.
തമ്മനത്തു പൊട്ടിയ ടാങ്ക് 1984–85 കാലത്തു നിർമിച്ചതാണ്. 40–50 വർഷമാണു കോൺക്രീറ്റ് വാട്ടർ ടാങ്കിന്റെ കാലാവധി എന്നതിനാൽ പുതിയ ടാങ്ക് നിർമിക്കുകയാവും ഉചിതം. ഇക്കാര്യത്തിൽ എത്രയും വേഗം സർക്കാർ തീരുമാനമെടുക്കേണ്ടതുണ്ട്. ജലവിതരണം സംബന്ധിച്ച സമാന പ്രതിസന്ധിവേളകളിൽ നമ്മുടെ പല നഗരങ്ങളിലും പകരം സംവിധാനം ഏർപ്പെടുത്താതെയും പ്രശ്നപരിഹാരം വൈകിച്ചുമുള്ള ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ, കൊച്ചി നഗരത്തിലെ ജനജീവിതത്തെ ബാധിക്കുന്ന ഇപ്പോഴത്തെ ജലവിതരണ പ്രതിസന്ധി എത്രയുംവേഗം പൂർണമായി പരിഹരിക്കേണ്ടതുണ്ട്. ഉൗഹിക്കാവുന്നതിലുമേറെയാണ് ഇതിന്റെ വ്യാപ്തി എന്നതിനാൽ സർക്കാരിന്റെ ഉന്നതതല ഏകോപനം ഉണ്ടെങ്കിലേ കാര്യങ്ങൾ വേഗത്തിൽ നടക്കൂ. English Summary:
Kochi water crisis: The water supply disruption in Kochi due to the Thammanam tank leak requires immediate attention and a sustainable solution. Thousands are affected, emphasizing the urgency for complete restoration and infrastructure improvements to prevent future crises. |
|