തിരുവനന്തപുരം ∙ രണ്ടേമുക്കാൽ കോടിയിലേറെ വോട്ടർമാർ, മുക്കാൽലക്ഷത്തിലേറെ സ്ഥാനാർഥികൾ, കാൽലക്ഷത്തോളം വാർഡുകൾ, മുപ്പതിനായിരത്തിലേറെ പോളിങ് സ്റ്റേഷനുകൾ. സ്ഥാനാർഥിയെ നിശ്ചയിച്ച് പത്രിക നൽകാൻ പാർട്ടികൾക്കും സ്വതന്ത്രർക്കും മുന്നിലുള്ളത് 10 നാൾ. പിന്നെ രണ്ടാഴ്ച കഴിഞ്ഞാൽ വോട്ടെടുപ്പും പിന്നാലെ വോട്ടെണ്ണലും. ഒരുമാസംകൊണ്ട് വോട്ടെടുപ്പു നടപടി പൂർത്തിയാക്കി പഞ്ചായത്തിലേക്കും മുനിസിപ്പാലിറ്റിയിലേക്കും കോർപറേഷനിലേക്കും പുതിയ അംഗങ്ങളെ എത്തിക്കാൻ കേരളം ഇതാ ഇലക്‌ഷൻ മോഡിലേക്ക്. ഗ്രാമ, നഗരങ്ങളെല്ലാം ഇനി തിരഞ്ഞെടുപ്പുത്സവത്തിന്റെ ആവേശത്തിലേക്ക്.
- Also Read നിർണായകം വനിതാ വോട്ടർമാർ; സ്ഥാനാർഥിയാകാനുള്ള യോഗ്യത എന്ത് ? വോട്ടു ചെയ്യാൻ ഈ രേഖകൾ മതി
ആ തിരഞ്ഞെടുപ്പല്ല ഈ തിരഞ്ഞെടുപ്പ്
- Also Read ‘വിവിധ മുന്നണികളിലുള്ള പാർട്ടികൾ യുഡിഎഫിനെ സമീപിച്ചു, തീരുമാനം വളരെ പെട്ടെന്ന്; എനിക്ക് ആരോടും വിരോധമില്ല’
പുതിയ വോട്ടർമാർ ഓർക്കുക. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പോലെയല്ല തദ്ദേശ തിരഞ്ഞെടുപ്പ്. കോർപറേഷനുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും ഒരു സ്ഥാനാർഥിയെയാണ് വോട്ടർ തിരഞ്ഞെടുക്കേണ്ടതെങ്കിൽ ത്രിതല പഞ്ചായത്തുകളിലേക്ക് 3 പേർക്കു വോട്ടു ചെയ്യണം. ഗ്രാമപഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമാണ് വോട്ടു ചെയ്യേണ്ടത്. ഇതിനായി 3 മെഷീനുകളുണ്ടാകും.
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
ആകെയുള്ള 33,746 പോളിങ് സ്റ്റേഷനുകളിൽ ഗ്രാമ– ബ്ലോക്ക്– ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്കുള്ള വോട്ട് രേഖപ്പെടുത്തുന്നതിന് 28,127, മുനിസിപ്പാലിറ്റികൾക്ക് 3604, കോർപറേഷനുകൾക്ക് 2015 വീതം പോളിങ് സ്റ്റേഷനുകളുണ്ടാകും. 50,693 കൺട്രോൾ യൂണിറ്റുകളും 1,37,922 ബാലറ്റ് യൂണിറ്റുകളും തയാറാക്കിയിട്ടുണ്ട്. ഒരു ബാലറ്റ് യൂണിറ്റിൽ പരമാവധി 15 സ്ഥാനാർഥികളുടെ പേരും ചിഹ്നവുമാണു രേഖപ്പെടുത്താനാകുക. പതിനഞ്ചിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ അധിക യൂണിറ്റ് സജ്ജമാക്കും.
- Also Read 5 വർഷമായിട്ടും ‘ചെലവ്’ കൂട്ടിയില്ല; സ്ഥാനാർഥികൾ ‘ടൈറ്റ്’ ആവും, കീശയിൽ നിന്നെടുത്ത് വീശിയാൽ വിലക്ക്
ചെലവഴിക്കാം, ഒന്നരലക്ഷം വരെ
- Also Read തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് പദ്ധതികൾക്ക് കൂട്ടത്തോടെ അനുമതി നൽകി സർക്കാർ
സ്ഥാനാർഥികൾക്കു പരമാവധി ചെലവഴിക്കാവുന്ന തുക പഞ്ചായത്തിൽ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 75,000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപറേഷനിലും 1,50,000 രൂപയുമാണ്. സ്ഥാനാർഥികളുടെ ചെലവുകണക്ക് ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കു നൽകണം. ഇല്ലെങ്കിൽ 5 വർഷത്തേക്ക് അയോഗ്യരാക്കും. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിക്കും. വൈകിട്ട് 6ന് പൂർത്തിയാക്കും. വൈദ്യുതി, വെള്ളം, റാംപ്, വിശ്രമിക്കുന്നതിനുള്ള സൗകര്യം എന്നിവ ഉറപ്പാക്കും.
- Also Read സംവിധായകൻ വി.എം.വിനു മേയർ സ്ഥാനാർഥി? കോഴിക്കോട്ട് സർപ്രൈസ് നീക്കവുമായി കോൺഗ്രസ്
കഴിഞ്ഞ മാസം 25നു പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയനുസരിച്ച് ആകെ വോട്ടർമാർ 2.84 കോടിയാണ്. 1.34 കോടി പുരുഷന്മാരും 1.50 കോടി സ്ത്രീകളും 281 ട്രാൻസ് ജെൻഡേഴ്സും. പ്രവാസി പട്ടികയിൽ 2,484 പുരുഷന്മാരും 357 സ്ത്രീകളും ഉൾപ്പെടെ ആകെ 2841 വോട്ടർമാർ. നവംബർ 4, 5 തീയതികളിൽ വോട്ടുചേർത്തവരെക്കൂടി ഉൾപ്പെടുത്തി സപ്ലിമെന്ററി പട്ടിക 14നു പ്രസിദ്ധീകരിക്കും.
- Also Read ഭരിക്കാൻ അവസരം ചോദിച്ച് ബിജെപി, ഇന്ദിരാഭവന്റെ ‘മുറ്റത്ത്’ ശ്രീലേഖ; ശാസ്തമംഗലം സുരേഷ് ഗോപിയുടെയും ശബരീനാഥന്റെയും വാർഡ്
ഇവ തിരിച്ചറിയൽ രേഖകൾ
∙കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്ന് 6 മാസത്തിനു മുൻപു നൽകിയതും ഫോട്ടോ പതിച്ചതുമായ പാസ് ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ തിരിച്ചറിയൽ രേഖ, ആധാർ കാർഡ് എന്നിവ വോട്ടു ചെയ്യുന്നതിനു ഹാജരാക്കാം.
വോട്ടർക്കായി സോഫ്റ്റ്‌വെയർ
∙വോട്ടർപട്ടികയ്ക്കായി ഇലക്ടറൽ റോൾ മാനേജ്മെന്റ് സിസ്റ്റം (Electoral Roll Management System), തിരഞ്ഞെടുപ്പു ഡ്യൂട്ടികൾക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾക്ക് ഇ–ഡ്രോപ് (e-Drop), വോട്ടെണ്ണലിനായി ട്രെൻഡ് (TREND), ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, വരണാധികാരി, സെക്ടറൽ ഓഫിസർ, പ്രിസൈഡിങ് ഓഫിസർ എന്നിവർക്കു പോളിങ് ദിവസവും തലേന്നും മോണിറ്ററിങ്ങിനായി പോൾ മാനേജർ (Poll Manager), സ്ഥാനാർഥികൾക്കു നോമിനേഷൻ മാനേജ്മെന്റ് സിസ്റ്റം (Nomination Management System) ഇവിഎം ട്രാക്കിങ് (EVM Tracking) എന്നീ ഐടി ആപ്ലിക്കേഷനുകൾ ലഭ്യമാണ്.
വോട്ടെടുപ്പിന് അവധി
∙വോട്ടെടുപ്പു ദിവസം എല്ലാ സർക്കാർ, പൊതുമേഖലാ ജീവനക്കാർക്കും അവധി അനുവദിക്കും. സ്വകാര്യ മേഖലയിലെ വ്യാപാര, വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധിയോ വോട്ടു ചെയ്യുന്നതിനുള്ള അനുമതിയോ നൽകണം. English Summary:
Kerala local body elections are upcoming: Kerala local body elections are upcoming, with a large voter base preparing to elect representatives for panchayats, municipalities, and corporations. The election process involves multiple voting machines for different levels of local government, and candidates must adhere to spending limits. |