search

മെസ്സി എന്നു കേട്ടാലോ മന്ത്രിക്കു വരും ‘മറ്റേ ഭാഷ’

cy520520 5 hour(s) ago views 317
  



അർജന്റീനയുടെ ഇതിഹാസതാരം മെസ്സി കേരളത്തിലേക്കു വരുന്ന കാര്യം ആരെങ്കിലും പറയുന്നതു കേട്ടാൽ സാധാരണ ഫുട്ബോൾപ്രേമിപോലും ഒരുനിമിഷം കാതോർക്കും. നമ്മുടെ സ്പോർട്‌സ് മന്ത്രി അബ്‌ദുറഹിമാനും അങ്ങനെയായിരുന്നു. പക്ഷേ, ഇപ്പോൾ ആകെ തലതിരിഞ്ഞ മട്ടാണ്. രണ്ടു കൊല്ലമായി ഊണിലും ഉറക്കത്തിലും മെസ്സി വരുന്നു എന്നു പുലമ്പിക്കൊണ്ടിരുന്ന ആളാണിപ്പോൾ ആ പേരു കേൾക്കുമ്പോഴേ കൺട്രോൾ പോയി പറയുന്നവരുടെ നേരെ തട്ടിക്കയറുന്നത്.

  • Also Read ലയണൽ മെസ്സിയുടെ ഇന്ത്യ സന്ദർശനം: ഹൈദരാബാദും വേദി; ഡിസംബർ 13ന് എത്തുമെന്ന് സംഘാടകർ   


പാവം മെസ്സി, ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുണ്ടെന്നു പറഞ്ഞിട്ടെന്തു കാര്യം? തന്റെ പേരു കേൾക്കുമ്പോഴേ കലി തുള്ളുന്നൊരു കായികമന്ത്രി ഭൂമിമലയാളത്തിൽ ഉണ്ടെന്നറിഞ്ഞാൽ കക്ഷി വല്ല കടുംകയ്യും ചെയ്തുകളയുമോ എന്നാണ് പേടി. ‘തന്നോടു മറുപടി പറയാൻ മറ്റേ ഭാഷ വേണം’ എന്നാണ് കഴിഞ്ഞദിവസം മെസ്സി വരുന്ന കാര്യം ചോദിച്ച മാധ്യമപ്രവർത്തകനോടു മന്ത്രി ശുണ്‌ഠിയെടുത്തത്. ചാനലുകാരുടെ മൈക്ക് തട്ടിത്തെറിപ്പിക്കുക തുടങ്ങിയ കൈക്രിയകളും നടന്നുപോലും. ഫുട്ബോൾ കളിക്കിടെയാണെങ്കിൽ മറ്റേ ഭാഷ റഫറിയോടോ കളിക്കാരോടോ കാണികളോടോ പറഞ്ഞാൽ ചുവപ്പുകാർഡാണ്. മന്ത്രി കളിക്കുന്നതു രാഷ്ട്രീയക്കളിയാണ്. ഏതു ഫൗളും ആവാം.

  • Also Read അർജന്റീനയ്ക്കൊപ്പം ബ്രസീലും വരുമായിരുന്നോ? പഴി കേൾപ്പിച്ചത് ആരാണ്? മുംബൈ ആയിരുന്നോ പ്രതീക്ഷ? അവർ ചാടി, സ്പൈക്കില്ലാതെ മുളങ്കമ്പിൽ കുത്തി!   


മെസ്സി കേരളത്തിൽ വരുമെന്നു പറഞ്ഞ് 2023 ജൂണിൽ മന്ത്രി ഒറ്റയ്ക്കു തുടങ്ങിവച്ച കളി ഇക്കൊല്ലം ഓഗസ്റ്റ് നാലിനു മെസ്സി വരില്ല എന്നു പ്രഖ്യാപിച്ച് മന്ത്രിതന്നെ നിർത്തിയതായിരുന്നു. നവംബറിൽ മെസ്സി വരും എന്നു പറഞ്ഞു രണ്ടാമതും കുത്തിയിളക്കിയതാണ് വിനയായത്. ശരിയെന്നു മുഖ്യമന്ത്രിയടക്കം സമൂഹമാധ്യമത്തിൽ പോസ്‌റ്റിട്ടതോടെ പലരും വിശ്വസിച്ചു. നടക്കില്ലെന്ന് അറിഞ്ഞുതന്നെ വീണ്ടും പറ്റിക്കുകയായിരുന്നു എന്നതു നാൾക്കുനാൾ എല്ലാവർക്കും ഏതാണ്ടു ബോധ്യപ്പെട്ടുവരുന്നുണ്ട്. അതിന്റെ എരിപൊരി സഞ്ചാരമാവണം ഇപ്പോൾ മന്ത്രിക്ക്.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കൊച്ചിയിലെ ജിസിഡിഎ സ്‌റ്റേഡിയത്തിനു ഫിഫയുടെ സുരക്ഷാ അനുമതി കിട്ടിയില്ലെന്നതാണ് മെസ്സിയും അർജന്റീന ടീമും വരാത്തതിന് ഒടുവിൽ കണ്ടെത്തിയ ന്യായം. ‌സ്റ്റേഡിയത്തിന്റെ കുഴപ്പം പറഞ്ഞ് കേരളത്തിൽനിന്നു ഫിഫ ആസ്‌ഥാനത്തേക്ക് ആരൊക്കെയോ മെയിൽ അയച്ചുപോലും. പണ്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിക്ക് ഐക്യരാഷ്ട്രസംഘടനയുടെ പുരസ്‌കാരം ലഭിച്ചപ്പോൾ ഇതുപോലൊരു പോക്കണംകേട് നടന്നതോർക്കുന്നു. ബഹുമതി നൽകരുതെന്നാവശ്യപ്പെട്ട് യുഎൻ ആസ്‌ഥാനത്തേക്കു കേരളത്തിന്റെ ഇടത് ‘അത്യുദയ’കാംക്ഷികൾ സംഘടിതമായി സന്ദേശമയച്ചു. മോഡസ് ഓപ്പറാൻഡി രണ്ടിലും ഒന്നായതുകൊണ്ട് ഇത്തവണത്തെ കള്ളക്കളിക്കു പിന്നിലും അതേ ടീം തന്നെ ആയിരിക്കുമോ എന്നു സംശയിക്കണം. ഭരണത്തിന്റെ ഹാഫ് ടൈം കഴിഞ്ഞ് പോസ്‌റ്റ് അന്യോന്യം മാറിയതോർക്കാതെ അടിച്ചത് സെൽഫ് ഗോൾ ആയതാവുമോ?

മെസ്സി വരില്ലെങ്കിലും കായികമന്ത്രി തന്റെ സംരക്ഷണയിലുള്ള സ്പോർട്‌സ് കേരള ഫൗണ്ടേഷൻ വഴി ഇരുചെവിയറിയാതെ സ്‌റ്റേഡിയം സ്വകാര്യ സ്പോൺസറെ ഏൽപിച്ച് ഉത്തരവാദിത്തം നിറവേറ്റി എന്നൊരു പേരുദോഷം പരക്കുന്നുണ്ട്. ദേവസ്വം ബോർഡ് ശബരിമലയിലെ സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഏൽപിച്ച അതേ മോഡസ് ഓപ്പറാൻഡി ആണെന്നൊക്കെയാണ് പ്രചാരണം. അല്ലെങ്കിലും നാട്ടുകാർക്ക് എന്താണ് പറഞ്ഞുകൂടാത്തത്?

മെസ്സിയുടെ മുഴുവൻ പേര് ലയണൽ മെസ്സി എന്നാണ് കേട്ടിട്ടുള്ളത്. ലിയോ എന്ന വിളിപ്പേരും പ്രസിദ്ധമാണത്രേ. അറിയാനുള്ള ആഗ്രഹം അടക്കാൻ പറ്റാത്തതുകൊണ്ട് കക്ഷി വരുന്ന കാര്യം നമുക്ക് മന്ത്രിയോട് വീണ്ടും ചോദിക്കാതിരിക്കാൻ കഴിയില്ല. മെസ്സി എന്നു കേൾക്കുമ്പോഴുള്ള കക്ഷിയുടെ മനസ്സിലെ ബുദ്ധിമുട്ട് ഒഴിവാക്കുകയുംവേണം. അതുകൊണ്ട് ഒന്നുകൂടി ചോദിക്കുകയാണ് ‘വരുമോ ലിയോയും ടീമും എന്നെങ്കിലും കേരളത്തിൽ?’. മറുപടി ‘മറ്റേഭാഷ’യിൽ ആയാലും ഒരു വിരോധവുമില്ല.

അതിദാരിദ്ര്യം മാറി സിപിഐ

കേരളപ്പിറവി ദിനം പിറന്നതോടെ നാട്ടിലെ അതിദാരിദ്ര്യം മാറി സമൃദ്ധി നിറഞ്ഞു തുളുമ്പിത്തുടങ്ങിയെന്നൊക്കെ സർക്കാർ പറയുന്നെങ്കിലും പലരും അത്ര വിശ്വസിച്ചിട്ടില്ല. പക്ഷേ, ഇതിനിടയിൽ ഒരു കാര്യം നടന്നത് കാണാതെ പോകരുത്. കാലങ്ങളായി ഇടതുമുന്നണിയിൽ അവഗണനയുടെ അതിദാരിദ്ര്യത്തിൽ മുങ്ങിത്താഴുകയായിരുന്ന സിപിഐ തൽക്കാലം ദാരിദ്ര്യരേഖയിൽനിന്നു പിടിച്ചുകയറി. തൃശൂർ പൂരം കലക്കൽ, എഡിജിപിയുടെ ആർഎസ്എസ് ബന്ധം തുടങ്ങി പല വൈക്കോൽത്തുരുമ്പുകളും നേരത്തേ വീണുകിട്ടിയിരുന്നു. പക്ഷേ, അന്നെല്ലാം രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴൊക്കെ വീണ്ടും ചവിട്ടിത്താഴ്ത്തുകയായിരുന്നു സിപിഎം. ഏതായാലും പിഎം ശ്രീ വഴി അപമാനത്തിൽനിന്നു താൽക്കാലിക മോചനത്തിനു വഴിയൊരുക്കിയതിനു പാർട്ടി നരേന്ദ്ര മോദിക്കും പറയണം നന്ദി.

അന്തിമതീരുമാനങ്ങൾ പിണറായി വിജയൻ എടുക്കുന്ന സിപിഎമ്മിൽ പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി നിസ്സഹായനാണെന്ന് ആദ്യം കുത്തിത്തിരിപ്പുണ്ടാക്കിയ ആളാണ് സിപിഐ നേതാവ് കെ.പ്രകാശ് ബാബു. മുഖ്യമന്ത്രി പിഎം ശ്രീ പദ്ധതി പരണത്തുവച്ചു കീഴടങ്ങിയതോടെ ബാബു കരണം മറിഞ്ഞ് ബേബിക്കു നന്ദി പറഞ്ഞത് പക്ഷേ, കടുത്ത പൂഴിക്കടകനായിപ്പോയി. മധുരിച്ചിട്ടു തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യാതെ ആ നന്ദി ബേബിയുടെ തൊണ്ടയിൽ കുടുങ്ങിക്കിടക്കുകയാണ്. കീഴ്പോട്ടും മേൽപോട്ടും ഉഴിയാൻ പറ്റാത്ത മുള്ളുള്ള ചില ചെടികളുണ്ട്. പ്രകാശ് ബാബു അതിന്റെ കൃഷി ചെയ്താൽ നൂറുമേനിയായിരിക്കും വിളവ്. ഏതായാലും സിപിഐ നേതാക്കൾ സഹോദരങ്ങളെപ്പോലെയാണെന്ന് സന്ദർഭത്തിനൊത്തുയർന്ന് ബേബി ക്ഷമിച്ചിട്ടുണ്ട്.

അല്ലെങ്കിലും ‘സോദരർ തമ്മിലെ പോരൊരു പോരല്ല, സൗഹൃദത്തിന്റെ കലങ്ങിമറിയലാം’ എന്ന കവിത പണ്ടേ മനസ്സിൽ കൊണ്ടുനടക്കുന്ന ആളാണ് കക്ഷി.

ഹാർഡ് കോർ കമ്മിറ്റി

ആളു കൂടിയാൽ പാമ്പു ചാവില്ല എന്നൊരു പഴഞ്ചൊല്ലുണ്ട്. പാമ്പിനെ തല്ലിക്കൊന്നാൽ ആരും ചോദിക്കാനില്ലാതിരുന്ന കാലത്തേതാണ്. പാർട്ടി ഹൈക്കമാൻഡ് ഇടപെട്ട് കേരളത്തിലെ കോൺഗ്രസിന്റെ കാര്യങ്ങൾ തീരുമാനിക്കാൻ 17 പേരുടെ കോർ കമ്മിറ്റി ഉണ്ടാക്കിയത് ഈ ചൊല്ലിന്റെ ഗുണപാഠം തിരിച്ചറിഞ്ഞാണെന്നു പറയുന്നു. രാഷ്ട്രീയകാര്യ സമിതിയായിരുന്നു പഴയ കോർ കമ്മിറ്റി. പുനഃസംഘടിപ്പിച്ചപ്പോൾ ആളു കൂടി 39 ആയി. അതിനും മുകളിലാണ് പുതിയതിന്റെ പവർ എന്നതിനാൽ ‘ഹാർഡ് കോർ കമ്മിറ്റി’ എന്നു വിളിച്ചാലും തെറ്റില്ല. ഹൈക്കമാൻഡ് നിയമിച്ച ഹാർഡ് കോർ കമ്മിറ്റി എന്നൊക്കെ കേൾക്കുമ്പോൾ പ്രാസത്തിന്റെ സൗന്ദര്യവുമുണ്ട്.

പ്രസിഡന്റ്, 3 വർക്കിങ് പ്രസിഡന്റുമാർ, ട്രഷറർ, 13 വൈസ് പ്രസിഡന്റുമാർ, 59 ജനറൽ സെക്രട്ടറിമാർ എന്നിങ്ങനെ നിലവിലെ ഭാരവാഹികൾ തന്നെ 30 മുറികളുള്ള കെപിസിസി ആസ്‌ഥാന മന്ദിരത്തിൽ നിന്നുതിരിയാനിടമില്ലാതെ ശ്വാസം മുട്ടുകയാണു പോലും. കുറഞ്ഞത് 150 കെപിസിസി സെക്രട്ടറിമാരെങ്കിലും ഇനി വന്നേക്കുമെന്ന ഭീഷണി കാത്തിരിക്കുന്നു. മുറികൾ ഇടിച്ചുകളഞ്ഞ് ന്യൂ ജെൻ ഓഫിസുകളുടെ മാതൃകയിൽ വർക് സ്റ്റേഷനുകൾ ആക്കാവുന്നതാണ്. അടക്കം പറയാൻ മുറികൾ ഇല്ലെങ്കിൽ രഹസ്യചർച്ചകൾ നിലയ്ക്കും. മെച്ചം പലതാണ്. ഷീറ്റിട്ട താൽക്കാലിക മേൽക്കൂരകൾക്കു നികുതി ഇളവ് സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. ഈ അവസരം മുതലാക്കി പരമാവധി താൽക്കാലിക മേൽക്കൂരകൾ പണിയുന്നതും ബുദ്ധിയാണ്. ഭരണം കിട്ടിയാൽ ബാക്കി അപ്പോൾ നോക്കാം.

സ്‌റ്റോപ് പ്രസ്

ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ ജയിലിൽനിന്നു വിടുന്നതിൽ അഭിപ്രായമാരാഞ്ഞ് സൂപ്രണ്ടുമാർക്ക് ജയിൽ വകുപ്പ്

മേധാവിയുടെ കത്ത്.

ജയിലിൽ ലഹരിക്കടത്തും വിൽപനയും ഒക്കെയായി സർവസ്വാതന്ത്ര്യമായതിനാൽ അതു കൈവിട്ട് പുറത്തിറങ്ങാൻ താൽപര്യമുണ്ടോ എന്ന് അവരോട് അഭിപ്രായം ചോദിച്ചിട്ടു മതിയായിരുന്നു. English Summary:
Aazhchakurippukal: Messi\“s Kerala visit has sparked controversy involving the Sports Minister. The minister\“s reaction to questions about Messi has led to criticism. The situation highlights political tensions and public disappointment regarding the potential visit.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156232