ചെന്നൈ ∙ ഭൂഗർഭജലത്തിന്റെ അമിത ചൂഷണം നഗരത്തിലെ ഒരു ലക്ഷത്തോളം കെട്ടിടങ്ങളെ അപകടാവസ്ഥയിലാക്കിയതായി പഠന റിപ്പോർട്ട്. രാജ്യാന്തര ശാസ്ത്ര മാസികയായ ‘നേച്ചർ സസ്റ്റെയ്നബിലിറ്റി’യുടെ പുതിയ ലക്കത്തിലാണ് ചെന്നൈ നഗരം നേരിട്ടേക്കാവുന്ന വിപത്തിനെക്കുറിച്ചു പറയുന്നത്. ഭൂഗർഭ ജലത്തിന്റെ അമിതോപയോഗം ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഭൂനിരപ്പ് താഴുന്ന പ്രതിഭാസമാണ് (ലാൻഡ് സബ്സിഡൻസ്) കെട്ടിടങ്ങളെ അപകടത്തിലാക്കുന്നത്.ഇന്ത്യയിലെ 5 പ്രധാന നഗരങ്ങളിൽ പഠനം നടത്തി. ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ അപകടത്തിലായ പട്ടണങ്ങളുടെ പട്ടികയിൽ ഡൽഹിക്കു പിറകിൽ രണ്ടാം സ്ഥാനത്താണ് ചെന്നൈ. മുംബൈ, കൊൽക്കത്ത, ബെംഗളൂരു എന്നിവയാണ് മറ്റു നഗരങ്ങൾ. 2015 മുതൽ 2023 വരെയുള്ള ഉപഗ്രഹ – റഡാർ ഡേറ്റകൾ അസ്പദമാക്കിയായിരുന്നു പഠനം.
878 ചതുരശ്ര കിലോമീറ്റർ താഴുന്നു
രാജ്യത്തെ 5 നഗരങ്ങളിലുമായി ഏകദേശം 878 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ഭൂമിയുടെ നിരപ്പ് താഴുന്നതായാണ് കണ്ടെത്തൽ.13 ദശലക്ഷം കെട്ടിടങ്ങളെയും 80 ദശലക്ഷം ജനങ്ങളെയും ബാധിക്കുന്ന അവസ്ഥയാണ് ഇതെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. പ്രതിവർഷം ഭൂനിരപ്പ് താഴുന്നതിന്റെ ശരാശരി നിരക്ക് 4 മില്ലീമീറ്ററിനും മുകളിലാണ്.
എന്നാൽ ചെന്നൈയിൽ ചിലയിടങ്ങളിൽ ഇത് 31.7 മില്ലീമീറ്റർ വരെയാണ്. ഡൽഹിയിൽ ഏതാനും ഇടങ്ങളിൽ പ്രതിവർഷം 51 മില്ലീമീറ്റർ വരെ ഭൂനിരപ്പ് താഴുന്നുണ്ട്. മുംബൈ (26.1 മില്ലീമീറ്റർ), കൊൽക്കത്ത (16.4), ബെംഗളൂരു (6.7) എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിൽ ഭൂനിരപ്പ് താഴുന്നതിന്റെ പരമാവധി അളവ്.ഭൂനിരപ്പ് താഴുന്നതിന്റെ ഭാഗമായി ചെന്നൈ നഗരത്തിലെ 14,249 കെട്ടിടങ്ങൾ സമീപ ഭാവിയിൽ അപകടാവസ്ഥയിലാകും. നഗരത്തിലെ 958 കെട്ടിടങ്ങൾ അതീവ അപകടാവസ്ഥ നേരിടുമെന്നും പറയുന്നു. ഭാവിയിൽ 97,946 കെട്ടിടങ്ങൾ അപകടാവസ്ഥ നേരിടും.
കെകെ നഗർ, തോണ്ടയാർപെട്ട് മേഖലകളെ ബാധിക്കും
ഭൂഗർഭജലത്തിന്റെ അമിത ചൂഷണം മൂലം നഗരത്തിൽ ഭൂനിരപ്പ് ഏറ്റവും കൂടുതൽ താഴുന്നത് കെകെ നഗർ, തൊണ്ടയാർപെട്ട് മേഖലകളിലാണെന്നാണ് കണ്ടെത്തൽ. വൽസരവാക്കം, കോടമ്പാക്കം, ആലന്തൂർ പ്രദേശങ്ങളിലും ഭൂനിരപ്പ് താഴുന്നതു മൂലമുള്ള അപകടാവസ്ഥയുണ്ട്.അഡയാർ നദീതീരത്തോടു ചേർന്നുള്ള നഗര പ്രദേശങ്ങളിൽ മണ്ണിന്റെ തരവും സ്വഭാവവും മാറുന്നതാണ് ഭൂനിരപ്പിൽ അപകടകരമായ താഴ്ചയുണ്ടാകാൻ കാരണമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
നദിയിലൂടെ ഒഴുകിയെത്തുന്ന ചെളിയും എക്കലുമടക്കമുള്ളവ തീരത്തടിയുന്നത് സങ്കോചിക്കുന്നതു മൂലമുണ്ടാകുന്ന പൊള്ളയിടങ്ങളിലേക്ക് സമീപത്തെ മണ്ണ് ഇടിഞ്ഞു താഴുന്നതാണ് അഡയാർ നദിക്കരയിലെ ഭൂനിരപ്പു താഴുന്നതിനു കാരണമെന്നാണു വിദഗ്ധരുടെ കണ്ടെത്തൽ. കുഴൽക്കിണറുകളിലൂടെ അനിയന്ത്രിതമായി ജലമൂറ്റുന്നതിനു പുറമേ മെട്രോ നഗരങ്ങളിലെ വൻ നിർമിതികളുടെ ഭാരവും ഭൂനിരപ്പ് താഴുന്നതിനു കാരണമാണെന്നാണ് വിലയിരുത്തൽ. സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തിയുള്ള നിർമാണ രീതി അവലംബിക്കുകയും നിലവിലുള്ള കെട്ടിടങ്ങളുടെ ബലവും സുരക്ഷയും നിരീക്ഷിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചെന്നു പഠനം തെളിയിക്കുന്നതായി നിർമാണ രംഗത്തെ വിദഗ്ധർ പറയുന്നു. English Summary:
Chennai Land Subsidence: A study reveals that excessive groundwater exploitation is endangering approximately one lakh buildings in Chennai, leading to land subsidence. The phenomenon, where the ground level decreases due to factors like groundwater overuse, poses a significant threat to building stability, with KK Nagar and Tondiarpet being the most affected areas. |
|