പാലക്കാട് ∙ അവകാശികളെ കാത്ത് ജില്ലയിലെ വിവിധ ബാങ്കുകളിലുള്ളത് 126.54 കോടി രൂപയുടെ നിക്ഷേപം. ദേശസാൽകൃത ബാങ്കുകളിലെയും ധനകാര്യ സ്ഥാപനങ്ങളിലെയും 5.76 ലക്ഷം അക്കൗണ്ടുകളിലാണ് ഇത്രയും തുകയുള്ളത്. 10 വർഷത്തിലേറെയായി ഒരു ഇടപാടും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്തതായി കണക്കാക്കുക. റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാണ് ഈ അക്കൗണ്ടുകൾ. രാജ്യത്ത് 1.82 ലക്ഷം കോടി രൂപയും കേരളത്തിൽ 2,133.72 കോടി രൂപയുമാണ് അവകാശികളില്ലാതെ കിടക്കുന്നത്.
നിക്ഷേപകർ മരണപ്പെട്ടാലോ വിദേശത്തുപോയാലോ അക്കൗണ്ടുകളിൽ ഇടപാടുകൾ മുടങ്ങാറുണ്ട്. ഇവരുടെ അനന്തരാവകാശികൾക്കും (ബാങ്ക് നോമിനി) അക്കൗണ്ടിൽ പണമുള്ളതിനെക്കുറിച്ച് അറിവുണ്ടാകില്ല. കോവിഡിനു ശേഷമാണ് അവകാശികളില്ലാത്ത അക്കൗണ്ടുകളുടെ എണ്ണം കൂടിയത്. ഇതോടെ അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കണ്ടെത്താൻ റിസർവ് ബാങ്ക് വെബ് പോർട്ടൽ പുറത്തിറക്കിയിരുന്നു. ഇത്തരം നിക്ഷേപങ്ങൾ അക്കൗണ്ട് ഉടമയ്‌ക്കോ അവകാശികൾക്കോ തിരിച്ചുനൽകാനായി ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പേരിൽ രാജ്യവ്യാപകമായി ക്യാംപെയ്ൻ നടത്തുന്നുണ്ട്.
കണ്ടെത്താൻ ക്യാംപ്
ബാങ്ക് നിക്ഷേപങ്ങളിലെ അവകാശികളെയോ, അനന്തരാവകാശികളെയോ (ബാങ്ക് നോമിനി) കണ്ടെത്താൻ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ നവംബർ മൂന്നിനു രാവിലെ 10നു ജില്ലാ പഞ്ചായത്ത് ഹാളിൽ ക്യാംപ് നടത്തും. അവകാശികളാണെന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ പണം ലഭിക്കുന്നതിനുവേണ്ട നിർദേശങ്ങൾ ലഭിക്കും. ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മ്യൂച്ച്വൽ ഫണ്ട് സ്ഥാപനങ്ങൾ, പെൻഷൻ ഫണ്ടുകൾ, ഫിനാൻഷ്യൽ ലിറ്ററസി സെന്ററുകൾ എന്നിവയുടെ സഹായ കേന്ദ്രങ്ങളുമുണ്ടാകും.
പരിശോധിക്കാം
∙ ബാങ്ക് അക്കൗണ്ടുകൾ: udgam.rbi.org.in എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്യുക. ഹോം പേജിൽ Individual എന്നതിനു താഴെ തിരയേണ്ട അക്കൗണ്ടിന്റെ ഉടമയുടെ പേര് നൽകുക. ഓരോ ബാങ്കും പ്രത്യേകമായോ, എല്ലാ ബാങ്കുകളും ഒരുമിച്ചു തിരഞ്ഞെടുത്തോ സേർച് ചെയ്യാം. Non-Individual ഓപ്ഷൻ വഴി സ്ഥാപനങ്ങളുടെ നിക്ഷേപങ്ങളും ക്ലെയിം ചെയ്യാം.
∙ ഇൻഷുറൻസ്: bimabharosa.irdai.gov.in വെബ്സൈറ്റിലെ Unclaimed money ടാബ് തുറന്ന് ഇൻഷുറൻസ് കമ്പനി തിരഞ്ഞെടുക്കുക. ഉടമയുടെ പേര്, പോളിസി നമ്പർ, ജനന തീയതി, പാൻ നമ്പർ തുടങ്ങിയവ ഉപയോഗിച്ചു തിരയാം.
∙ ഓഹരി / ഡിവിഡന്റ്: തുടർച്ചയായി 7 വർഷത്തോളം ഡിവിഡന്റ് ക്ലെയിം ചെയ്യപ്പെടാത്ത ഓഹരികൾ ഇൻവെസ്റ്റർ എജ്യുക്കേഷൻ ആൻഡ് പ്രൊട്ടക‍്ഷൻ ഫണ്ടിലേക്കു മാറ്റാറുണ്ട്. ഇവ ക്ലെയിം ചെയ്യാനായി iepf.gov.in എന്ന വെബ്സൈറ്റിലെ സേർച് ഫെസിലിറ്റി ഉപയോഗിക്കാം.
∙ മ്യൂച്വൽ ഫണ്ട്: നിക്ഷേപം നടത്തിയ കമ്പനി വെബ്സൈറ്റ് വഴിയോ റജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്റിന്റെ വെബ്സൈറ്റ് വഴിയോ തിരയാം. mfcentral.com എന്ന വെബ്സൈറ്റിലെ ‘മിത്ര’ പേജും ഉപയോഗിക്കാം.
∙ നാഷനൽ പെൻഷൻ സിസ്റ്റം : എൻപിഎസിലെ പോയിന്റ് ഓഫ് പ്രസൻസ് സേവനദാതാവുമായി ബന്ധപ്പെടണം. English Summary:
Unclaimed bank deposits are a significant issue, with substantial amounts lying dormant in bank accounts across Palakkad and Kerala. A campaign is underway to reunite these funds with their rightful owners or heirs. Resources and portals are available to help individuals search for and claim unclaimed investments, including bank accounts, insurance, shares, and mutual funds. |