കോഴിക്കോട് ∙ 18 വർഷം മുൻപ് മനോനില തെറ്റി ഒന്നര വയസ്സുകാരനായ മകനൊപ്പം കോഴിക്കോട് വന്നിറങ്ങിയ ബിഹാർ സ്വദേശിനിയായ മക്കാനി എന്ന ലീലാവതി (55) ഒടുവിൽ സഹോദരങ്ങൾക്കൊപ്പം നാട്ടിലേക്ക്. മാനസികനില വീണ്ടെടുത്ത ശേഷം കോഴിക്കോട് മായനാട് ഗവ. ആശാ ഭവനിൽ കഴിഞ്ഞ മക്കാനിയെ തേടി സഹോദരങ്ങളായ രാംസുന്ദർ, സിമുറ എന്നിവർ എത്തിയതോടെയാണ് നാടിന്റെ തണലിലേക്ക് പുറപ്പെട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ റിട്ട. ഓഫിസറും സാമൂഹിക പ്രവർത്തകനുമായ എം ശിവന്റെ ഇടപെടലാണ് മക്കാനിയെ ബന്ധുക്കളിലേക്ക് എത്തിച്ചത്. നിലമ്പൂരിൽ ജോലി ചെയ്യുന്ന മകൻ ആനന്ദിനെ കണ്ട ശേഷമാണ് ഇവർ നാട്ടിലേക്ക് തിരിച്ചത്.
2007ലാണ് കൈക്കുഞ്ഞുമായി അലഞ്ഞുനടന്ന യുവതിയെ ടൗൺ പൊലീസ് ഇടപെട്ട് കോഴിക്കോട് കുതിരവട്ടത്തെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കുട്ടിയെ കോഴിക്കോട്ടെ കുട്ടികളുടെ ഹോം ആൻഡ് കെയർ സെന്ററിലേക്കും പിന്നീട് വയനാട് ചിൽഡ്രൻസ് ഹോമിലേക്കും മാറ്റി. ഇതിനിടെ മാനസികനില വീണ്ടെടുത്ത മക്കാനിയെ ഗവ. ആശാ ഭവനിൽ എത്തിച്ചു. ദിവസങ്ങൾക്ക് മുൻപ് ആശാ ഭവൻ സന്ദർശിച്ച എം ശിവനോട് മക്കാനി ബിഹാർ ഭാബുവ ജില്ലയിലെ കുദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വീടെന്ന് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് കുദ്ര പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുകയും അവർ അന്വേഷിച്ച് ബന്ധുക്കളെ കണ്ടെത്തുകയുമായിരുന്നു. നാട്ടിൽ മാതാവും സഹോദരങ്ങളും ഉണ്ടെന്നും ഭർത്താവ് മറ്റൊരു വിവാഹം ചെയ്‌തെന്നും പൊലീസിൽനിന്ന് വിവരം ലഭിച്ചു.
മകന്റെ നമ്പർ തേടി ബന്ധപ്പെട്ടപ്പോൾ ആലപ്പുഴയിലെ തുറവൂർ റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിങ് അറ്റൻഡറായി ജോലി ചെയ്തു വരുകയാണെന്നറിഞ്ഞു. ഇപ്പോൾ മലപ്പുറം നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ ഇതേ ജോലിയിലാണ്. അടുത്തിടെ ജോലിയിൽ കയറിയതിനാൽ ഇപ്പോൾ മാതാവിനൊപ്പം ബിഹാറിലേക്ക് പോകുന്നില്ലെന്നും ഏതാനും മാസങ്ങൾക്ക് ശേഷം പുറപ്പെടുമെന്നും അറിയിച്ചു. ബുധനാഴ്ച രാവിലെ ആശാ ഭവനിൽ എത്തിയ സഹോദരന്മാരെ നിറമിഴികളോടെയാണ് മക്കാനി സ്വീകരിച്ചത്. ആശാഭവൻ ജീവനക്കാരോടും അന്തേവാസികളോടും സാമൂഹിക പ്രവർത്തകൻ ശിവനോടുമെല്ലാം കൈകൂപ്പി നന്ദി പറഞ്ഞാണ് മക്കാനിയും സഹോദരങ്ങളും യാത്രതിരിച്ചത്. English Summary:
Bihar Woman Makkani Reunites With Brothers After Nearly Two Decades in Kozhikode, Long-Lost Sister Finds Her Way Home |