ജയ്പുർ ∙ മദ്യം വാങ്ങിയപ്പോൾ പശുവിന്റെ പേരിലുള്ള സെസ് അടച്ചതിന്റെ ഞെട്ടലിൽ രാജസ്ഥാന്‍ സ്വദേശിയായ യുവാവ് പങ്കുവച്ച സമൂഹ മാധ്യമത്തിലെ പോസ്റ്റ് ചർച്ചയാകുന്നു. മദ്യം വാങ്ങിയപ്പോൾ 20 ശതമാനമാണ് തനിക്ക് കൗ സെസ് അടയ്ക്കേണ്ടി വന്നതെന്ന് ബില്ലിന്റെ ചിത്രം പങ്കുവച്ച് യുവാവ് പറയുന്നു. 2650 രൂപയുടെ മദ്യം വാങ്ങിയ യുവാവ് ജിഎസ്ടി, വാറ്റ്, ഇതിനുപുറമേ 20 ശതമാനം കൗ സെസ് എന്നിവ ചേര്‍ത്ത് ആകെ 3262 രൂപ നല്‍കേണ്ടി വന്നെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ബില്‍.
യുവാവിന്റെ പോസ്റ്റിനു പിന്നാലെ മദ്യത്തിനു കൗ സെസ് ഏര്‍പ്പെടുത്തുന്നതിന്റെ യുക്തി എന്താണെന്ന് ചോദിക്കുകയാണ് നിരവധി പേർ. കൗ സെസ് 2018 മുതല്‍ തന്നെ മദ്യത്തിന്റെ വിലയ്‌ക്കൊപ്പം വാങ്ങിത്തുടങ്ങിയതാണെന്നാണ് സര്‍ക്കാരും ബാര്‍ അധികൃതരും നൽകുന്ന വിശദീകരണം. 2018 ജൂണ്‍ 22ന് അന്നത്തെ വസുന്ധര രാജെ സര്‍ക്കാരാണ് ഇത്തരമൊരു സെസ് കൊണ്ടുവന്നത്.
വിദേശ മദ്യം, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, നാടന്‍ മദ്യം, ബിയര്‍ എന്നിവയ്ക്ക് സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇങ്ങനെ ലഭിക്കുന്ന തുക പശു സംരക്ഷണത്തിനായുള്ള സര്‍ക്കാര്‍ ഫണ്ടിലേക്ക് നിക്ഷേപിക്കാനും അന്ന് തീരുമാനിച്ചു. പിന്നീട് വന്ന കോണ്‍ഗ്രസ് സര്‍ക്കാരും ഇത് തുടരുകയായിരുന്നു. രാജസ്ഥാന്‍ സര്‍ക്കാര്‍ പശുക്കള്‍ക്കുള്ള ഗ്രാന്റുകളും സബ്സിഡികളുമായി 2000 കോടിയിലധികം രൂപയാണ് പ്രതിവര്‍ഷം ചെലവഴിക്കുന്നത്. ഇതില്‍ 600 കോടി രൂപ ഗോശാലകളുടേയും ഷെല്‍ട്ടറുകളുടേയും വികസനത്തിനാണ്. ഈ തുക പൂര്‍ണമായും കൗ സെസിലൂടെയല്ല കണ്ടെത്തുന്നത്. English Summary:
Rajasthan\“s Unique Cow Cess on Liquor: Cow cess in Rajasthan is a 20% tax on liquor purchases aimed at funding cow welfare programs. The revenue generated supports government initiatives for cow protection, including grants and subsidies for shelters. |