കൊച്ചി ∙ കാർഷിക പ്രൊമോഷൻ ഫണ്ടിലേക്ക് 2000 കോടിയോളം രൂപ കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനു ചീഫ് സെക്രട്ടറി എ.ജയതിലക് ഉൾപ്പെടെ അഞ്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി കുറ്റം ചുമത്തി. കോടതി ഉത്തരവ് അവഗണിച്ചു കളയുകയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് കുറ്റപ്പെടുത്തി. അതുകൊണ്ടു തന്നെ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ കോടതിയലക്ഷ്യമാണ് നടത്തിയിരിക്കുന്നത് എന്നും കോടതി അഭിപ്രായപ്പെട്ടു.
- Also Read ക്ഷേത്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ ‘ബൗൺസർ’ വേണ്ട; ഇനി ആവർത്തിക്കരുതെന്ന് ഹൈക്കോടതി
കുറ്റം ചുമത്തിയവർ മറുപടി സമർപ്പിക്കാനും നേരിട്ടു ഹാജരാകുന്നതിൽ നിന്ന് തൽക്കാലം ഒഴിവാക്കുന്നുവെന്നും കോടതി പറഞ്ഞു. ജനുവരി 5 മുതൽ കോടതിയലക്ഷ്യ കേസില്‍ വാദം കേൾക്കും. തൃശൂരിലെ സിപിഐ നേതാവ് ടി.എൻ.മുകുന്ദൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ചീഫ് സെക്രട്ടറി എ.ജയതിലക്, ഐഎഎസ് ഉദ്യോഗസ്ഥരായ അരവിന്ദ് ശ്രീവാസ്തവ, കേശവേന്ദ്ര കുമാർ, ടിങ്കു ബിസ്വാൾ, അർജുൻ പാണ്ഡ്യൻ എന്നിവർക്കെതിരെയാണ് കോടതിയലക്ഷ്യ കേസിൽ കുറ്റം ചുമത്തിയിരിക്കുന്നത്.
- Also Read പദ്ധതി ഏതുമാകട്ടെ പ്രധാനമന്ത്രിക്കും വേണം പെൺവോട്ട്; ഇടതു ബദലിന്റെ കേരളവും ആ വഴിയെ
2008ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം രൂപം കൊടുത്ത കാർഷിക പ്രൊമോഷൻ ഫണ്ടിലേക്ക് നൽകാൻ കോടതി ഉത്തരവിട്ട 1678.66 കോടി രൂപ നൽകിയില്ല എന്നതിലാണ് കോടതിയലക്ഷ്യം. നെൽവയൽ നികത്തി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയതിന്റെ ഭാഗമായി കോടിക്കണക്കിനു രൂപ പിരിച്ചെടുത്തിട്ടുണ്ടെന്നും ഇത് കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെ സെക്ഷൻ 27ഡി അനുസരിച്ച് രൂപീകരിക്കപ്പെട്ട കാർഷിക പ്രൊമോഷൻ ഫണ്ടിലേക്ക് അടക്കേണ്ടതാണെന്നും കാട്ടിയായിരുന്നു ഹർജി. തുടർന്ന് 2024 നവംബർ 28ന് പുറപ്പെടുവിച്ച വിധിയിൽ ഈ പണം കാർഷിക പ്രൊമോഷൻ ഫണ്ടിലേക്ക് അടയ്ക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
- ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
- അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
തുകയുടെ 25 ശതമാനം നാലു മാസത്തിനകവും ബാക്കി അടുത്ത 12 മാസത്തിനകവും ഫണ്ടിലേക്ക് അടയ്ക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഈ പണം അടയ്ക്കുന്നതിന് കോടതി സമയം നീട്ടി നൽകിയെങ്കിലും ഉത്തരവ് പാലിക്കപ്പെട്ടില്ലെന്ന് കാട്ടി ഹർജിക്കാരൻ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
തുടക്കത്തിൽ ഉത്തരവ് നടപ്പാക്കിയെന്ന് നിലപാടെടുത്ത സർക്കാർ പിന്നീട് ഉത്തരവിൽ പുനഃപരിശോധന വേണമെന്ന തരത്തിൽ കോടതിയെ സമീപിച്ചു. ഒടുവിൽ ഇക്കഴിഞ്ഞ നവംബറിൽ പണം നൽകുന്നതിൽ നിന്ന് സംസ്ഥാന സർക്കാരിനെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ 2024 നവംബറിലെ വിധിക്കെതിരെ നിശ്ചയിക്കപ്പെട്ട സമയത്തൊന്നും റിവ്യൂ ഹർജി സമർപ്പിക്കുകയുണ്ടായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ കോടതി ഉത്തരവ് അവഗണിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം നടത്തിയിട്ടുണ്ടെന്നും അതിനാൽ കുറ്റം ചുമത്തുന്നു എന്നുമാണ് ഉത്തരവ്. English Summary:
High Court charged case against five senior IAS officers, including A. Jayathilak: The court has charged the officers with contempt and has scheduled a hearing for January 5. |