തിരുവനന്തപുരം∙ ചെടിച്ചട്ടി വിതരണത്തിന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റു ചെയ്ത സിഐടിയു നേതാവ് കെ.എന്‍.കുട്ടമണിയെ കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കും. മന്ത്രി ഒ.ആര്‍.കേളു ഇതു സംബന്ധിച്ച് അടിയന്തര നിര്‍ദേശം നല്‍കി. കുട്ടമണിയെ വിജിലന്‍സ്  അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടികജാതി വികസന വകുപ്പ് സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു.  
  
 
കഴിഞ്ഞ ദിവസമാണ് ഒരു ചെടിച്ചട്ടിക്ക് 3 രൂപ വീതം കോഴ ആവശ്യപ്പെട്ട് 10,000 രൂപ കൈപ്പറ്റുന്നതിനിടെ കുട്ടമണിയെ വിജിലന്‍സ് സംഘം തൃശൂരിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ വച്ച് അറസ്റ്റ് ചെയ്തത്. സിഐടിയു സംസ്ഥാന സമിതി അംഗമായ കുട്ടമണി സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണത്തൊഴിലാളി യൂണിയന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറിയായിരുന്നു. വളാഞ്ചേരി നഗരസഭയില്‍ വിതരണം ചെയ്യുന്നതിനായി 3642 ചെടിച്ചട്ടികള്‍ക്ക് കോഴ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.   
  
 
കോഴിക്കോട് സ്വദേശിയായ മണ്‍ചട്ടി നിര്‍മാണ യൂണിറ്റ് ഉടമയില്‍ നിന്നാണ് കുട്ടമണി പണം കൈപ്പറ്റിയത്. ആദ്യം 25,000 രൂപയാണ് കുട്ടമണി ആവശ്യപ്പെട്ടത്. നഗരസഭയിലെ വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതിനായി ചെടിച്ചട്ടികള്‍ എത്തിച്ച യൂണിറ്റ് ഉടമയോട്, ഇനി ഓര്‍ഡറുകള്‍ ലഭിക്കണമെങ്കില്‍ \“ഒരു പീസിന് മൂന്ന് രൂപ വച്ച്\“ കൈക്കൂലി നല്‍കണമെന്ന് കുട്ടമണി ആവശ്യപ്പെടുകയായിരുന്നു. ചെടിച്ചട്ടി നിര്‍മ്മാണ യൂണിറ്റ് ഉടമ പരാതിയുമായി തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ജിം പോളിനെ സമീപിച്ചു.  
 
പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം രാസമിശ്രിതം പുരട്ടിയ നോട്ടുകള്‍ പരാതിക്കാരന് കൈമാറി. ബുധനാഴ്ച തൃശൂര്‍ വടക്കേ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഇന്ത്യന്‍ കോഫി ഹൗസില്‍ വച്ച് ഈ പണം കൈമാറാന്‍ കുട്ടമണി ആവശ്യപ്പെട്ടു. പരാതിക്കാരന്‍ പണവുമായി എത്തുകയും, കൈക്കൂലി വാങ്ങുന്നതിനിടെ തൊട്ടടുത്ത് നിലയുറപ്പിച്ചിരുന്ന ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കുട്ടമണിയെ കൈയോടെ പിടികൂടുകയുമായിരുന്നു. തുടര്‍നടപടികള്‍ക്കായി വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. English Summary:  
Bribery allegations resulted in the removal of a CITU leader. The leader was removed from his position due to his involvement in a bribery case related to the distribution of flower pots. |