തിരുവനന്തപുരം∙ ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരും ഇപ്പോഴത്തെ പ്രസിഡന്റും ഉള്‍പ്പെടെ ഭിന്നാഭിപ്രായങ്ങളുമായി രംഗത്തെത്തുമ്പോള്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളിലെ ദുരൂഹത കണ്ടെത്താന്‍ അന്വേഷണം ബെംഗളൂരുവിലേക്കു വ്യാപിപ്പിച്ച് ദേവസ്വം വിജിലന്‍സ്. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വ്യാപകമായി പണപ്പിരിവ് നടത്തിയെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍.
ബെംഗളൂരുവിലും മറ്റു ചില സംസ്ഥാനങ്ങളിലും പണപ്പിരിവ് നടത്തിയെന്നാണ് ദേവസ്വം വിജിലന്‍സ് പറയുന്നത്. സ്വര്‍ണം പൂശുന്നതിനും അന്നദാനത്തിനുമായി പിരിവ് നടത്തി. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ശബരിമലയിലെ സ്വര്‍ണപ്പാളി ഇത്തരത്തില്‍ പിരിവിനായി ഉപയോഗിച്ചെന്നും സംശയമുണ്ട്.
ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തും രംഗത്തെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റി ആരാണെന്ന് ദേവസ്വം ബോര്‍ഡിന് ധാരണയില്ല. അദ്ദേഹം തന്നെ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചതില്‍ സന്തോഷമുണ്ട്. ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍, ആ കുഴിയില്‍ അദ്ദേഹം തന്നെ വീണെന്നും പ്രശാന്ത് പറഞ്ഞു. 2019ല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ സ്വര്‍ണ്ണപ്പാളി കൊടുത്തുവിടാന്‍ പാടില്ലായിരുന്നെന്നും പ്രശാന്ത് പറഞ്ഞു. വിഷയത്തില്‍ സമഗ്ര അന്വേഷണം കോടതിയില്‍ ആവശ്യപ്പെടുമെന്നും പ്രശാന്ത് പറഞ്ഞു. English Summary:
Sabarimala Gold Plating controversy: Devaswom Vigilance is investigating Unnikrishnan Potti for potential misuse of temple funds collected for gold plating and annadanam. This investigation has expanded to Bangalore to uncover the truth behind the allegations. |