വാഷിങ്ടൻ ∙ ഏഴു രാജ്യാന്തര സംഘർഷങ്ങളെങ്കിലും അവസാനിപ്പിച്ചതിന് നൊബേൽ സമ്മാനം ലഭിച്ചില്ലെങ്കിൽ അതു തന്റെ രാജ്യത്തിന് അപമാനമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിനു ശേഷമാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനു വേണ്ടി ട്രംപ് വീണ്ടും അവകാശവാദം ഉന്നയിച്ചത്. യുഎസിലെ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ട്രംപ് തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്. ഗാസ സമാധാന പദ്ധതി ഹമാസ് അംഗീകരിച്ചാൽ, യുഎസ് പ്രസിഡന്റ് മധ്യസ്ഥത വഹിച്ച് പരിഹാരം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന എട്ടാമത്തെ യുദ്ധമായിരിക്കും ഇത്.
‘‘നിങ്ങൾക്ക് നൊബേൽ സമ്മാനം ലഭിക്കുമോ ? തീർച്ചയായും ലഭിക്കില്ല. ഒരു കാര്യവും ചെയ്യാത്ത ഒരാൾക്ക് അവർ അത് നൽകും. ഞാൻ നിങ്ങളോട് പറയുന്നു, അത് നമ്മുടെ രാജ്യത്തിനു വലിയ അപമാനമായിരിക്കും. എനിക്ക് അത് വേണ്ട. എന്നാൽ രാജ്യത്തിന് അത് ലഭിക്കണം. രാജ്യത്തിന് തീർച്ചയായും അത് ലഭിക്കണം, കാരണം ഇങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ല’’ – ട്രംപ് പറഞ്ഞു.
ഈ വർഷത്തെ നൊബേൽ സമ്മാനങ്ങൾ ഒക്ടോബർ 10 മുതൽ പ്രഖ്യാപിക്കാനിരിക്കെയാണ് ട്രംപ് ആവകാശവാദം ശക്തമാക്കിയത്. ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് താൻ ആണെന്ന് ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു. തന്നെ നൊബേൽ പുരസ്കാരത്തിനു ശുപാർശ ചെയ്യണമെന്ന ട്രംപിന്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളിയത് ട്രംപിനെ പ്രകോപിപ്പിച്ചെന്നും ഇന്ത്യയ്ക്കു മേൽ അധികതീരുവ ചുമത്താനുള്ള കാരണങ്ങളിലൊന്ന് അതാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. English Summary:
Nobel peace prize: Donald Trump says not winning Nobel Peace Prize would be a big insult to the united states of America |