കൊച്ചി ∙ കോൺഗ്രസ് ഡിജിറ്റർ മീഡിയ സെല്ലിന്റെ മുൻ ജില്ലാ കോഓർഡിനേറ്ററെ മരിച്ച നിലയിൽ കണ്ടെത്തി. കലൂർ വസന്ത്നഗർ സ്വദേശി പി.വി. ജെയിൻ (47) ആണ് ഇന്ന് റെയിൽവേ സ്റ്റേഷൻ റോഡിലെ ലോഡ്ജിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.
ലോഡ്ജ് മുറിയിൽ ഇന്നലെ രാത്രി ഒൻപതു മണിയോടെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നുവെന്ന് സെൻട്രൽ പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ആത്മഹത്യയല്ലെന്ന് സംശയിക്കാനുള്ളതൊന്നും കാണുന്നില്ലെങ്കിലും എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
ജീവനൊടുക്കാനുള്ള കാരണത്തെപ്പറ്റി ആത്മഹത്യ കുറിപ്പിൽ കൃത്യമായി പറയുന്നില്ലെങ്കിലും മാനസിക പ്രയാസങ്ങൾ അനുഭവിച്ചിരുന്നുവെന്ന വിധത്തിൽ കുറിപ്പിൽ പറയുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ‘ഓരോ പ്രശ്നങ്ങളേയും നേരിടുന്നതിന് ഓരോരുത്തർക്കും ഓരോ വഴികളുണ്ടാവും. എന്നാൽ എന്റെ മുന്നിൽ ഈ ഒരു വഴി മാത്രമേ കാണുന്നുള്ളൂ’ എന്ന് കുറിപ്പിൽ പറയുന്നു.
സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും തനിക്കുള്ള സാമ്പത്തിക നിക്ഷേപത്തെക്കുറിച്ചും വീട്ടുകാർക്കുള്ള നിർദേശങ്ങളും കുറിപ്പിലുണ്ട്. നന്നായി പഠിക്കണമെന്നും എന്തെങ്കിലും സഹായം ആവശ്യമുണ്ടാവുകയാണെങ്കിൽ കോൺഗ്രസ് പാർട്ടി ഓഫിസിനെ സമീപിക്കണമെന്നും കുട്ടികളോട് കുറിപ്പിൽ പറയുന്നു.
തിരുവില്വാമല പരിമളാലയം വീട്ടില്‍ വാസുദേവന്റെയും ഡോ. ടി പി പരിമളാദേവിയുടേയും മകനാണ്. ഭാര്യ: നിഷാന, മക്കള്‍: ആദിത്യ പി. ജെയ്ന്‍, അഭിനവ് പി.ജെയ്ന്‍. സഹോദരി: ഡോ. പി.വി. ജിനിമോള്‍. സംസ്‌കാരം പച്ചാളം സ്മശാനത്തില്‍ നടന്നു. English Summary:
Congress Digital Media Cell Death: The former district coordinator of the Congress Digital Media Cell was found dead in Kochi. Preliminary investigation suggests suicide, with a note indicating mental distress. |