ബത്തേരി ∙ സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി - മലബാർ മീറ്റ് ഫാക്ടറിയിൽ 16 ലക്ഷം രൂപ നിക്ഷേപിച്ച പാർട്ടി പ്രവർത്തകനായ യുവാവ് ആത്മഹത്യ ഭീഷണിയുമായി രംഗത്ത്. കൽപറ്റ മുണ്ടേരി മാട്ടിൽ നൗഷാദ് ആണ് സിപിഎം പാർട്ടി ഓഫിസിൽ ജീവനൊടുക്കുമെന്നു കാട്ടി രംഗത്തെത്തിയത്. നിക്ഷേപിച്ച പണം തന്നില്ലെങ്കിൽ പാർട്ടി ആസ്ഥാനത്തെത്തി ജീവനൊടുക്കുമെന്നു കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും നൗഷാദ് കത്തയച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 22 നാണ് കത്തയച്ചത്. ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അതിനായി കാത്തിരിക്കുകയാണെന്നും നൗഷാദ് പറഞ്ഞു.
സിപിഎം കൽപറ്റ ടൗൺ ബ്രാഞ്ച് കമ്മിറ്റി അംഗവും ബ്രഹ്മഗിരി ജീവനക്കാരനുമായ തന്നെ ജില്ലയിലെ മുതിർന്ന സിപിഎം നേതാക്കൾ കൽപറ്റ പാർട്ടി ഓഫിസിൽ വിളിച്ചു വരുത്തിയാണ് ബ്രഹ്മഗിരിയിൽ പണം നിക്ഷേപിക്കണമെന്നും സർക്കാർ ഗ്യാരണ്ടിയുണ്ടെന്നും പാർട്ടിയുടെ പരിപൂർണ പിന്തുണയുണ്ടെന്നും പറഞ്ഞതെന്ന് നൗഷാദ് കത്തിൽ പറയുന്നു. തുടർന്ന് വിവിധ തവണകളായി 14 ലക്ഷവും ഒടുവിൽ 2022ൽ 2 ലക്ഷവും ഉൾപ്പെടെ 16 ലക്ഷം നിക്ഷേപിച്ചു. മലബാർ മീറ്റ് ഫാക്ടറി പൂട്ടിയ ശേഷം പല തവണകളായി 1.80 ലക്ഷം തിരികെ കിട്ടി. ഇനിയും പലിശയടക്കം 22 ലക്ഷത്തോളം കിട്ടാനുണ്ട്.
‘‘സ്ഥാപനം നല്ല രീതിയിൽ പ്രവർത്തിച്ചപ്പോൾ ബന്ധുക്കളെയും നിക്ഷേപകരാക്കി. എന്നാൽ പല ക്രമക്കേടുകളും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പാർട്ടി നേതൃത്വത്തോട് പരാതിപ്പെടുകയും പാർട്ടി അന്വേഷണ സമിതിയെ നിയോഗിക്കുകയും ചെയ്തു. എന്നാൽ തുടർ നടപടികളൊന്നും ഉണ്ടായില്ല. നൂറു കണക്കിനാളുകളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചത് നിയമപ്രകാരമല്ലെന്നാണ് അറിവ്. ജോലി വാഗ്ദാനം ചെയ്തും പലരിൽ നിന്നായി സെക്യൂരിറ്റി ഡപ്പോസിറ്റ് വാങ്ങിയെടുത്തു. വയനാട് കോഫി എന്ന പേരിൽ നടത്തിയ പദ്ധതിയിലും പോത്തുകുട്ടി വിതരണ പദ്ധതിയിലും തട്ടിപ്പു നടന്നിട്ടുണ്ട്. ഇത് എനിക്ക് നേരിട്ടറിയാം. അന്നത്തെ സിഇഒയെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. നിക്ഷേപത്തുകയിൽ നിന്ന് ഒന്നും കിട്ടാതായതോടെ സാമ്പത്തിക ബുദ്ധിമുട്ട് വർധിച്ചു ചെക്ക് കേസിൽ 3 ദിവസം റിമാൻഡിലായി. തുടർന്ന് നവകേരള സദസിലും കലക്ടർക്കും നൽകിയ പരാതി ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചു. പരാതി നിലനിന്നാൽ സർക്കാർ സഹായം തടസ്സപ്പെടുമെന്നായിരുന്നു കാരണം. ഇപ്പോൾ വീടും സ്ഥലവും വിൽക്കേണ്ട അവസ്ഥയാണ്. പണം ഉടൻ തിരികെ നൽകാൻ നടപടികളുണ്ടായില്ലെങ്കിൽ പാർട്ടി ആസ്ഥാനത്തെത്തി ജീവനൊടുക്കും’’ – നൗഷാദ് കത്തിൽ പറയുന്നു.
∙ 100 കോടിയിലധികം ബാധ്യത; കേസുമായി പലരും രംഗത്ത്
മലബാർ മീറ്റ് ഫാക്ടറിയുടെ പ്രവർത്തനങ്ങൾക്കായി അറുന്നൂറോളം പേരിൽ നിന്ന് ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി നിക്ഷേപം സ്വീകരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. 50,000 രൂപ മുതൽ 50 ലക്ഷം വരെ നിക്ഷേപിച്ചവരിൽ ഏറെയും പാർട്ടിക്കാരായ വിരമിച്ച ഉദ്യോഗസ്ഥരായിരുന്നു. കൂടുതൽ പലിശ വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപം സ്വീകരിച്ചത്. 2013 മുതൽ കമ്പനി തകർച്ചയിലേക്ക് നീങ്ങുന്നതു വരെ നിക്ഷേപം സ്വീകരിച്ചിരുന്നു. അതുവരെ കൃത്യമായി പലിശയും മറ്റും നൽകിയിരുന്നു. 65 ലക്ഷത്തോളം രൂപയാണ് വ്യക്തികളിൽ നിന്നും നിരവധി സഹകരണ സ്ഥാപനങ്ങളിൽ നിന്നുമായി നിക്ഷേപം സ്വീകരിച്ചിരുന്നത്. ഇന്നത് 100 കോടിയിൽ കൂടുതലുണ്ടാകുമെന്നാണ് സൂചന. കൽപറ്റ കോടതിയിൽ ഇതു സംബന്ധിച്ച് ഇരുനൂറിലധികം കേസുകളുണ്ട് കേരള ചിക്കൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഹോസ്ദുർഗ്, കാഞ്ഞങ്ങാട് കോടതികളിൽ 11 ചെക്ക് കേസുകളും നിലവിലുണ്ട്.
കർഷകർക്ക് സഹായകരമാകുന്ന പദ്ധതികൾ ഏറ്റെടുത്ത് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ബ്രഹ്മഗിരി ഡവലപ്മെൻറ് സൊസൈറ്റിക്ക് തുടക്കം കുറിച്ചത്. കർഷകർ ഉൾപ്പെടെയുള്ളവരുടെ നിക്ഷേപങ്ങൾ സ്വീകരിച്ചാണ് സൊസൈറ്റി ഇതിനായി മൂലധനം കണ്ടെത്തിയത്. സംസ്ഥാന സർക്കാരിന്റെ കേരള ചിക്കൻ അടക്കം കൃത്യമായ ആസൂത്രണമില്ലാതെ തുടങ്ങിയ പദ്ധതികളാണ് സൊസൈറ്റിയെ പ്രതിസന്ധിയിലാക്കിയത്. സംസ്ഥാന ഖജനാവിൽ നിന്ന് കിട്ടേണ്ട തുക മുടങ്ങിയതും കൂറ്റൻ നിക്ഷേപങ്ങളും പ്രതിസന്ധിയുടെ വ്യാപ്തി കൂട്ടി. ഇതിനെല്ലാം പിന്നിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നാണ് നിക്ഷേപകരുടെ ആക്ഷേപമുയരുന്നത്. English Summary:
Brahmagiri Society Investment: Brahmagiri Development Society investment scam leads to suicide threat. An investor, defrauded by the Brahmagiri Development Society, threatens to commit suicide at the CPM party office. The investor alleges a lack of action regarding their complaints and the potential loss of their life savings, which has led to increased financial hardship. |