ചെന്നൈ ∙ കരൂർ ആൾക്കൂട്ട ദുരന്തത്തിൽ വിജയ്‌യുടെ വിഡിയോക്കു പിന്നാലെ വിശദീകരണവുമായി തമിഴ്നാട് സർക്കാർ. റാലി നടത്തുന്നതിനു തമിഴക വെട്രി കഴകം ആദ്യം ആവശ്യപ്പെട്ട സ്ഥലം അമരാവതി നദി പാലവും ഒരു പെട്രോൾ പമ്പുമായിരുന്നുവെന്നാണ് സർക്കാരിന്റെ മീഡിയ സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥയുമായ അമുതയുടെ വിശദീകരണം. രണ്ടാമതായി, ഉഴവർ മാർക്കറ്റ് പ്രദേശം ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങൾ വളരെ ഇടുങ്ങിയതാണ്. ഇവിടെ അയ്യായിരം പേർക്ക് മാത്രമേ ഒത്തുകൂടാൻ കഴിയൂ. വേലുച്ചാമിപുരം നൽകാമെന്ന് പറഞ്ഞപ്പോൾ ടിവികെ അത് സ്വീകരിക്കുകയായിരുന്നു എന്നും അമുത പറഞ്ഞു.
കരൂർ ദുരന്തത്തെ കുറിച്ച് ഇന്റർനെറ്റിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. റാലിയിൽ പങ്കെടുക്കാൻ പതിനായിരം പേർ വരുമെന്നാണ് ടിവികെ അറിയിച്ചത്. മുൻ റാലികളുടെ അടിസ്ഥാനത്തിൽ ഇരുപതിനായിരം പേർ വരുമെന്ന് കണക്കാക്കി. അതനുസരിച്ച് പൊലീസ് സുരക്ഷയും ഏർപ്പെടുത്തി. സാധാരണയായി, ഓരോ 50 പേർക്കും ഒരു പൊലീസുകാരൻ എന്നതാണ് രീതി. എന്നാൽ കരൂരിൽ, ഓരോ 20 പേർക്കും ഒരു പൊലീസുകാരനെയാണ് വിന്യസിച്ചത്. വിജയ്‌യുടെ പ്രചാരണത്തിന് എത്ര പേർ എത്തുമെന്ന് കണക്കാക്കാൻ തമിഴ്‌നാട് സർക്കാരിനു കഴിഞ്ഞില്ലെന്ന വിമർശനത്തിനാണ് അമുതയുടെ മറുപടി.
ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ച ഒരു ഘട്ടത്തിലൂടെ കടന്നുപോയിട്ടില്ലെന്നാണ് വിജയ് പറഞ്ഞത്. കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട വിഡിയോയിലൂടെ ആയിരുന്നു വിജയ്‌യുടെ പ്രതികരണം. എത്രയും വേഗം സത്യം പുറത്തുവരും. രാഷ്ട്രീയം തുടരും, ഉടൻ എല്ലാവരെയും കാണും. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് കരൂരിൽ തുടരാത്തതെന്നും വിജയ് വിഡിയോൽ പറഞ്ഞിരുന്നു. English Summary:
The Tamil Nadu government has issued a clarification regarding the Karur crowd incident during Vijay\“s rally, explaining the reasons behind the chosen location and security measures taken. |