ചേർത്തല ∙ 11–ാംമൈൽ മുട്ടത്തിപറമ്പ് റോഡിൽ പള്ളിക്കവലയിൽ തിങ്കളാഴ്ച രാത്രി 11.40നുണ്ടായ അപകടത്തിൽ നന്ദഗോപാലനും (22) ആരവ് കൃഷ്ണയും(24) വിടവാങ്ങിയതോടെ 2 കുടുംബങ്ങൾക്കു നഷ്ടമായത് ഏക സന്താനങ്ങളെ. തണ്ണീർമുക്കം മുട്ടത്തിപ്പറമ്പ് ഇഴാശേരിക്കരി വീട്ടിൽ വേണുഗോപാലിന്റെയും സുനിമോളുടെയും ഏകമകനാണ് നന്ദഗോപാലൻ. വയലാർ മംഗളംപറമ്പ് കലേഷ് കുമാറിന്റെയും ലീനയുടെയും ഏകമകനാണ് ആരവ് കൃഷ്ണ. ഇരുവരുടെയും വേർപാട് കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും തീരാ ദുഃഖമായി.
സുഹൃത്തുക്കളായിരുന്ന ഇരുവരും ഓണക്കാലത്തു പൂവിൽപന നടത്തിയും മറ്റും ചെറിയ തുക സമാഹരിച്ച് തുടർപഠനം നടത്തിയിരുന്നു. എട്ടുപേരടങ്ങിയ സംഘമാണു ഇവരുടേത്, എല്ലാറ്റിനും ഒരുമിച്ച്. ഇവർ ക്ഷേത്രങ്ങളിലെ പുഷ്പാലങ്കാര പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തിയിരുന്നു. ചേർത്തല തെക്കുള്ള ഒരു ക്ഷേത്രത്തിൽ പുഷ്പാലങ്കാരം നടത്തിയ ശേഷമാണു നന്ദഗോപാലനും ആരവ് കൃഷ്ണയും ഇന്നലെ മുട്ടത്തിപ്പറമ്പിലെത്തിയത്. ഇതിനു ശേഷം ഇരുവരും ആരവിന്റെ വയലാറിലെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിൽപെട്ട ടിപ്പർ ലോറി.
സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും നാട്ടുകാരും ഏറെ പ്രയാസപ്പെട്ടാണ് ഇരുവരെയും കാറിൽനിന്നു പുറത്തെടുത്തത്. ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. മൃതദേഹം വീടുകളിലെത്തിച്ചപ്പോൾ കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കും പ്രദേശവാസികൾക്കും ദുഃഖം താങ്ങാവുന്നതിലുമപ്പുറമായിരുന്നു. മന്ത്രി പി.പ്രസാദ് അടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമടക്കം നാട് ഒന്നാകെയാണ് അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയത്.
ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്കു ദാരുണാന്ത്യം
ചേർത്തല ∙ പതിനൊന്നാം മൈൽ മുട്ടത്തിപ്പറമ്പ് റോഡിൽ പള്ളിക്കവലയ്ക്കു സമീപം തിങ്കളാഴ്ച അർധരാത്രി ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചു രണ്ടു യുവാക്കൾ മരിച്ചു. ഡിസിസി അംഗം തണ്ണീർമുക്കം പഞ്ചായത്ത് മുട്ടത്തിപ്പറമ്പ് ഇഴാശേരിക്കരി വീട്ടിൽ വേണുഗോപാലിന്റെയും സുനിമോളുടെയും ഏക മകൻ നന്ദഗോപാലനും (22) സുഹൃത്ത് വയലാർ മംഗളംപറമ്പിൽ കലേഷ് കുമാറിന്റെയും ലീനയുടെയും ഏക മകൻ ആരവ് കൃഷ്ണ(24)യുമാണു മരിച്ചത്. ADVERTISEMENT Go AD-FREE
കൊച്ചിയിലെ സ്വകാര്യ കോളജിൽ എഐ കോഴ്സിനു പഠിക്കുന്ന യുവാക്കൾ ഒഴിവു സമയങ്ങളിൽ ക്ഷേത്രങ്ങളിൽ പുഷ്പാലങ്കാര ജോലികൾ ചെയ്യാറുണ്ട്. തിങ്കളാഴ്ച ചേർത്തല തെക്കുള്ള ക്ഷേത്രത്തിൽ പൂക്കളൊരുക്കിയ ശേഷം ആരവിന്റെ വയലാറിലെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. ആരവ് ആണ് കാർ ഓടിച്ചിരുന്നത്. ദേശീയപാത നിർമാണത്തിനു വേമ്പനാട് കായലിൽനിന്നു മണലെടുക്കാൻ തണ്ണീർമുക്കം ഭാഗത്തേക്കു പോയ ലോറിയുമായാണ് കൂട്ടിയിടിച്ചത് ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. ചേർത്തലയിൽ നിന്നെത്തിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നു കാർ വെട്ടിപ്പൊളിച്ചാണു യുവാക്കളെ പുറത്തെടുത്തത്. തലയ്ക്കും കഴുത്തിനും ഗുരുതര പരുക്കേറ്റ ഇരുവരെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. English Summary:
Two young friends, Nandagopalan and Arav Krishnan, tragically lost their lives in a severe car accident near Cherthala, Kerala. This devastating event has plunged their families and the local community into deep sorrow, as they were the sole hopes for their respective families. |
|