കൊച്ചി ∙ ഐഎഎസ് ഉദ്യോഗസ്ഥൻ ബി.അശോകിന്റെ നിയമനവുമായി ബന്ധപ്പെട്ട കാര്യത്തിൽ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തീരുമാനമെടുക്കട്ടെ എന്ന് ഹൈക്കോടതി. ഹർജിയിൽ ഗവര്‍ണറെ കക്ഷി ചേര്‍ത്ത നടപടി നിലനില്‍ക്കുമോയെന്ന് ട്രൈബ്യൂണൽ ആദ്യം പരിശോധിക്കണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
തന്നെ സ്ഥലം മാറ്റിയതിനെതിരെ ബി.അശോക് നൽകിയ ഹര്‍ജിയില്‍ ഗവര്‍ണറെ കക്ഷി ചേര്‍ത്തതിനെ സർക്കാർ എതിർത്തതോടെയാണിത്. ട്രൈബ്യൂണൽ ഉത്തരവുകൾക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. ട്രൈബ്യൂണലിന്റെ രണ്ട് ഇടക്കാല ഉത്തരവുകൾക്കെതിരെയാണ് സർക്കാരിന്റെ അപ്പീൽ. കൃഷി വകുപ്പിൽ നിന്നും അശോകിനെ ഗതാഗത വകുപ്പിനു കീഴിലുള്ള കെടിഡിഎഫ്‌സിയിലേക്ക് മാറ്റിയത് ട്രൈബ്യൂണൽ ആദ്യം സ്റ്റേ ചെയ്തിരുന്നു.
പിന്നീട് കൃഷി വകുപ്പിൽ നിന്ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള പഴ്‌സനല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിലേക്ക് നിയമിച്ചെങ്കിലും ഉത്തരവ് നടപ്പാക്കുന്നത് ട്രൈബ്യൂണൽ വീണ്ടും തടഞ്ഞു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നിയമനങ്ങളിൽ ട്രൈബ്യൂണൽ ഇടപെട്ടത് അധികാരപരിധി മറികടന്നാണ് എന്നാണ് സർക്കാർ വാദം. തുടർന്നാണ് ഗവർണറെ കക്ഷി ചേർത്ത നടപടി നിലനിൽക്കുമോ എന്ന് പരിശോധിക്കാൻ ട്രൈബ്യൂണലിന് ഹൈക്കോടതി നിർദേശം നൽകിയത്. ഇതിനു ശേഷം ബി.അശോകിന്റെ നിയമനവുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കാനും കോടതി നിർദേശിച്ചു. English Summary:
High Court Directs Tribunal to Review Governor\“s Inclusion in IAS Officer Transfer Case: The Kerala High Court has directed the Central Administrative Tribunal to first consider the maintainability of impleading the Governor in the B. Ashok\“s transfer case. |