തിരുവനന്തപുരം∙ നമ്മുടെ ആള്‍ക്കാര്‍ക്കു വായ്പ നല്‍കിയെന്നും പല കാരണങ്ങളാല്‍ അവരുടെ തിരിച്ചടവു വൈകുന്നുവെന്നും എഴുതിവച്ചാണ് ബിജെപി കൗണ്‍സിലര്‍ തിരുമല അനില്‍ ജീവനൊടുക്കിയത്. എല്ലാ സംഘങ്ങളിലും ഉള്ളതു പോലെ ഒരു പ്രതിസന്ധി മാത്രമാണ് താന്‍ പ്രസിഡന്റായ ഫാം ടൂര്‍ സൊസൈറ്റിയില്‍ ഉണ്ടായതെന്നും അനില്‍ ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബെനാമി വായ്പകള്‍ നല്‍കിയിട്ടില്ലെന്നും പാര്‍ട്ടിയെയോ പ്രവര്‍ത്തകരെയോ വഞ്ചിച്ചിട്ടില്ലെന്നും അനില്‍കുമാര്‍ എഴുതിയിട്ടുണ്ട്. ‘‘ഫിക്‌സഡ് ഡിപ്പോസിറ്റ് ഉള്ള എല്ലാവര്‍ക്കും പണം കൊടുത്തു. മുന്‍പുണ്ടായിരുന്നതു പോലെ ചിട്ടിയോ, ദിവസവരുമാനങ്ങളോ ഇല്ലാതായി. സ്ഥിരനിക്ഷേപമിട്ടവര്‍ പണം തിരികെ ആവശ്യപ്പെട്ട് ആവശ്യത്തിലധികം സമ്മര്‍ദം ചെലുത്തുന്നു. തിരിച്ചു പിടിക്കാന്‍ ധാരാളം തുകയുണ്ട്. ഞാനോ സംഘത്തിലെ ഭരണസമിതിയോ ഒരു ക്രമക്കേടും കാട്ടിയിട്ടില്ല. അതെല്ലാം രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും’’– അനില്‍ കുറിപ്പില്‍ പറയുന്നു. ആത്മഹത്യ ചെയ്ത മുറിയിലെ മേശപ്പുറത്തു കവറില്‍ തന്റെ മരണാനന്തര ചടങ്ങിനായി അനില്‍ കുമാര്‍ 10,000 രൂപ മാറ്റിവച്ചിരുന്നു. 6 കോടി രൂപയുടെ ബാധ്യതയാണ് സൊസൈറ്റിക്കുള്ളത്.
പൊലീസിനെ ഉപയോഗിച്ചു സിപിഎം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് അനില്‍ ജീവനൊടുക്കിയതെന്ന് ബിജെപി ആരോപിക്കുന്നതിനിടെയാണ് അനിലിന്റെ ആത്മഹത്യക്കുറിപ്പ് പുറത്തുവന്നത്. \“നമ്മുടെ ആള്‍ക്കാരെ സഹായിച്ചു\“ എന്നു കുറിപ്പില്‍ പറയുന്നതു ചൂണ്ടിക്കാട്ടി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. സ്വന്തമെന്ന് അനില്‍കുമാര്‍ കരുതിയിരുന്ന ആളുകളുടെ ചതിയാണ് ഇതു വ്യക്തമാക്കുന്നതെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. അനിലിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ബിജെപിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും അനില്‍കുമാറിന്റെ ആത്മഹത്യയെ രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.
നിക്ഷേപകരോട് ബിജെപി നേതാക്കള്‍ നേരിട്ടു കണ്ട് സാവകാശം തേടിയിരുന്നുവെന്നും സിപിഎം മുട്ടത്തറ വാര്‍ഡ് കൗണ്‍സിലര്‍ അഴിമതി കേസില്‍ കുടുങ്ങിയതിനു പിന്നാലെ പൊലീസിനെ ഉപയോഗിച്ച് അനിലിനെ കുരുക്കാന്‍ സിപിഎം ശ്രമം നടത്തിയെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച പൊലീസ് അനിലിനെതിരെ കേസെടുത്തിട്ടില്ലെന്ന് വിശദീകരിച്ചു. അനിലിന്റെ ഫോണിലേക്ക് വിളിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഒരു നിക്ഷേപകന്‍ ഓഫിസില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന് സംഘത്തിലെ സെക്രട്ടറിയാണ് ആദ്യം പരാതി നല്‍കിയത്. ഇതിനുപിന്നാലെ നിക്ഷേപകനും പരാതി നല്‍കി. രണ്ടു പരാതിയിലും കേസെടുത്തിട്ടില്ല. 10.65 ലക്ഷം രൂപ നല്‍കാനുണ്ടെന്നായിരുന്നു നിക്ഷേപകന്റെ പരാതി. ഒരു മാസത്തിനകം പണം നല്‍കുമെന്ന് തിരുമല അനില്‍ ഉറപ്പു നല്‍കിയിരുന്നെന്നും പൊലീസ് പറഞ്ഞു. English Summary:
Thirumala Anil\“s suicide note reveals financial difficulties within Farm Tour Society: The note mentions pressure from depositors and attempts to manage the crisis without any personal misconduct. This incident has sparked political accusations and counter-accusations between BJP and CPM in Kerala. |