കൊല്ലങ്കോട് ∙ ‘എന്റെ കൈ കാണാനില്ലമ്മേ, മുറിച്ചു കളഞ്ഞോ...’ ഡോക്ടർമാരുടെ പിഴവിൽ കൈ നഷ്ടപ്പെട്ട 9 വയസ്സുകാരി വിനോദിനിയുടെ ചോദ്യത്തിന് മറുപടി പറയാനില്ലാതെ നിൽക്കുകയാണ് അമ്മ പ്രസീത. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവിനെ തുടർന്നു വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിയുടെ ചോദ്യത്തിന് ഇനി ആര് ഉത്തരം പറയും?   
  
 -  Also Read  2 വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്: അമ്മയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, നാളെ വീട്ടിൽ തെളിവെടുപ്പ്   
 
    
 
നിർമാണത്തൊഴിലാളിയും പല്ലശ്ശന ഒഴിവുപാറ സ്വദേശിയുമായ ആർ.വിനോദിന്റെയും പ്രസീതയുടെയും മകളും ഒഴിവുപാറ എഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയുമായ വിനോദിനി ഇന്നലെയാണു തന്റെ വലതു കൈ നഷ്ടപ്പെട്ട വിവരം തിരിച്ചറിയുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അമ്മയോട് കയ്യിലൂടെ രക്തം വരുന്നുണ്ടെന്നും കൈ മുറിച്ചു മാറ്റിയല്ലേയെന്നും കണ്ണീരൊഴുക്കി ചോദിക്കുന്നത്. സെപ്റ്റംബർ 24നു വൈകിട്ടാണു സഹോദരൻ അനുവിന്ദിനൊപ്പം കളിക്കുന്നതിനിടെ വിനോദിനിക്ക് വീണ് അപകടം സംഭവിക്കുന്നത്. ആദ്യം ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ പരിശോധിച്ച ഡോക്ടർമാർ ജില്ലാ ആശുപത്രിയിൽ കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ നിന്ന് കയ്യിൽ പ്ലാസ്റ്റർ ഇട്ട ശേഷം അന്നു രാത്രി തന്നെ ഡിസ്ചാർജ് നൽകുകയും ചെയ്തു. പിന്നീടാണ് സ്ഥിതി മാറിയത്.  
  
 -  Also Read  റോഡിന് നടുവിൽ അശ്രദ്ധമായി വാഹനം നിർത്തിയിട്ടാൽ 1000 ദിർഹം പിഴയും 6 ട്രാഫിക് പോയിന്റുകളും   
 
    
 
വേദന മൂലം രാത്രി മുഴുവൻ കുട്ടി കരഞ്ഞതോടെ പിറ്റേന്നു വീണ്ടും ആശുപത്രിയിലെത്തിച്ചു. എല്ലുപൊട്ടിയതല്ലേ വേദനയുണ്ടാകും എന്നായിരുന്നത്രേ മറുപടി. ഒരാഴ്ച കഴിഞ്ഞു വന്നാൽ മതിയെന്നും പറഞ്ഞു. ഇതിനിടെ വേദന സഹിക്കാൻ കഴിയാതെ കുട്ടി അവശനിലയിലായി. ഇതോടെ കഴിഞ്ഞ ചൊവ്വാഴ്ച കുട്ടിയെ വീണ്ടും ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കു കൈ രക്തയോട്ടം കുറഞ്ഞു കറുത്തിരുന്നു. ദുർഗന്ധമുള്ള പഴുപ്പും വരാൻ തുടങ്ങി. ഇതോടെയാണു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചത്.  
  
 -  Also Read  കാൽനടയാത്രക്കാർക്ക് മരണപാത ബെംഗളൂരു റോഡുകൾ; തുടർച്ചയായ രണ്ടാംവർഷവും പട്ടികയിൽ ഒന്നാമത്   
 
    
 
അന്നുതന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പഴുപ്പു വ്യാപിച്ചതിനാൽ കൈ മുറിച്ചു മാറ്റേണ്ടിവന്നെന്നു മുത്തശ്ശി ഓമനയും മുത്തച്ഛൻ വാസുവും പറയുന്നു. കുട്ടിയുടെ കയ്യുടെ അവസ്ഥ കണ്ട് ‘ഇതെന്താ മാംസക്കെട്ടാണോ ഇങ്ങനെ പൊതിഞ്ഞ് അയയ്ക്കാനെന്നും ഈ പഴുപ്പൊന്നും പാലക്കാട്ടെ ആശുപത്രിക്കാർ കണ്ടില്ലേ’യെന്നും മെഡിക്കൽ കോളജിൽ നിന്നു ചോദിച്ചതായി ഓമന പറഞ്ഞു. വീഴ്ചയിൽ കുട്ടിയുടെ കൈക്കു മുറിവുണ്ടായിരുന്നെന്നും അതൊന്നും ജില്ലാ ആശുപത്രിയിലെ ഡോക്ടർ പരിഗണിച്ചില്ലെന്നും ഇവർ പറയുന്നു.  
  
 -  Also Read   ‘ആരുമില്ലാതെ ഒറ്റമുറിയിൽ മരിച്ച്, ജീർണിച്ച്...; ഒരുപക്ഷേ നമ്മെയും കാത്തിരിക്കുന്ന വിധി; വയോജനപാലനത്തിനു പാലിയേറ്റിവ് കെയർ മാത്രം പോരാ...’   
 
    
 
കുട്ടിയുടെ തുടർജീവിതവും പഠനവും എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്ക സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിനുണ്ട്. ജില്ലാ ആശുപത്രിയിൽ വിനോദിനിയെ പരിശോധിച്ച ഡോക്ടർമാരുടെ പിഴവിനെ തുടർന്നാണു കുട്ടിയുടെ കൈ നഷ്ടപ്പെട്ടതെന്നും ഇക്കാര്യത്തിൽ ഡോക്ടർമാർക്കെതിരെ കടുത്ത നടപടി വേണമെന്നും ആവശ്യപ്പെട്ടു വിനോദിനിയുടെ മുത്തശ്ശി ഓമന വാസു ജില്ലാ മെഡിക്കൽ ഓഫിസർക്കു പരാതി നൽകി.  English Summary:  
Child lost her arm due to alleged medical negligence: A child lost her arm due to alleged medical negligence. The incident occurred in Palakkad, where a 9-year-old girl had her arm amputated after a misdiagnosis and delayed treatment at a district hospital.  |