വാഷിങ്‌ടൻ ∙ ഗാസ സമാധാന പദ്ധതിയിൽ പ്രതികരിക്കാൻ ഹമാസിന് അന്ത്യശാസനം നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് സമയം ഞായറാഴ്‌ച വൈകിട്ട് 6 മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് ട്രംപ് അന്ത്യശാസനം നൽകിയത്. സമയപരിധിക്കുള്ളിൽ സമാധാന പദ്ധതി അംഗീകരിച്ചില്ലെങ്കിൽ മുൻപ് ആരും കണ്ടിട്ടില്ലാത്തവിധമുള്ള സർവനാശമാണ് കാത്തിരിക്കുന്നതെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.  
  
 -  Also Read  ഉണ്ണികൃഷ്ണൻ പോറ്റിക്ക് സർക്കാരിൽ ദുസ്വാധീനം; വിശ്വാസികളെ അണിനിരത്തി പ്രതിഷേധിക്കാൻ കോൺഗ്രസ്   
 
    
 
‘ഹമാസ് വർഷങ്ങളായി മധ്യപൂർവദേശത്ത് ക്രൂരവും അക്രമാസക്തവുമായ ഭീഷണിയാണ്! ഇസ്രയേലിൽ 2023 ഒക്ടോബർ 7-ലെ കൂട്ടക്കൊലയോടെ ഇത് അതിന്റെ മൂർദ്ധന്യത്തിലെത്തി. ഭാവിജീവിതം ഒരുമിച്ച് ആഘോഷിക്കാൻ ഒരുങ്ങുകയായിരുന്ന കുഞ്ഞുങ്ങൾ, സ്ത്രീകൾ, കുട്ടികൾ, വയോധികർ, കൂടാതെ ഒട്ടേറെ യുവതീയുവാക്കൾ, ആൺകുട്ടികളും പെൺകുട്ടികളും എന്നിവരെ അവർ കൊലപ്പെടുത്തുകയും (ജീവിതം അസഹനീയമാംവിധം ദുരിതപൂർണ്ണമാക്കുകയും) ചെയ്തു. നാഗരികതയ്‌ക്കെതിരായ ഒക്ടോബർ 7-ലെ ആക്രമണത്തിന് പ്രതികാരമായി 25,000-ത്തിലധികം ഹമാസ് ‘സൈനികർ’ ഇതിനകം കൊല്ലപ്പെട്ടു. ബാക്കിയുള്ളവരിൽ ഭൂരിഭാഗവും വളയപ്പെടുകയും സൈനികമായി കുടുങ്ങിക്കിടക്കുകയും ചെയ്യുന്നു, അവരുടെ ജീവൻ വേഗത്തിൽ ഇല്ലാതാക്കാൻ ‘ഗോ’ എന്ന് മാത്രം ഞാൻ പറയാൻ കാത്തിരിക്കുന്നു. ബാക്കിയുള്ളവരെ സംബന്ധിച്ചിടത്തോളം, നിങ്ങൾ എവിടെയാണെന്നും ആരാണെന്നും ഞങ്ങൾക്കറിയാം, നിങ്ങളെ വേട്ടയാടി കൊല്ലും. ഭാവിയിൽ വലിയ മരണസാധ്യതയുള്ള ഈ പ്രദേശത്തു നിന്ന്, നിരപരാധികളായ എല്ലാ പലസ്തീനികളും ഉടൻ ഗാസയിലെ സുരക്ഷിതമായ ഭാഗങ്ങളിലേക്ക് മാറിപ്പോകണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. സഹായിക്കാൻ കാത്തിരിക്കുന്നവർ എല്ലാവരെയും നന്നായി പരിപാലിക്കും. എന്നിരുന്നാലും, ഹമാസിന് ഭാഗ്യവശാൽ, ഒരു അവസാന അവസരം കൂടി ലഭിക്കും! മധ്യപൂർവദേശത്തെ ശക്തരും സമ്പന്നരുമായ രാജ്യങ്ങളും ചുറ്റുമുള്ള പ്രദേശങ്ങളും, അമേരിക്കൻ ഐക്യനാടുകളോടൊപ്പം ചേർന്ന്, ഇസ്രയേലും ഒപ്പുവച്ച് 3000 വർഷങ്ങൾക്ക് ശേഷം മധ്യപൂർവദേശത്ത് സമാധാനത്തിന് സമ്മതിച്ചിരിക്കുന്നു. ഈ കരാർ അവശേഷിക്കുന്ന എല്ലാ ഹമാസ് പോരാളികളുടെയും ജീവൻ രക്ഷിക്കും! ഈ രേഖയുടെ വിശദാംശങ്ങൾ ലോകത്തിന് അറിയാം, ഇത് മികച്ച പദ്ധതിയായി എല്ലാവരും അംഗീകരിക്കുന്നു! എങ്ങനെയായാലും മധ്യപൂർവദേശത്ത് നമുക്ക് സമാധാനം ഉണ്ടാകും. അക്രമവും രക്തച്ചൊരിച്ചിലും നിലയ്‌ക്കും. ബന്ദികളെ, മരിച്ചവരുടെ മൃതദേഹങ്ങൾ ഉൾപ്പെടെ, അവരെല്ലാവരെയും  മോചിപ്പിക്കുക! ഞായറാഴ്ച വൈകുന്നേരം ആറു മണിക്ക് (വാഷിങ്‌ടൻ, ഡി.സി. സമയം) മുൻപായി ഹമാസുമായി ഒരു കരാറിൽ എത്തണം. എല്ലാ രാജ്യങ്ങളും ഒപ്പിട്ടിട്ടുണ്ട്! ഈ അവസാന അവസരത്തിൽ കരാറിൽ എത്താനായില്ലെങ്കിൽ, ആരും ഇന്നുവരെ കണ്ടിട്ടില്ലാത്ത സർവനാശം ഹമാസിനുണ്ടാകും. എങ്ങനെയായാലും മധ്യപൂർവദേശത്ത് സമാധാനം ഉണ്ടാകും’ – ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു  
 
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി തിങ്കളാഴ്‌ച വൈറ്റ് ഹൗസിൽ നടത്തിയ ചർച്ചയ്‌ക്കു ശേഷമാണ് ഗാസ സമാധാന പദ്ധതിയിലെ 20 വ്യവസ്ഥകൾ ട്രംപ് പുറത്തുവിട്ടത്. ഗാസയിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതിക്കു മറുപടി നൽകാൻ ഹമാസിനു മൂന്നു മുതൽ നാലു ദിവസം വരെ സമയമുണ്ടെന്നാണ് ട്രംപ് പറഞ്ഞത്. മറ്റ് എല്ലാ കക്ഷികളും കരാറിൽ ഒപ്പുവച്ചിട്ടുണ്ടെന്നും ഹമാസിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ട്രംപ് കർശനമായ മുന്നറിയിപ്പ് നൽകിയിരുന്നു. സമയംപരിധി പിന്നിട്ടിട്ടും ഹമാസ് പ്രതികരിക്കാത്തതിനെ തുടർന്നാണ് ഞാറാഴ്‌ച വൈകുന്നരത്തിനുള്ളിൽ പദ്ധതി അംഗീകരിക്കണമെന്ന് ട്രംപ് അന്ത്യശാസനം നൽകി നൽകിയത്. ഹമാസ് ബന്ദികളെ മോചിപ്പിക്കണം, ഗാസയിൽ അധികാരമൊഴിയുകയും ആയുധം ഉപേക്ഷിക്കുകയും വേണം, പകരം തടവിലുള്ള പലസ്തീൻകാരെ ഇസ്രയേൽ വിട്ടയയ്ക്കും എന്നിവയാണ് പദ്ധതിയിലെ പ്രധാന വ്യവസ്ഥകൾ. English Summary:  
Gaza Peace Plan: Trump Warns Hamas of Annihilation if Deadline Missed |