വാഷിങ്ടൻ ∙ സർക്കാർ വകുപ്പുകൾക്കു ശമ്പളമടക്കം ചെലവുകൾക്കു പണം ലഭിക്കാതെ യുഎസിൽ സാമ്പത്തിക അനിശ്ചിതാവസ്ഥ. ലക്ഷക്കണക്കിനാളുകൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിക്കു പണം നൽകില്ലെന്ന പ്രസിഡന്റ് ട്രംപിന്റെ നയം ഡെമോക്രാറ്റുകൾ ചെറുത്തതോടെയാണ് യുഎസ് സെനറ്റിൽ ധനബില്ലുകൾ പാസാകാതെ വന്നത്. അടച്ചിടൽ ഈ മാസം ഒന്നിന് പ്രാബല്യത്തിലായി.  
  
 
ഇതോടെ, ഏഴരലക്ഷത്തോളം ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിലായി. പ്രതിസന്ധി തുടർന്നാൽ ഇവരിലേറെപ്പേർക്കും ജോലി നഷ്ടപ്പെടുമെന്ന സൂചനയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നൽകി. അവശ്യസേവനങ്ങൾ ഒഴികെയുള്ള വകുപ്പുകളെയാണു നിലവിൽ പ്രതിസന്ധി ബാധിക്കുക. പാസ്പോർട്ട് ഓഫിസുകൾ, മ്യൂസിയങ്ങൾ, പാർക്കുകൾ തുടങ്ങിയവ വരുംദിവസങ്ങളിൽ അടയ്ക്കും. അടച്ചിടൽ തുടർന്നാൽ മറ്റു വകുപ്പുകളിലും ശമ്പളം മുടങ്ങും.  
  
 
ഇതിനിടെ, ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയെന്ന ട്രംപ് സർക്കാരിന്റെ നയത്തിന്റെ ഭാഗമായി, പല വകുപ്പുകളും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ സെനറ്റിൽ തുടർച്ചയായ വോട്ടെടുപ്പുകളിൽ 55–54 എന്ന നില തുടർന്നു. ധന ബില്ലുകൾ പാസാകാൻ 60% വോട്ടെങ്കിലും വേണം. 2013 ൽ ബറാക് ഒബാമയുടെ ഭരണകാലത്തും സമാനമായ അടച്ചിടൽ വേണ്ടിവന്നിരുന്നു. അന്നും ആരോഗ്യ ഇൻഷുറൻസ് തന്നെയായിരുന്നു തർക്കവിഷയം. English Summary:  
US Shutdown Crisis: US Government shutdown leads to financial uncertainty. The shutdown impacts 750,000 employees and raises concerns about job losses and service disruptions if the crisis continues. |