കുമളി ∙ വണ്ടൻമേട് വാഴവീടിനു സമീപം പാചകവാതക വിതരണ ഏജൻസിയിലെ ജീവനക്കാർക്കു നേരെ ആക്രമണം. മേൽവാഴവീട് സ്വദേശികളായ പാൽപാണ്ടി, മകൻ അശോകൻ എന്നിവരെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. കരിഞ്ചന്തയിൽ പാചകവാതകം വിതരണം ചെയ്യുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് 5ന് ആണു സംഭവം.  
  
 
കുമളി പത്തുമുറിയിലെ ഭാരത് ഗ്യാസ് ഏജൻസിയിൽനിന്നു മേൽവാഴവീട് ഭാഗത്തു സിലിണ്ടർ വിതരണത്തിനെത്തിയ ജിസ്മോൻ, പ്രതീക്ഷ എന്നിവർക്കാണു മർദനമേറ്റത്. പാൽപാണ്ടിയുടെയും അശോകന്റെയും നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും 2 അതിഥിത്തൊഴിലാളികളും ഒപ്പമുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. ജിസ്മോനെ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് മരത്തിൽ കെട്ടിയിട്ട ശേഷമാണു മർദിച്ചത്. പ്രതീക്ഷയെ മർദിച്ചെന്നും ഒന്നര പവന്റെ മാല വലിച്ചുപൊട്ടിച്ചെന്നും പരാതിയിലുണ്ട്.  
  
 
പ്രതികളുടെ വ്യാപാരസ്ഥാപനത്തിൽനിന്നു പാചകവാതക സിലിണ്ടർ അതിഥിത്തൊഴിലാളികൾക്കു കൊടുക്കാറുണ്ടായിരുന്നെന്നും പിന്നീട് ഇവർ ഏജൻസിയിൽനിന്നു നേരിട്ട് സിലിണ്ടറുകൾ വാങ്ങിച്ചതിൽ പ്രകോപിതരായാണു മർദനം നടത്തിയതെന്നും പൊലീസ് പറഞ്ഞു. English Summary:  
Father and Son Assaulted Gas Agency Staff in Kumily: Gas agency attack in Kumily leads to arrests after delivery staff were assaulted. The incident stemmed from a dispute over gas cylinder distribution to guest workers. Police are investigating the black market connection. |