കൊച്ചി∙ പിറവത്ത് മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളിൽ ഒരാൾ മുങ്ങിമരിച്ചു. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ചോറ്റാനിക്കര എരുവേലി സ്വദേശി ആൽബിൻ ഏലിയാസ് (23) ആണു മരിച്ചത്. കാണാതായ മാനന്തവാടി സ്വദേശി അർജുനായി (23) നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണു തിരച്ചിൽ തുടരുന്നത്.
ഇന്നു മൂന്നു മണിയോടെയാണു സംഭവം. പിറവത്തിനടുത്ത് രാമമംഗലം അപ്പാട്ടുകടവിൽ കുളിക്കാന്‍ എത്തിയതായിരുന്നു ആൽബിനും അര്‍ജുനും മറ്റൊരു സുഹൃത്തായ ഫോർട്ടു കൊച്ചി സ്വദേശിയും. ആൽബിനും അർജുനും കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം. ഇവർക്ക് നീന്തൽ അറിയില്ലായിരുന്നു എന്നും വിവരമുണ്ട്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഒഴുക്കിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്നിരക്ഷാസേന കൂടി എത്തി നടത്തിയ തിരച്ചിലിൽ മുങ്ങിയ സ്ഥലത്തിന് അടുത്തു തന്നെ ആൽബിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൂവാറ്റുപുഴയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് ഏതാനും ദിവസം മുമ്പാണ് മൂവരും ബിടെക് കോഴ്സ് പഠിച്ചിറങ്ങിയത്. രാമമംഗലത്തുള്ള ആൽബിന്റെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു മൂവരും എന്നാണ് വിവരം. പിന്നാലെയാണ് ദുരന്തത്തിൽപ്പെടുന്നത്. ഇവിടെ മുമ്പും ആളുകൾ ഒഴുക്കിൽപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പരിചയമില്ലാത്തവർ ഇറങ്ങുന്നത് അപകടകരമാണെന്നും പുഴയിൽ അത്യാവശ്യം ഒഴുക്കുണ്ടെന്നും നാട്ടുകാർ പറഞ്ഞു. English Summary:
Tragic Drowning Incident in Muvattupuzha River: One Died, Search for another one. |