നാഗ്പുർ∙ സ്വദേശി ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയും സ്വാശ്രയത്വത്തെ പുൽകുകയും മാത്രമാണ് മുന്നോട്ടു പോകാനുള്ള ഏക മാർഗമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. വിജയദശമി ദിനത്തിൽ നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികതീരുവ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കൂടിയാണ് ഭാഗവതിന്റെ പ്രസ്താവന.
‘‘പരസ്പരബന്ധിതമായ ലോകത്ത് ഇന്ത്യ വ്യാപാര പങ്കാളികളെ ആശ്രയിച്ച് നിസ്സഹായതയിലേക്കു വീഴരുത്. തദ്ദേശീയ ഉൽപാദനത്തിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കണം. ‘ആത്മനിർഭർ ഭാരതി’ലൂടെ മാത്രമേ രാജ്യത്തിന് സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കാനുള്ള സാഹചര്യമുണ്ടാകൂ. സ്വദേശിക്കും സ്വാശ്രയത്വത്തിനും പകരം മറ്റൊന്നില്ല. പരസ്പരാശ്രയത്വത്തിലാണ് ലോകം മുന്നോട്ടുപോകുന്നത്. ഒരു രാജ്യത്തിനും ഒറ്റപ്പെട്ടു കഴിയാനാകില്ല. ഈ പരസ്പരാശ്രയത്വം നിർബന്ധിതാവസ്ഥയിലേക്കു വഴിമാറരുത്. സ്വദേശിയിലേക്കും സ്വാശ്രയത്വത്തിലേക്കും നാം മാറണം. അതിനു പകരം മറ്റൊന്നില്ല. നമ്മുടെ ഐക്യം നമ്മുടെ സ്വന്തമായിരിക്കണം.’ –മോഹൻ ഭാഗവത് പറഞ്ഞു.
നേപ്പാളിൽ കെ.പി.ശർമ ഒലി സർക്കാരിനെ വീഴ്ത്തിയ ജെൻ സീ പ്രക്ഷോഭത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. അക്രമാസക്തമായ മുന്നേറ്റങ്ങൾക്ക് രാജ്യത്തെ എവിടേക്കും നയിക്കാനാകില്ല. അത് അരാജകത്വത്തിനു മാത്രമാണ് വഴിതുറക്കുക. രാജ്യത്തിന്റെ അസ്ഥിരത വിദേശശക്തികൾക്ക് കടന്നുവരാൻ വഴിയൊരുക്കുമെന്നും മോഹൻ ഭാഗവത് പറഞ്ഞു. English Summary:
RSS chief Mohan Bhagwat speech: Mohan Bhagwat calls for ‘Atmanirbhar Bharat’ amid US tariff impact. |