ന്യൂഡൽഹി∙ ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതി പ്രമുഖർക്കൊപ്പം നിൽക്കുന്ന മൂന്ന് വ്യാജ ഫോട്ടോകൾ കണ്ടെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ, യുകെയിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവ് എന്നിവരുടെ ഒപ്പമുള്ള വ്യാജ ചിത്രമാണ് ആശ്രമത്തിൽ നിന്ന് കണ്ടെടുത്തത്.
ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക സമിതിയുടെ സ്ഥിരം അംബാസഡർ, ബ്രിക്സ് കൂട്ടായ്മയുടെ പ്രത്യേക ദൂതൻ എന്നിങ്ങനെ രേഖപ്പെടുത്തിയ വ്യാജ ബിസിനസ് കാർഡുകളും കണ്ടെടുത്തിട്ടുണ്ട്. ലൈംഗികാതിക്രമ കേസിൽ പിടിവീണതോടെ ചൈതന്യാനന്ദ സരസ്വതിയുടെ എട്ട് കോടി രൂപയുടെ ആസ്തി മരവിപ്പിച്ചു.
സെക്സ് ടോയിയും അശ്ലീല ദൃശ്യങ്ങൾ അടങ്ങിയതെന്ന് കരുതുന്ന അഞ്ച് സിഡികളും പൊലീസ് പിടിച്ചെടുത്തു. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ചൈതന്യാനന്ദ ഒളിച്ചിരുന്ന ഉത്തരാഖണ്ഡിലെ അൽമോറ, ബാഗേശ്വർ എന്നിവിടങ്ങളിലെ സ്ഥലങ്ങളിലും പൊലീസ് സംഘം സന്ദർശനം നടത്തി. ലൈംഗിക പീഡന പരാതിക്ക് പിന്നാലെ 50 ദിവസം ഒളിവിൽ കഴിഞ്ഞ ചൈതന്യാനന്ദയെ ആഗ്രയിലെ താജ്ഗഞ്ചിലുള്ള ഒരു ഹോട്ടലിൽ നിന്നാണ് കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.
ഡയറക്ടറായിരുന്ന ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റിന്റെ ചുറ്റുപാടുമുള്ള സിസിടിവികൾ നിയന്ത്രിച്ചിരുന്ന ചൈതന്യാനന്ദയുടെ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തിരുന്നു. വിദ്യാർഥിനികളെ പ്രലോഭനങ്ങളിലൂടെ വീഴ്ത്താൻ ശ്രമിച്ചും പിന്നാലെ മാർക്ക് തടയുമെന്നു ഭീഷണിപ്പെടുത്തിയും ലൈംഗികമായി ദുരുപയോഗം ചെയ്യാനായിരുന്നു ചൈതന്യാനന്ദ ശ്രമിച്ചിരുന്നത്.
(Disclaimer: ഈ വാർത്തയ്‌ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ANI എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്) English Summary:
Chaitanyananda Saraswati Case: Fake Photos With Modi & Obama, 8 Crore Assets Frozen |