തിരുവനന്തപുരം ∙ എപ്പോൾ എങ്ങോട്ട് തിരിയും എന്ന് പ്രവചിക്കാനാവാത്ത വാഹനം ഏതെന്ന ചോദ്യവുമായി കേരള പൊലീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്റ് ചർച്ചയാകുന്നു. നിങ്ങളിലെല്ലാം അങ്ങനെയല്ല, എന്നാലും ചിലരങ്ങനെയുണ്ട് എന്ന് സൂചിപ്പിച്ചാണ് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ അശ്രദ്ധ ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റ്.
ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടു വലത്തേക്ക് തിരിയുക, നടുറോഡിൽ പെട്ടെന്ന് നിർത്തുക, ഇൻഡിക്കേറ്റർ ഇടാതെ സിഗ്നൽ നൽകാതെ പിന്നിൽ നിന്ന് വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ പെട്ടെന്ന് വെട്ടിത്തിരിച്ച് അപ്രതീക്ഷിത യു-ടേൺ എടുക്കുക തുടങ്ങിയവ കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. ദയവായി ഇൻഡിക്കേറ്ററുകൾക്ക് അനുസരിച്ച് മാത്രം ഓട്ടോ തിരിക്കണമെന്നാണ് നിർദേശം. നിരവധി കമന്റുകളാണ് പോസ്റ്റിനെ അനുകൂലിച്ച് എത്തുന്നത്. ചിലർ പൊലീസ് ജീപ്പും ഇങ്ങനെയെല്ലേന്ന് ചോദിക്കുന്നുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വളരെ സ്നേഹത്തോടെ ഒരു കാര്യം ഓർമിപ്പിക്കട്ടെ. മൂന്നു വീലിൽ ഓടുന്നതിനാൽ പെട്ടെന്ന് തിരിക്കാവുന്ന വാഹനമാണ് ഓട്ടോറിക്ഷ. എന്നാൽ അതേ പോലെ തന്നെ പെട്ടെന്ന് മറിയാനിടയുള്ള വാഹനവുമാണ്. കൂടാതെ ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടു വലത്തേക്ക് തിരിയുക, നടുറോഡിൽ പെട്ടെന്ന് നിർത്തുക, ഇൻഡിക്കേറ്റർ ഇടാതെ സിഗ്നൽ നൽകാതെ പുറകിൽ നിന്ന് വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ പെട്ടെന്ന് വെട്ടിത്തിരിച്ച് അപ്രതീക്ഷിത യു-ടേൺ എടുക്കുക തുടങ്ങിയവ കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കുന്നു. ദയവായി ഇൻഡിക്കേറ്ററുകൾക്ക് അനുസരിച്ച് മാത്രം വാഹനം തിരിക്കുക. വാഹനം നിർത്തുന്നതിനു മുൻപ് റോഡിലെ മറ്റു വാഹനങ്ങൾക്ക് സിഗ്നൽ നൽകുക. യു ടേൺ എടുക്കുന്നതിന് മുൻപ് ഇൻഡിക്കേറ്റർ ഇട്ട് റോഡിൽ ഇടതുവശം ചേർന്ന് നിന്ന ശേഷം വണ്ടി വലത്തോട്ട് തിരിയാൻ പോകുകയാണ് എന്ന സിഗ്നൽ കാണിച്ച് പുറകിൽ നിന്ന് വാഹനങ്ങൾ വരുന്നില്ല എന്ന് ഉറപ്പുവരുത്തി മാത്രം യു ടേൺ എടുക്കുക.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @keralapolice/facebook എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Traffic Rules & Auto-Rickshaws: Auto Rickshaw driving safety is crucial for all road users. Kerala police article discusses the importance of following traffic rules while driving auto rickshaws to prevent accidents and ensure road safety. |