കോട്ടയം ∙ ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ച വാഹനങ്ങൾ ഇന്ത്യയിലേക്കു കടത്തി വിൽക്കുന്ന റാക്കറ്റിനെ പിടികൂടാനുള്ള ഓപ്പറേഷൻ നുംകൂറിന്റെ വാർത്തകൾ പുറത്തുവരുമ്പോൾ ചർച്ചയാകുന്നത് ചലച്ചിത്രതാരങ്ങളടക്കം പ്രതികളായ പുതുച്ചേരി വാഹന തട്ടിപ്പാണ്. നികുതി വെട്ടിക്കാനായി വ്യാജരേഖ ചമച്ച് കേരളത്തിലെ 2357 വാഹനങ്ങൾ പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തെന്ന് 2019ൽ കണ്ടെത്തിയിരുന്നു. നടനും നിലവിൽ കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി, നടൻ ഫഹദ് ഫാസിൽ, നടി അമല പോൾ ഉൾപ്പെടെ പ്രമുഖരായിരുന്നു കേസിലെ പ്രതികൾ.
രണ്ട് കാറുകളുടെ റജിസ്ട്രേഷനിലാണു കേസെടുത്തതെങ്കിലും ഒരു കാറിന്റെ കേസിലാണു സുരേഷ് ഗോപിയ്‌ക്കെതിരായ കുറ്റപത്രം സമർപ്പിച്ചത്. പുതുച്ചേരി ചാവടിയിലെ അപ്പാർട്മെന്റിൽ താൽക്കാലിക താമസക്കാരൻ എന്ന രീതിയിലാണ് 2010ൽ വാങ്ങിയ കാർ സുരേഷ് ഗോപി റജിസ്റ്റർ ചെയ്തത്. വ്യാജ മേൽവിലാസത്തിലെ റജിസ്ട്രേഷനിലൂടെ 16 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചെന്നായിരുന്നു കണ്ടെത്തൽ. റജിസ്ട്രേഷനു വേണ്ടി വ്യാജ സത്യവാങ്മൂലവും വ്യാജ സീലും ഉപയോഗിച്ചെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. രേഖകൾ വ്യാജമാണെന്നു സമ്മതിക്കുന്ന നോട്ടറിയുടെ മൊഴിയും സുരേഷ് ഗോപി അപ്പാർട്മെന്റിലെ താമസക്കാരനല്ലെന്ന കെട്ടിട ഉടമയുടെ മൊഴിയുമായിരുന്നു പ്രധാന തെളിവുകൾ. കേസിൽ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. പഴം പഴുത്തില്ലെന്ന് പറഞ്ഞ കടയുടമയെ വെട്ടി, വീട്ടിലേക്ക് പടക്കമേറ്, വാഹനങ്ങൾ അടിച്ചുതകർത്തു: മണ്ണന്തലയിൽ ഗുണ്ടാവിളയാട്ടം
അഭിനേതാക്കളായ ഫഹദ് ഫാസിൽ, അമല പോൾ എന്നിവർക്കെതിരെയും വാഹന റജിസ്ട്രേഷൻ തട്ടിപ്പിനു കേസ് എടുത്തിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. ബെംഗളൂരുവിൽനിന്നു വാഹനം വാങ്ങിയ അമല കേരളത്തിൽ എത്തിച്ചിട്ടില്ലാത്തതിൽ കേരള പൊലീസിനു നടപടി സ്വീകരിക്കാനായില്ല. ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നു വാഹനം വാങ്ങിയ ഫഹദ് തെറ്റു മനസ്സിലായപ്പോൾ കേരളത്തിലേക്കു റജിസ്ട്രേഷൻ മാറ്റുകയും 19 ലക്ഷം രൂപ പിഴ അടയ്ക്കുകയും ചെയ്തു. കേസിൽ ഫഹദ് ഫാസിലിനെയും അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം pearlemaaney, Amala Paul, Suresh Gopi എന്നീ ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകളിൽ നിന്ന് എടുത്തതാണ്. English Summary:
Puducherry Vehicle Scam: Following the Bhutan vehicle racket news, recalling the previous case involving celebrities. The 2019 discovery of 2357 vehicles fraudulently registered in Puducherry to evade taxes highlights the scale, with notable figures like Suresh Gopi, Fahadh Faasil, and Amala Paul implicated. |