ന്യൂഡൽഹി∙ ഇന്ത്യയിൽ അപകീർത്തിപ്പെടുത്തൽ ക്രിമിനൽ കുറ്റമല്ലാതാക്കാൻ സമയമായെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) ഒരു പ്രഫസർ, ഓൺലൈൻ വാർത്താ മാധ്യമമായ ‘ദ് വയറി’നെതിരെ നൽകിയ അപകീർത്തിപ്പെടുത്തൽ കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
2016ൽ ‘ദ് വയർ’ പ്രസിദ്ധീകരിച്ച ഒരു വാർത്താ ലേഖനത്തെ തുടർന്നായിരുന്നു കേസ്. ‘‘ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി: വിഘടനവാദത്തിന്റെയും ഭീകരതയുടെയും കേന്ദ്രം’’ (Jawaharlal Nehru University: The Den of Secessionism and Terrorism) എന്ന തലക്കെട്ടിലുള്ള 200 പേജുള്ള വിവാദപരമായ ഒരു രേഖ തയാറാക്കിയതിൽ പ്രഫസർക്ക് പങ്കുണ്ടെന്ന് ലേഖനത്തിൽ ആരോപിച്ചിരുന്നു. ജെഎൻയുവിനെ സംഘടിത സെക്സ് റാക്കറ്റിന്റെ താവളം എന്നും ലേഖനത്തിൽ വിശേഷിപ്പിച്ചിരുന്നു. ഈ കേസിൽ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമൻസ് ഡൽഹി ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരെ ‘ദ് വയർ’ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് എം.എം.സുന്ദരേശ്, ‘അപകീർത്തിപ്പെടുത്തൽ ക്രിമിനൽ കുറ്റമല്ലാതാക്കാൻ സമയമായി എന്ന് ഞാൻ കരുതുന്നു’ എന്ന് അഭിപ്രായപ്പെട്ടു. ‘ദ് വയറി’ന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയുടെ ഈ നിരീക്ഷണത്തോടു യോജിക്കുകയും, ഈ വിഷയത്തിൽ നിയമപരമായ പരിഷ്കരണങ്ങൾ ആവശ്യമാണെന്ന് പിന്തുണയ്ക്കുകയും ചെയ്തു. English Summary:
Defamation laws in India are being questioned by the Supreme Court. The court\“s observation suggests a potential shift towards decriminalizing defamation, highlighting the need for legal reforms concerning freedom of speech and online journalism. This comes as the court is hearing a case by The Wire about an article published in 2016. |