ലണ്ടൻ ∙ കുടിയേറ്റ നയത്തിൽ മാറ്റം വരുത്താനൊരുങ്ങി യുകെയും ചൈനയും. യുകെയിലേക്ക് ആഗോള പ്രതിഭകളെ ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മര്‍ പദ്ധതിയിടുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ പ്രഫഷനലുകളെ ആകർഷിക്കാൻ കെ വീസ നടപ്പാക്കാനാണ് ചൈന ഒരുങ്ങുന്നത്. എച്ച് 1 ബി വീസയ്ക്കുള്ള വാര്‍ഷിക ഫീസ് നിരക്ക് ഒരുലക്ഷം ഡോളറാക്കി യുഎസിലെ ട്രംപ് ഭരണകൂടം ഉയര്‍ത്തിയതിനു തൊട്ടുപിന്നാലെയാണ് ചൈനയുടെയും ബ്രിട്ടന്റെയും നീക്കം.
വീസ ഫീസ് ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ യുകെ ആരംഭിച്ചതായും യുഎസിന്റെ കുടിയേറ്റ നിയന്ത്രണ നടപടി വിജയമാക്കി മാറ്റാന്‍ ശ്രമങ്ങൾ ആരംഭിച്ചതായുമാണ് റിപ്പോർട്ടുകൾ. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച ശാസ്ത്രജ്ഞരെയും അക്കാദമിക് വിദഗ്ധരെയും ഡിജിറ്റല്‍ വിദഗ്ധരെയും യുകെയിലേക്ക് ആകര്‍ഷിക്കാനുള്ള നയങ്ങള്‍ രൂപീകരിക്കാനാണ് തീരുമാനം.
ലോകത്തിലെ മികച്ച അഞ്ച് സര്‍വകലാശാലകളില്‍ പഠിച്ചവരോ അഭിമാനകരമായ പുരസ്‌കാരങ്ങള്‍ നേടിയവരോ ആയ ആളുകളെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നതെന്ന് യുകെയിലെ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. യുകെയിലെ നിലവിലെ വീസ സംവിധാനത്തെ ഒരു ഉദ്യോഗസ്ഥ ദുഃസ്വപ്നം എന്നാണ് ഔദ്യോഗികവൃത്തങ്ങളില്‍ ഉള്ളവര്‍ തന്നെ വിശേഷിപ്പിക്കുന്നത്. നിലവാരം കുറയ്ക്കുന്നതിനല്ല, മറിച്ച് ഏറ്റവും മിടുക്കരെ ബ്രിട്ടനിലേക്ക് എത്തിക്കുന്നതിനാണ് പുതിയ നടപടിയെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.
സയന്‍സ്, സാങ്കേതിക മേഖല, എന്‍ജിനീയറിങ്, ഗണിത ശാസ്ത്രം തുടങ്ങിയ മേഖലകളില്‍നിന്നുള്ള പ്രഫഷനലുകളെ ആകര്‍ഷിക്കാന്‍ കെ വീസ അവതരിപ്പിക്കാനാണ് ചൈനയുടെ നീക്കം. ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ കെ വീസകള്‍ പ്രാബല്യത്തില്‍ വരുമെന്ന് സ്റ്റേറ്റ് കൗണ്‍സില്‍ അറിയിച്ചു. വിദേശത്തുനിന്നുള്ള യുവ ശാസ്ത്ര സാങ്കേതിക പ്രതിഭകള്‍ക്കുവേണ്ടി പ്രത്യേകമായി രൂപപ്പെടുത്തിയതാണ് കെ വീസയെന്ന് ചട്ടത്തില്‍ മാറ്റംവരുത്തിക്കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു. ശാസ്ത്ര-സാങ്കേതിക മേഖലയില്‍ പഠനം നടത്തുന്നതോ ജോലിചെയ്യുന്നതോ ആയ യുവാക്കള്‍ക്കു വേണ്ടിയുള്ളതാണ് കെ വീസ. അംഗീകൃത സര്‍വകലാശാലകളില്‍നിന്നോ ഗവേഷക സ്ഥാപനങ്ങളില്‍നിന്നോ ശാസ്ത്രം, സാങ്കേതികം, എന്‍ജിനീയറിങ്, ഗണിതശാസ്ത്രം എന്നീ മേഖലകളില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. English Summary:
UK, China to Revamp Immigration Policy: Both the UK and China are implementing new visa programs to attract professionals in science, technology, engineering, and mathematics. |