ന്യുഡൽഹി. എയർ ഇന്ത്യ വിമാനാപകടത്തിൽ പൈലറ്റിൻ്റെ പിഴവുണ്ടെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ നിന്നുള്ള വിവരങ്ങൾ ചോർന്ന സംഭവം നിരീക്ഷിച്ച് സുപ്രീം കോടതി. എൻജിഒ സേഫ്റ്റി മാറ്റേഴ്‌സ് ഫൗണ്ടേഷൻ നൽകിയ ഹർജിയിൽ ഇതു വളരെ ദൗർഭാഗ്യകരമാണെന്ന് കോടതി വ്യക്തമാക്കി. വിമാനം പറന്നുയർന്നു വെറും 3 സെക്കൻഡിനുള്ളിൽ, എൻജിനിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ ഓഫ് ആയതാണ് അപകടത്തിനു കാരണമായതെന്നായിരുന്നു എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.
സ്വിച്ചുകൾ ഓഫ് ആക്കിയശേഷം ഓണാക്കിയതായും റിപ്പോർട്ടിലുണ്ടായിരുന്നു.വിമാനം പറത്തിയ ഫസ്റ്റ് ഓഫിസർ ക്ലൈവ് കുന്ദർ, എന്തിനാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് പരിചയ സമ്പന്നനായ ക്യാപ്റ്റൻ സുമീത് സബർവാളിനോട് ചോദിച്ചതായി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ വിവരങ്ങളാണ് ചോർന്നത്. വിമാനാപകടത്തിനു പിന്നിൽ പൈലറ്റിൻ്റെ പിഴവാണെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. റിപ്പോർട്ടിലെ വിവരങ്ങൾ ചോർന്നതിനെ പരാമർശിച്ച് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഇത് വളരെ ദൗർഭാഗ്യകരമാണെന്നു വ്യക്തമാക്കി.
English Summary:
Air India Crash Report Leak: Air India Flight Accident investigation details were leaked and the Supreme Court has commented on the unfortunate situation. |