ശബരിമല∙ രാഷ്ട്രപതിയുടെ ഇന്നത്തെ സന്ദർശനം പ്രമാണിച്ചു സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങൾ കർശന സുരക്ഷയിൽ. തിരുമുറ്റം, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, രാഷ്ട്രപതി താമസിക്കുന്ന ദേവസ്വം ഗെസ്റ്റ്ഹൗസ് എന്നിവ പ്രത്യേക സുരക്ഷാ സംഘത്തിന്റെ നിയന്ത്രണത്തിലാണ്. പമ്പ ഗണപതികോവിലിലാണ് രാഷ്ട്രപതിയുടെ കെട്ടുമുറുക്ക്. അവിടെയും പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കൽ ഹെലിപാഡിൽ ഇറങ്ങുന്ന രാഷ്ട്രപതിയെ മന്ത്രി വി.എൻ.വാസവൻ സ്വീകരിക്കും. റോഡ് മാർഗമാണ് പമ്പയിൽ എത്തുന്നത്. നിലയ്ക്കൽ ഹെലിപാഡ് മുതൽ പമ്പ വരെ പൊലീസും വനംവകുപ്പും ചേർന്നു പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. എല്ലാ വളവിനും പൊലീസും വനപാലകരും ഡ്യൂട്ടിയിലുണ്ട്.
അട്ടത്തോട് ആദിവാസി കോളനിയിലെ എല്ലാ കടകൾക്കു മുൻപിലും ബാരിക്കേഡ് കെട്ടി പൊലീസ് കാവൽ ഏർപ്പെടുത്തി. കടകൾ തുറക്കരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്. നിലയ്ക്കൽ നിന്നു പമ്പയിലേക്ക് റോഡ് മാർഗം എത്തുന്നതിനാൽ സുരക്ഷാ വാഹന വ്യൂഹം ഒരുക്കി ട്രയൽറൺ നടത്തി. പമ്പ–സന്നിധാനം പാതയിലും ഇന്നലെ ട്രയൽറൺ നടന്നു. സ്വാമി അയ്യപ്പൻ റോഡിലൂടെയാണ് രാഷ്ട്രപതിയുടെ വാഹനം കടന്നു പോകുന്നത്.മലകയറും മുൻപ് രാഷ്ട്രപതിക്ക് പമ്പാ സ്നാനം നടത്താൻ ത്രിവേണിയിൽ ജലസേചന വകുപ്പ് താൽക്കാലിക സ്നാനഘട്ടം ഒരുക്കിയിട്ടുണ്ട്. ഇന്നലെ പകൽ മുഴുവൻ ചാറ്റൽ മഴയായിരുന്നു. ഇന്നു മഴ മുന്നറിയിപ്പ് ഉണ്ട്. മഴ പെയ്തു പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നാൽ അടിയന്തര ആവശ്യത്തിനായി ഉപയോഗിക്കാൻ 2 ഡിങ്കിയും തയാറാക്കിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയും (എൻഡിആർഎഫ്) എത്തിയിട്ടുണ്ട്.
തീർഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തവിധത്തിലാണു പൊലീസ് ഇന്നലെയും സുരക്ഷാ പരിശോധന നടത്തിയത്. 12,500 പേർക്കാണ് ഇന്നലെ ദർശനത്തിനുള്ള വെർച്വൽ ക്യു അനുവദിച്ചത്. വെർച്വൽക്യു ഇല്ലാതെ എത്തിയവർക്കു സ്പോട് ബുക്കിങ് വഴി സന്നിധാനത്ത് എത്തി ദർശനം നടത്താൻ വേണ്ട സൗകര്യങ്ങൾ നൽകി. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ജോലി നോക്കുന്ന ദേവസ്വം ഉൾപ്പെടെ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർക്ക് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി പ്രത്യേക പാസ് നൽകി. English Summary:
President\“s Sabarimala visit involves tight security measures across Sannidhanam, Pamba, and Nilakkal. Special security teams control key areas, ensuring a safe and smooth visit for the President and facilitating devotees\“ darshan with minimal disruption. |