ഒട്ടാവ∙ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനു നേർക്കു ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുൻ. കാനഡയിൽ അറസ്റ്റിലായി ഒരാഴ്ചയ്ക്കുള്ളിൽ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ മറ്റൊരു ഖലിസ്ഥാൻ ഭീകരൻ ഇന്ദർജീത് സിങ് ഗോസലിനൊപ്പമായിരുന്നു പന്നുന്റെ ഭീഷണി. ഒന്റാറിയോ സെൻട്രൽ ഈസ്റ്റ് കറക്‌ഷനൽ സെന്ററിൽനിന്ന് ഗോസൽ പുറത്തിറങ്ങിയ ഉടനെ നടത്തിയ ഭീഷണിയുടെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. താനിപ്പോൾ സ്വതന്ത്രനാണെന്നും പ്രഖ്യാപിത ഖലിസ്ഥാൻ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ പന്നുനെ പിന്തുണയ്ക്കുമെന്നും ജയിലിനു പുറത്ത് വച്ച് ഇയാൾ പ്രഖ്യാപിക്കുകയും ചെയ്തു.
‘‘ഇന്ത്യ, ഞാൻ പുറത്തെത്തി; ഗുർപട്‌വന്ത് സിങ് പന്നുനെ പിന്തുണയ്ക്കാൻ, 2025 നവംബർ 23ന് ഖലിസ്ഥാൻ ഹിതപരിശോധന സംഘടിപ്പിക്കാൻ... ഡൽഹി ബനേഗാ ഖലിസ്ഥാൻ (ഡൽഹി ഖലിസ്ഥാനായി മാറും)’’ – വിഡിയോയിൽ ഗോസൽ പറയുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവിനുനേർക്കായിരുന്നു പന്നുന്റെ ഭീഷണികൾ. ‘‘അജിത് ഡോവൽ, എന്തുകൊണ്ടാണ് നിങ്ങൾ കാനഡയിലോ, അമേരിക്കയിലോ, അല്ലെങ്കിൽ ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിലോ വന്ന് അറസ്റ്റ് ചെയ്യാനോ കുറ്റവാളികളെ കൈമാറ്റം ചെയ്യാനോ ശ്രമിക്കാത്തത്. ഡോവൽ, ഞാൻ നിങ്ങൾക്കായി കാത്തിരിക്കുകയാണ്’’ – പന്നുൻ പറഞ്ഞു.
ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ചതിനു നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്ജെ) തലവനായ പന്നുനെതിരെ അടുത്തിടെ കേസെടുത്തിരുന്നു. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയർത്തുന്നതു തടയുന്നവർക്ക് 11 കോടി രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത പ്രസംഗത്തിന്റെ പേരിലായിരുന്നു ഇത്.VD Satheesan, Kerala Politics, CPM BJP Alliance, UDF Allegations, Ayyappa Sangamam, Minority Appeasement, Majority Appeasement, Malayala Manorama Online News, Political Controversy Kerala, Kerala Secularism, വി.ഡി. സതീശൻ, കേരള രാഷ്ട്രീയം, LDF Government Criticism, വർഗീയത, ശബരിമല വിഷയം
∙ ഗോസലിന്റെ അറസ്റ്റും ജാമ്യവും
ഹർദീപ് സിങ് നിജ്ജാറിന്റെ മരണശേഷം 2023ൽ എസ്എഫ്ജെയുടെ കാനഡയിലെ സംഘാടകനായി മാറിയിരുന്നു പന്നുന്റെ വലംകൈയായ ഗോസൽ. സെപ്റ്റംബർ 19 ന് ഒന്റാറിയോയിലെ ഒരു ട്രാഫിക് പരിശോധനയിൽ അറസ്റ്റിലായ മൂന്ന് ഖലിസ്ഥാൻ വിഘടനവാദികളിൽ ഒരാളായിരുന്നു ഇയാൾ. ന്യൂയോർക്കിൽനിന്നുള്ള ജഗ്ദീപ് സിങ്, ടൊറന്റോയിൽനിന്നുള്ള അർമാൻ സിങ് എന്നിവരും ഇയാൾക്കൊപ്പം ഉണ്ടായിരുന്നു. മൂന്നു പേർക്കെതിരെയും ആയുധ നിയമപ്രകാരം കേസെടുക്കുകയും തിങ്കളാഴ്ച ഒന്റാറിയോ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. അശ്രദ്ധമായി ആയുധം ഉപയോഗിക്കൽ, അപകടകരമായ ആവശ്യങ്ങൾക്കായി ആയുധം കൈവശം വയ്ക്കൽ, ഒളിപ്പിച്ച് ആയുധം കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയതെന്ന് കനേഡിയൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിരുന്നു അറസ്റ്റുകളെന്നും അവർ വ്യക്തമാക്കി. ഇന്നലെയാണ് ഗോസലിന് ജാമ്യം ലഭിച്ചത്.
കാനഡയിൽ ഇയാൾ അറസ്റ്റിലാകുന്നതും ഇത്ര വേഗത്തിൽ ജാമ്യം ലഭിക്കുന്നതും ആദ്യമായിട്ടല്ല. കഴിഞ്ഞ വർഷം നവംബറിൽ ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിൽ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പീൽ റീജിയണൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. അന്നും ഉടൻ തന്നെ ജാമ്യം ലഭിക്കുകയും ചെയ്തു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @iAtulKrishan1 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Khalistan terrorist Pannun is threatening Ajit Doval: Pannun issued the threat alongside another Khalistan terrorist, Inderjeet Singh Gosal, who was recently released on bail in Canada.  |