തിരുവനന്തപുരം∙ തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ ഷാള്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും. കാട്ടാക്കട വീരണകാവ് വില്ലേജില്‍ അരുവിക്കുഴി മുരിക്കത്തറതല വീട്ടില്‍ ഗായത്രിയെ (25) കൊലപ്പെടുത്തിയെന്ന കേസില്‍ കൊല്ലം സ്വദേശി പ്രവീണിനാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. തിരുവനന്തപുരം അഞ്ചാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി സിജു ഷെയ്ക്കാണ് വിധി പറഞ്ഞത്.
2022 മാര്‍ച്ച് 5ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീണ്‍ ഗായത്രിയുമായി പ്രണയത്തിലായിരുന്നു. 2021ല്‍ വെട്ടുകാട് പള്ളിയില്‍ ഇയാള്‍ ഗായത്രിയെ വിവാഹം കഴിച്ചു. പിന്നീട് ഗായത്രിയെ ഒഴിവാക്കാന്‍ തീരുമാനമെടുത്തു. 2022 മാര്‍ച്ച് 5ന് തമ്പാനൂര്‍ അരിസ്റ്റോ ജംക്‌ഷന് സമീപമുള്ള ഹോട്ടലില്‍ മുറി വാടകക്ക് എടുത്ത് ഗായത്രിയെ അവിടേയ്ക്കു കൊണ്ടുവന്നു. വൈകിട്ട് അഞ്ചു മണിയോടെ മുറിക്കുള്ളില്‍ വച്ച് ഗായത്രി ധരിച്ചിരുന്ന ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ ചുറ്റി വലിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.
ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ പൂര്‍ണമായും സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഹോട്ടല്‍ മുറിയില്‍ നിന്നു ശേഖരിച്ച വിരലടയാളങ്ങള്‍ പ്രതിയുടേതാണെന്നു കണ്ടെത്തി. പ്രതിയും ഗായത്രിയും ഗായത്രിയുടെ ബന്ധുക്കളും തമ്മില്‍ നടത്തിയ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളുടെ സമയക്രമവും, പ്രതിയും ഗായത്രിയും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളുടെ ടവര്‍ ലൊക്കേഷനുകളും പ്രതിക്കെതിരെയുള്ള തെളിവുകളായി. ഗായത്രിയുടെ കഴുത്തിലുണ്ടായിരുന്ന മുറിവുകള്‍ ഒരിക്കലും ആത്മഹത്യയുടെ ഭാഗമായി ഉണ്ടാകില്ല എന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ നല്‍കിയ മൊഴിയും കേസില്‍ നിര്‍ണായകമായി. English Summary:
Thampanoor murder case: Results in life imprisonment for the accused. Praveen was convicted of murdering Gayathri in a hotel room in Thampanoor, Thiruvananthapuram, and the court relied on circumstantial and scientific evidence in the absence of eyewitnesses. |