ഗുവാഹത്തി∙ ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന് അന്തിമോപചാരം അർപ്പിക്കാൻ ഗുവാഹത്തിയിലെ സരുസജായി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി ആരാധകർ. മൃതദേഹം കാണാനായി രാത്രി മുഴുവൻ ആരാധകർ ക്ഷമയോടെ വരിയിൽ കാത്തുനിന്നു. പരമ്പരാഗത അസമീസ് ഗാമോസ കൊണ്ട് പൊതിഞ്ഞ് ഗ്ലാസ് പെട്ടിയിൽ സൂക്ഷിച്ച അദ്ദേഹത്തിന്റെ ശരീരത്തിന് സമീപം ആരാധകർ പൂക്കളും ഗാമോസകളും അർപ്പിച്ചു.
ആദരാഞ്ജലികൾ അർപ്പിച്ചിട്ടും പുറത്തുപോകാൻ തയാറാവാതെ ആരാധകർ വേദിക്ക് പുറത്ത് അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ചു. തീവ്രമായ ചൂട് സഹിക്കാനാവാതെ നിരവധി പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.
“സുബീൻ അസമിൽ ഇത്ര പ്രശസ്തനാണെന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ല,“ എന്നാണ് എക്സിൽ ഒരാൾ പങ്കുവച്ചത്. അസാം ജനത അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്നും, അദ്ദേഹത്തിന്റെ സംഗീതം ആളുകളെ അതിരുകൾ ഭേദിച്ചു സ്നേഹിക്കാൻ പഠിപ്പിച്ചുവെന്നും നിരവധിപേർ എക്‌സിൽ കുറിച്ചു.
ഗുവാഹത്തിക്ക് സമീപം സോനാപൂർ റവന്യൂ സർക്കിളിലെ കമർകുച്ചി എൻസി ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംസ്കാരം. അദ്ദേഹത്തിന് അന്ത്യവിശ്രമമൊരുക്കുന്ന സ്ഥലം ശനിയാഴ്ച രാത്രി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സന്ദർശിച്ചിരുന്നു. സിംഗപ്പൂരിൽ വച്ച് സ്‌കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തിലാണ് സുബീൻ മരിച്ചത്. English Summary:
Singer Zubeen Garg\“s funeral saw a massive outpouring of grief and respect from fans: His music deeply resonated with the people of Assam, fostering love and unity. The singer\“s final rites were held with state honors, reflecting his immense popularity and cultural impact. |