കൊച്ചി∙ ‘‘ആൾത്താമസമില്ലാത്ത വീട്ടിൽ വെളിച്ചം കാണുന്നതായി പൊലീസ് കൺട്രോൾ റൂമിലേക്ക് ഒരു കോൾ വന്നതാണ് തുടക്കം. പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന ഞങ്ങൾ അങ്ങോട്ട് കുതിച്ചു. പുറകുവശത്തെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. അകത്തു കയറിയപ്പോൾ കണ്ടത് തൂങ്ങിനിന്ന് പിടയുന്ന ഒരാളെ’’– സബ് ഇൻസ്പെക്ടർ പി.ജി.ജയരാജ് പറയുന്നു. കൺട്രോൾ റൂമിലേക്കെത്തിയ ആ കോൾ രക്ഷിച്ചത് വിലപ്പെട്ട ജീവനാണ്. ദൗത്യത്തിൽ ഏർപ്പെട്ട സൗത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാകട്ടെ മറക്കാനാകാത്ത അനുഭവവും. സബ് ഇൻസ്പെക്ടർ പി.ജി.ജയരാജിനെ കൂടാതെ സിവിൽ പൊലീസ് ഓഫിസർമാരായ നിതീഷ്, സുധീഷ് എന്നിവരാണ് പട്രോളിങ് സംഘത്തിലുണ്ടായിരുന്നത്.
‘‘11 മണിക്കാണ് പട്രോളിങ് ഡ്യൂട്ടിക്ക് ഇറങ്ങിയത്. പനമ്പള്ളി നഗറിൽ എത്തിയപ്പോഴാണ് കൊച്ചുകടവന്ത്ര ഭാഗത്ത് ആൾതാമസമില്ലാത്ത വീട്ടിൽ ആളനക്കം ഉണ്ടെന്ന് കോൾ വന്നത്. ഉടനെ സ്ഥലത്തെത്തി. സുധീഷും നിതീഷും മതിൽ ചാടി വളപ്പിൽ കിടന്നു. അടുക്കള വാതിൽ തുറന്നാണ് കിടന്നത്. അകത്ത് ഒരാൾ തൂങ്ങി നിന്നു പിടയുന്നു. പെട്ടെന്നു വണ്ടിയെടുക്കാൻ പറഞ്ഞു. ഉടനെ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു’’–ജയരാജ് പറഞ്ഞു.
∙ ജീവൻരക്ഷാ ദൗത്യം ഇങ്ങനെ:
നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന സൗത്ത് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് 112 ൽ നിന്ന് ഒരു അറിയിപ്പ് കിട്ടി. കൊച്ചുകടവന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് അടുത്തുള്ള ആൾതാമസമില്ലാത്ത വീട്ടിൽ വെളിച്ചം കാണുന്നു. അവിടെ ആരോ കയറിയിട്ടുണ്ട്. പരിസരവാസികളാണ് കൺട്രോൾ റൂമിലേക്ക് വിളിച്ചത്. അവിടേക്ക് പാഞ്ഞെത്തിയ പട്രോളിങ് ടീം പരിസരവാസികളോടു കാര്യം തിരക്കി. അവിടെ താമസിച്ചിരുന്നവർ കുടുംബപ്രശ്നങ്ങൾ കാരണം വരാറില്ലെന്നും, എന്നാൽ വൈകുന്നേരം കുടുംബനാഥനെ പരിസരത്തു കണ്ടതായും വിവരം ലഭിച്ചു. ഉടനെ പൊലീസ് മതിൽ ചാടി കടന്നു വീട്ടുവളപ്പിലെത്തി.
വീടിന്റെ മുൻ വാതിൽ പൂട്ടിയിരുന്നു. അടുക്കള വാതിൽ തുറന്നു കിടക്കുകയായിരുന്നു. അകത്ത് കയറിയ പൊലീസ് കണ്ടത് കിടപ്പു മുറിയിൽ കെട്ടിത്തൂങ്ങിയ ഒരാളെയാണ്. പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ അയാളെ താങ്ങി പിടിച്ച് കെട്ടിത്തൂങ്ങിയിരുന്ന തുണി അറുത്തു. പൊലീസ് ജീപ്പിൽ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു.
∙ എവിടെകിട്ടും ഫിലാഡൽഫിയ കോളർ?
കെട്ടിത്തൂങ്ങിയതിനാൽ കഴുത്തിൽ പ്രശ്നമുണ്ടാകാതിരിക്കാൻ ഫിലാഡൽഫിയ കോളർ വേണമെന്ന് ഡോക്ടർമാർ പറഞ്ഞു. നഗരത്തിൽ രാത്രി പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പുകളിൽ കോളർ തിരക്കി പൊലീസ് കയറിയിറങ്ങി. ഒടുവിൽ സ്വകാര്യ ആശുപത്രിയിലെ പിആർഒയെ കണ്ട് അവിടെ നിന്നു കോളർ വാങ്ങി ഉടനെ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇതിനിടയ്ക്ക് പൊലീസ് അയാളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ബന്ധുക്കളെത്തുന്നവരെ പൊലീസ് സംഘം അവിടെ തുടർന്നു. English Summary:
Kochi police rescued a man attempting suicide in house: The night patrol team responded to a call and found him hanging, quickly providing first aid and transporting him to the hospital. Their swift action and search for a Philadelphia collar saved his life. |