ബാലരാമപുരം∙ രണ്ടുവയസ്സുകാരിയെ അമ്മാവൻ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയായ അമ്മ ശ്രീതുവിനെ ജയിലിനു പുറത്തിറക്കാന്‍ സഹായിച്ചത് മാഫിയ സംഘമെന്ന് പൊലീസ്. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ജാമ്യത്തിലിറക്കാൻ ബന്ധുക്കളും അടുപ്പമുള്ളവരും എത്താത്തതിനാൽ 7 മാസത്തിലധികം ജയിലിൽ കഴിഞ്ഞ ശ്രീതുവിനെ പുറത്തിറക്കിയത് ലഹരിമരുന്ന് കടത്തും കച്ചവടവും മോഷണവും സെക്സ് റാക്കറ്റും നടത്തുന്ന സംഘമാണെന്ന് പൊലീസ് കണ്ടെത്തി.
വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണക്കേസിൽ അറസ്റ്റിലായ ഇളയരാജ എന്നറിയപ്പെടുന്ന തമിഴ്നാട് സ്വദേശിയും ഇയാളുടെ ഭാര്യയും ചേർന്നാണ് ശ്രീതുവിനെ ജാമ്യത്തിലിറക്കി തമിഴ്നാട് അതിർത്തിയോട് ചേർന്ന പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ എത്തിച്ചത്. തമിഴ്നാട്ടിൽ നിന്ന് ആഡംബര കാറുകളിൽ കേരളത്തിലെത്തുന്ന ഇവർ മോഷണവും ലഹരിക്കച്ചവടവും നടത്തും.
തുടർന്ന് വാഹനങ്ങൾ മാറിക്കയറി തമിഴ്നാട്ടിലെത്തും. കഴക്കൂട്ടം, തുമ്പ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. ശ്രീതുവിനെ ഉപയോഗിച്ച് തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിലരുമായി ബന്ധപ്പെട്ടതിന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബാലരാമപുരം പൊലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതിനിടെ ഇവരെ ആരോ തട്ടിക്കൊണ്ടുപോയെന്ന് പ്രചരിപ്പിച്ചതായി പൊലീസ് പറയുന്നു. ഇതുസംബന്ധിച്ച് പാലക്കാട് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ജനുവരി 30ന് പുലർച്ചെയാണ് കുട്ടിയെ ഇവർ താമസിക്കുന്ന വാടക വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരികുമാറും ശ്രീതുവും തമ്മിൽ വഴിവിട്ട ബന്ധമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഹരികുമാറിന് കുട്ടിയെ ഇഷ്ടമല്ലായിരുന്നു. ഇതോടെയാണ് കൊല്ലാൻ തീരുമാനിച്ചത്. കൊലപാതകത്തിൽ ശ്രീതുവിനു പങ്കുണ്ടെന്ന് അറസ്റ്റിലായ ദിവസം തന്നെ ഹരികുമാർ പറഞ്ഞിരുന്നു. തുടർന്ന് ഹരികുമാറിന്റെ നുണപരിശോധന നടത്തി. നുണപരിശോധനയ്ക്ക് ശ്രീതു വിസമ്മതിച്ചു. നുണപരിശോധന അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശ്രീതുവിനെ അറസ്റ്റു ചെയ്തത്. English Summary:
Balaramapuram Child Murder Case: A woman, Sreethu, previously arrested in connection with the murder of her two-year-old child, was aided in her release by a crime syndicate involved in drug trafficking and other illegal activities. |