ജറുസലം ∙ ഗാസ സമാധാന പദ്ധതിപ്രകാരം എല്ലാ ബന്ദികളെയും മോചിപ്പിക്കാമെന്നും ഗാസയുടെ ഭരണം കൈമാറാമെന്നും സമ്മതിച്ചെങ്കിലും ആയുധം ഉപേക്ഷിക്കണമെന്ന ആവശ്യത്തോടു പ്രതികരിക്കാതെ ഹമാസ്. ആയുധം ഉപേക്ഷിക്കാൻ ഹമാസ് തയാറാകാത്ത സാഹചര്യത്തിൽ സേനാപിന്മാറ്റത്തിന് ഇസ്രയേൽ വഴങ്ങുമോയെന്നു വ്യക്തമല്ല. എന്നാൽ പ്രസിഡന്റ് ട്രംപിന്റെ നിർദേശപ്രകാരം ഗാസയിലെ ബോംബാക്രമണം നിർത്തിവയ്ക്കാൻ ഇസ്രയേൽ സൈന്യം തീരുമാനിച്ചു.
- Also Read ‘ഇസ്രയേൽ ഉടൻ ആക്രമണം നിർത്തണം; അവർ സമാധാനത്തിന് തയാറെന്ന് വിശ്വസിക്കുന്നു’: ഹമാസിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് ട്രംപ്
ബന്ദികളെ ഹമാസ് മോചിപ്പിക്കുന്നതിനു പിന്നാലെ ഗാസയിൽനിന്നു ഘട്ടംഘട്ടമായി ഇസ്രയേൽ സൈന്യം പിന്മാറണമെന്നാണു ട്രംപിന്റെ പദ്ധതി വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ, ബന്ദികളെ കൈമാറുന്നതിനൊപ്പം ഇസ്രയേൽ സൈന്യം പൂർണമായി ഗാസ വിടണമെന്ന മുൻനിലപാട് ഹമാസ് ആവർത്തിക്കുന്നു. ഗാസയുടെ ഭരണത്തിൽ ഹമാസിനും മറ്റ് സംഘടനകൾക്കും നേരിട്ടോ അല്ലാതെയോ ഒരു തരത്തിലും പങ്കുണ്ടാകില്ലെന്ന് അവർ അംഗീകരിക്കണമെന്നും ഗാസയിലെ ദൈനംദിന നടത്തിപ്പിന് സാങ്കേതിക വിദഗ്ധരടങ്ങുന്ന, രാഷ്ട്രീയരഹിതമായ ഒരു താൽക്കാലിക പലസ്തീൻ സമിതിയെ ഏർപ്പെടുത്തുമെന്നും ട്രംപിന്റെ അധ്യക്ഷതയിൽ ദ് ബോർഡ് ഓഫ് പീസ് എന്ന പേരിൽ ഒരു രാജ്യാന്തര സമിതിയായിരിക്കും ഇതിന് മേൽനോട്ടം വഹിക്കുകയെന്നും വ്യവസ്ഥയിലുണ്ട്. ഈ സമിതിയിൽ യോഗ്യരായ പലസ്തീൻകാരും രാജ്യാന്തര വിദഗ്ധരും ഉൾപ്പെടും.
- Also Read ഹമാസ് അംഗീകരിക്കുമോ ഗാസ സമാധാന പദ്ധതി?; ട്രംപിന്റെ ആ 20 നിർദേശങ്ങൾ എന്തൊക്കെ?
ഭരണം കൈമാറാമെന്നു സമ്മതിക്കുമ്പോഴും പലസ്തീന്റെ പരമാധികാരം നിലനിർത്തിയുള്ള ഭരണക്രമമാണ് ഹമാസ് മുന്നോട്ടുവയ്‌ക്കുന്നത്. ഗാസയിൽ ഭാവിയിലും പങ്കാളിത്തമുണ്ടാകുമെന്നും ഹമാസ് ആഗ്രഹിക്കുന്നു. സമാധാന പദ്ധതിയിലെ തർക്കവിഷയങ്ങളിൽ ചർച്ച വേണമെന്നാണ് ഹമാസിന്റെ നിർദേശം. എന്നാൽ ഹമാസിന്റെ ആവശ്യം എത്രമാത്രം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും അംഗീകരിക്കുമെന്ന് കണ്ടറിയണം. English Summary:
Gaza Peace deal: Hamas does not respond to the demand in gaza peace deal to lay down arms; Israel ceases its attack. |