കയ്റോ∙ ഇസ്രയേൽ–ഗാസ യുദ്ധത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിൽ ചില ഉപാധികൾ അംഗീകരിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതമറിയിച്ചത്. അതേസമയം, മറ്റ് ഉപാധികളിന്മേൽ കൂടുതൽ ചർച്ച വേണമെന്നും ഹമാസ് അറിയിച്ചു. ഞായറാഴ്ച വൈകിട്ട് ആറിനകം സമാധാന പദ്ധതി അംഗീകരിക്കണമെന്ന് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം. പദ്ധതി അംഗീകരിക്കാത്ത പക്ഷം മുച്ചൂടും മുടിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.  
  
 -  Also Read  ‘അവസാന അവസരം’: ഞായറാഴ്‌ച വൈകിട്ട് ആറിനുള്ളിൽ പദ്ധതി അംഗീകരിച്ചില്ലെങ്കിൽ സർവനാശം; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം   
 
    
 
എന്നാൽ, ഹമാസിനെ നിരായുധീകരിക്കണമെന്ന സമാധാന പദ്ധതിയിലെ നിർദേശത്തെക്കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല. ‘ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാനും തടവുകാരെ കൈമാറാനും അടിയന്തര സഹായങ്ങളെത്തിക്കാനും അറബ്, ഇസ്ലാമിക, രാജ്യാന്തരരംഗവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നു. ജീവിച്ചിരിക്കുന്നവരും മരിച്ചതുമായ എല്ലാ ബന്ദികളെയും വിട്ടുനൽകാൻ അംഗീകാരം നൽകിയിരിക്കുന്നു. ട്രംപിന്റെ പദ്ധതിയിലെ നിർദേശം അനുസരിച്ചുള്ള സാഹചര്യം ഒരുക്കിയാൽ ബന്ദികളെ വിട്ടു നൽകും.’– ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.  
 
ഗാസ മുനമ്പിന്റെ ഭരണം പലസ്തീന്റെ ദേശീയ അഭിപ്രായത്തിന്റെയും അറബ്–ഇസ്ലാമിക രാജ്യങ്ങളുടെ പിന്തുണയോടും കൂടി താൽക്കാലിക പലസ്തീൻ സമിതിയെ ഏൽപിക്കാൻ തയ്യാറാണെന്നും ഹമാസ് കൂട്ടിച്ചേർത്തു. അതേസമയം, ഗാസയുടെ ഭാവിയെയും പലസ്തീൻ ജനതയുടെ അവകാശങ്ങളെയും കുറിച്ച് ദേശീയ ചട്ടക്കൂടിനുള്ളിൽ ചർച്ചകൾ വേണ്ടതുണ്ടെന്നും ഹമാസ് പറഞ്ഞു.  
 
ഹമാസിന്റെ തടവിലുള്ള 20 ഇസ്രയേലി ബന്ദികളെ കരാർ അംഗീകരിച്ച് 72 മണിക്കൂറിനുള്ളിൽ വിട്ടയയ്ക്കണമെന്നും പകരം ഇസ്രയേലിന്റെ തടവിലുള്ള നൂറുകണക്കിന് പലസ്തീനികളെ മോചിപ്പിക്കുമെന്നുമാണ് കരാറിലെ ഒരു നിർദേശം. ഇരുപക്ഷവും ഈ നിർദേശം അംഗീകരിക്കുകയാണെങ്കിൽ യുദ്ധം ഉടൻ അവസാനിക്കും. ബന്ദികളെ മോചിപ്പിക്കാനുള്ള സൗകര്യത്തിനായി ഇസ്രയേൽ സൈന്യം നിശ്ചിത അതിർത്തിയിലേക്കു പിന്മാറും. ഈ സമയം വ്യോമാക്രമണങ്ങളും പീരങ്കി ആക്രമണങ്ങളും ഉൾപ്പെടെയുള്ള എല്ലാ സൈനിക നടപടികളും നിർത്തിവയ്ക്കും. കൂടാതെ, സമ്പൂർണ പിന്മാറ്റത്തിനുള്ള വ്യവസ്ഥകൾ പാലിക്കപ്പെടുന്നതുവരെ യുദ്ധമുന്നണികൾ സമാധാനസ്ഥിതിയിൽ തുടരും. ഹമാസിനെ നിരായുധീകരിക്കണമെന്നതാണ് പദ്ധതിയിലെ മറ്റൊരു പ്രധാന ആവശ്യം. ഇതുൾപ്പെടെയുള്ള മറ്റു ഉപാധികളിൽ ചർച്ച വേണമെന്ന നിലപാട് ട്രംപ് അംഗീകരിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. English Summary:  
Gaza Peace deal: Hamas said it would agree to some aspects of U.S. President Donald Trump\“s plan to end the Gaza war, including releasing hostages and handing over administration of the enclave, but that it would seek negotiations over many of its other terms. |