ഇരവിപേരൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ മത്സരരംഗത്ത് മുൻ സൈനികനും ഭാര്യയും. ഇരവിപേരൂർ പഞ്ചായത്തിലെ 13 ാം വാർഡ് അംഗമായ അനിൽ ബാബു ഇത്തവണ 16 ാം വാർഡിലാണ് പോരാട്ടത്തിനിറങ്ങുന്നത്. 13 ാം വാർഡ് ഇത്തവണ വനിതാ സംവരണമായതോടെ ഭാര്യ സന്ധ്യയ്‌ക്ക് മത്സരിക്കാൻ അവസരം ലഭിക്കുകയായിരുന്നു. ഇരുവരും യുഡിഎഫ് സ്‌ഥാനാർഥികളായാണ് ജനവിധി തേടുന്നത്. ഇരുവർക്കും രണ്ടാമത്തെ മത്സരമാണെങ്കിലും ആദ്യമായാണ് ഒരുമിച്ച് സ്‌ഥാനാർഥികളാകുന്നത്. 2020 ൽ കന്നി അങ്കത്തിൽ ജയിച്ചാണ് അനിൽ പഞ്ചായത്ത് അംഗമായത്. സന്ധ്യയുടെ രണ്ടാമത്തെ മത്സരമാണിത്. 2015 ൽ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് നന്നൂർ ഡിവിഷനിൽ സന്ധ്യ മത്സരിച്ചിരുന്നു.
സൈനികനായി 18 വർഷത്തെ രാജ്യസേവനത്തിനു ശേഷം 2012 ലാണ് അനിൽ ബാബു ജനസേവനത്തിന് ഇറങ്ങിയത്. 10 വർഷത്തെ പൊതുപ്രവർത്തന പരിചയമാണ് സന്ധ്യയുടെ മുതൽകൂട്ട്. രാവിലെ ഏഴു മണിയോടെ വീടുകൾ കയറി വോട്ടർമാരെ കണ്ടു തുടങ്ങുന്ന അനിൽ, രാത്രിയോടെ പ്രചാരണം പൂർത്തിയാക്കി മടങ്ങിയെത്തും. വീട്ടിലെ തിരക്കുകൾക്കു ശേഷം രാവിലെ എട്ടരയോടെ സന്ധ്യയുടെ പ്രചാരണപ്രവർത്തനങ്ങൾ ആരംഭിക്കും. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥന നടത്തി രാത്രി ഏഴു മണിയോടെ വീട്ടിലേക്കു മടങ്ങും. അവരവരുടെ വാർഡിലെ പ്രചാരണത്തിരക്കുകൾക്കിടയിലും ഇരുവരും ഒരുമിച്ചും വോട്ടർമാരെ കാണാൻ സമയം കണ്ടെത്താറുണ്ട്. ബിഎസ്‌സി നഴ്‌സിങ് പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ച അശ്വിനി നായരും ബിടെക് വിദ്യാർഥിയായ അഭിരാമിയുമാണ് മക്കൾ. English Summary:
Couple in the Fray: Former Soldier and Wife Contest Eraviperoor Panchayat Election for UDF |