ജറുസലം ∙ ഉപരോധം ലംഘിച്ച് ഗാസയിൽ സഹായമെത്തിക്കാനുള്ള ഗ്ലോബൽ സുമോഡ് ഫ്ലോട്ടില ദൗത്യം ഇസ്രയേൽ തടഞ്ഞു. 46 രാജ്യങ്ങളിൽനിന്നുള്ള 450 ആക്ടിവിസ്റ്റുകളാണ് കഴിഞ്ഞ മാസം ആദ്യം ബാർസിലോനയിൽനിന്ന് ഗാസ ലക്ഷ്യമാക്കി പുറപ്പെട്ടത്. എന്നാൽ ഇവർ സഞ്ചരിച്ച കപ്പലുകളെല്ലാം ഒരെണ്ണമൊഴിച്ച് ഗാസ തീരത്തു നിന്ന് 300 കിലോമീറ്റർ ദൂരെവച്ച് കസ്റ്റഡിയിലെടുത്തു. സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ ട്യുൻബെർഗ് അടക്കമുള്ള മുഴുവൻ പ്രവർത്തകരെയും ഇസ്രയേൽ കസ്റ്റഡിയിലെടുത്തു. ഇതോടെ ഈ ആക്ടിവിസ്റ്റുകൾക്ക് ഇനി എന്താണ് സംഭവിക്കുക എന്നതും ചർച്ചയായി.  
  
 
കസ്റ്റഡിയിൽ എടുത്തവരെ സ്വന്തം രാജ്യങ്ങളിലേക്കു മടക്കി അയക്കുകയാണ് ഇസ്രയേൽ ചെയ്യുക. അതേസമയം ഇതിനായി കുറച്ച് നടപടികൾ അവർ നേരിടേണ്ടതായും വരും. വിവിധ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ, അഭിഭാഷകർ, ആക്ടിവിസ്റ്റുകൾ തുടങ്ങിയ പ്രശസ്തരായ ഒട്ടേറെ വ്യക്തികൾ ഇക്കുറി ഫ്ലോട്ടില ദൗത്യത്തിൽ പങ്കുചേർന്നിരുന്നു. ഇവരിൽ സ്വീഡിഷ് കാലാവസ്ഥാ പ്രചാരകയായ ഗ്രേറ്റ ട്യുൻബെർഗ് അടക്കമുള്ള ചിലർ മുൻപും ഇതുപോലെ ഗാസയെ ലക്ഷ്യമിട്ട് സമുദ്ര സഞ്ചാരം ചെയ്തവരാണ്. ഉപരോധം തകർക്കാൻ ശ്രമിച്ചപ്പോൾ അന്നും ഇസ്രയേൽ അധികൃതർ ഇവരെ കസ്റ്റഡിയിൽ എടുത്തിരുന്നു. അന്ന് ക്രിമിനൽ വിചാരണ കൂടാതെയാണ് നാടുകടത്തിയത്. അതേസമയം ഗാസയിലേക്ക് വന്ന തങ്ങളെ സമ്മതമില്ലാതെ ബലമായി ഇസ്രയേലിലേക്ക് കൊണ്ടുപോയതിൽ ഫ്ലോട്ടില സംഘത്തിലെ ചിലർ എതിർപ്പ് ഉന്നയിച്ചിരുന്നു. ഇവർ ഇസ്രയേൽ രേഖകളിൽ ഒപ്പുവയ്ക്കാനും വിസമ്മതിച്ചു. ഫ്ലോട്ടില സംഘത്തിലുൾപ്പെട്ടവരെ ഇസ്രയേൽ കസ്റ്റഡിയിൽ എടുത്ത ശേഷം ട്രൈബ്യൂണലിന് മുൻപിൽ ഹാജരാക്കിയ ശേഷമാണ് നാടുകടത്തിയത്. 100 വർഷത്തേക്ക് ഇസ്രയേലിലേക്ക് പ്രവേശിക്കുന്നത് വിലക്കി കൊണ്ടാണ് നാടുകടത്തുന്നത്.   
  
 
കസ്റ്റഡിയിലെടുത്ത ആക്ടിവിസ്റ്റുകളെ നാടുകടത്തുമെന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും ആരോഗ്യത്തോടെ ഇരിക്കുന്ന വിഡിയോയും പുറത്തുവിട്ടു. അതേസമയം ഇസ്രയേൽ നടപടിയിൽ പ്രതിഷേധിച്ച് റോം, ഇസ്തംബുൾ, ആതൻസ്, ബ്യൂനസ് ഐറിസ് തുടങ്ങിയ നഗരങ്ങളിൽ റാലികൾ നടന്നു. പലസ്തീനു പിന്തുണയുമായി ഇറ്റലിയിലെ വിവിധ തൊഴിലാളി യൂണിയനുകൾ ഇന്നു ദേശീയപണിമുടക്ക് നടത്തും. കഴിഞ്ഞ ജൂണിലും ഗ്രേറ്റയുടെ നേതൃത്വത്തിലുള്ള ഫ്ളോട്ടില ദൗത്യം ഇസ്രയേൽ തടഞ്ഞിരുന്നു. English Summary:  
Global Somod Mission Intercepted: Detains Greta Thunberg and Activists |