ന്യൂഡൽഹി∙ ഇന്ത്യ-അഫ്ഗാൻ ബന്ധത്തിൽ വലിയ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു. അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി അടുത്തയാഴ്ച ഇന്ത്യ സന്ദർശിച്ചേക്കും. 2021 ഓഗസ്റ്റിൽ അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്ത ശേഷം സർക്കാരിനെ പ്രതിനിധീകരിക്കുന്ന ഉന്നത മന്ത്രിയുടെ ആദ്യ ഔദ്യോഗിക സന്ദർശനം കൂടിയാവും ഇത്. ഇതുവരെ താലിബാൻ ഭരണകൂടവുമായി അകലം പാലിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. അതേസമയം ഭൂകമ്പം അടക്കമുള്ള പ്രകൃതി ദുരന്തങ്ങളിൽ അഫ്ഗാൻ ജനത കഷ്ടപ്പെട്ട േവളകളിൽ മാനുഷിക ഇടപെടലുകൾ നടത്താൻ മടിച്ചിട്ടുമില്ല. ഭക്ഷണം, മരുന്ന്, ദുരിതാശ്വാസ സാമഗ്രികൾ തുടങ്ങിയവ വലിയ അളവിൽ ഇന്ത്യ അയച്ചിരുന്നു.
എന്നാൽ താലിബാൻ സർക്കാർ സ്ത്രീകളുടെ വിദ്യാഭ്യാസം അടക്കമുള്ള അവകാശങ്ങൾ നിഷേധിക്കുന്നതിന് എതിരെ ഐക്യരാഷ്ട്ര സഭയിലടക്കം ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഐക്യരാഷ്ട്ര സമിതിയുടെ സുരക്ഷാ കൗൺസിലിന്റെ ഉപരോധം നേരിടുന്ന വ്യക്തിയാണ് അമീർ ഖാൻ മുത്തഖി. കഴിഞ്ഞ ഓഗസ്റ്റിൽ പാക്കിസ്ഥാനിൽ സന്ദർശനം നടത്താൻ മുത്തഖി ഉദ്ദേശിച്ചെങ്കിലും യുഎൻ ഇളവ് നൽകിയിരുന്നില്ല. എന്നാൽ ഇന്ത്യൻ സന്ദർശനത്തിനു മുന്നോടിയായി ഇളവ് ലഭ്യമായതായി അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സന്ദർശനത്തെ കുറിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്നും ഇനിയും ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഒക്ടോബർ 9 നും 16 നും ഇടയിൽ ഇന്ത്യയിൽ സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2021ൽ രണ്ടാമതും അഫ്ഗാനിൽ ഭരണം പിടിച്ചെടുത്തതിനു ശേഷം താലിബാൻ രാജ്യാന്തര തലത്തിൽ അംഗീകാരം നേടുന്നതിനായി പരിശ്രമിക്കുന്നുണ്ട്. അടുത്തിടെ റഷ്യ താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. അതേസമയം താലിബാൻ അധികാരമേറ്റയുടൻ സുരക്ഷ മുൻനിർത്തി അഫ്ഗാനിൽനിന്നും പൗരൻമാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യ ഒഴിപ്പിച്ചിരുന്നു. എന്നാൽ മാനുഷിക സഹായങ്ങൾ അഫ്ഗാനിൽ വിതരണം ചെയ്യുന്നതിനായി പരിമിതമായ ഇടപെടലുകൾ നടത്തിയിരുന്നു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഈ വർഷം ആദ്യം ദുബായിൽ വച്ചു മുത്തഖിയുമായി ചർച്ച നടത്തിയിരുന്നു. English Summary:
India-Afghanistan Relations: Afghan Foreign Minister visit to India marks a potential shift in India-Afghanistan relations. This visit, the first by a high-ranking minister since the Taliban takeover in 2021, signals a possible change in India\“s approach, even as concerns about human rights remain. |