ഇസ്ലാമാബാദ്∙ അപൂർവ ഭൗമ ധാതുക്കൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു സമ്മാനമായി നൽകിയ പാക്ക് സൈനിക മേധാവി അസിം മുനീറിന് നേരെ വ്യാപക വിമർശനം. സെനറ്റർ ഐമൽ വലി ഖാനാണ് സൈനികമേധാവിയുടെ പ്രവൃത്തിയെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്.
വിലയേറിയ കച്ചവടവസ്തുക്കൾ ഉപഭോക്താവിനു മുന്നിൽ പ്രദർശിപ്പിക്കുന്ന കടക്കാരന്റെ മനോഭാവമാണ് സൈനിക മേധാവിയുടെതെന്ന് ഐമൽ വലി ഖാൻ വിമർശിച്ചു. ‘‘നമ്മുടെ സൈനിക മേധാവി ഒരു പെട്ടിയിൽ അപൂർവ ഭൗമധാതുക്കളുമായി ട്രംപിനെ ചുറ്റിക്കറങ്ങുകയാണ്. എന്തൊരു തമാശയും പരിഹാസ്യവുമാണിത്. ഏതെങ്കിലുമൊരു സൈനിക മേധാവി ഇങ്ങനെ അപൂർവ ഭൗമധാതുക്കളും പെട്ടിയിലാക്കി സഞ്ചരിക്കുമോ? കടയിലെ വിലയേറിയ വസ്തുക്കൾ ഉപഭോക്താവിനെ കൊണ്ട് വാങ്ങിപ്പിക്കാൻ ശ്രമിക്കുന്ന കടക്കാരനെ പോലെയാണത്.’ –പാർലമെന്റിൽ സംസാരിക്കവേ വലി ഖാൻ പറഞ്ഞു.
‘‘ഏതു നിയമപ്രകാരം ഏത് അധികാരമുപയോഗിച്ചാണ് വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തിൽ സൈനിക മേധാവി ഇടപെടുന്നത്. ഇത് സ്വേച്ഛാധിപത്യമാണ്. ഇത് ജനാധിപത്യമല്ലെന്നു പറയേണ്ടിവരുന്നതിൽ എനിക്ക് വിഷമമുണ്ട്. ഇത് പാർലമെന്റിനെ അവഹേളിക്കലല്ലേ?’’ –വലി ഖാൻ ചോദിച്ചു. ട്രംപിന് അസിം മുനീർ അപൂർവ ഭൗതധാതുക്കൾ സമ്മാനിക്കുന്ന ഫോട്ടോ ഈയാഴ്ച ആദ്യം വൈറ്റ് ഹൗസാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രി ഷഹബാസ് ഷരീഫും ഒപ്പമുണ്ടായിരുന്നു. പാക്ക് നയതന്ത്രകാര്യങ്ങളിൽ സൈന്യം കൂടുതലായി ഇടപെടുന്നതിൽ ജനപ്രതിനിധികൾക്കിടയിൽ അമർഷം പുകയുന്നതിനിടെയാണ് സൈനിക മേധാവിയെ പാർലമെന്റംഗം രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. English Summary:
Parliament Criticizes Army Chief\“s Gift to Trump: Pakistan Army Chief Asim Munir faces criticism in parliament for gifting rare earth minerals to Donald Trump. The senator Aimal Wali Khan criticized Asim Munir for acting like a salesman presenting goods to a customer and questioned the army chief\“s involvement in foreign policy. |