വാഷിങ്ടൻ ∙ യുഎസ് നേരിടുന്നത് രാജ്യത്തിനുള്ളിൽ നിന്നുള്ള യുദ്ധമാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് നഗരങ്ങളെ സൈനികർക്കുള്ള പരിശീലന കേന്ദ്രങ്ങളായി ഉപയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഡെമോക്രാറ്റുകൾ ഭരിക്കുന്ന നഗരങ്ങളിൽ തയാറെടുപ്പുകൾ നടത്താൻ നിർദേശിച്ചു കൊണ്ടുള്ളതായിരുന്നു ട്രംപിന്റെ പ്രസംഗം.
‘‘നമ്മൾ ഒന്നൊന്നായി നേരെയാക്കാൻ പോകുന്നു. ഇവിടെ ഇരിക്കുന്ന ചിലർ അതിൽ പ്രധാന പങ്കുവഹിക്കും. അതും ഒരു യുദ്ധമാണ്. ഉള്ളിൽ നിന്നുള്ള ഒരു യുദ്ധം’’ – ഡോണൾഡ് ട്രംപ് പറഞ്ഞു. കുറ്റകൃത്യങ്ങൾക്കും കുടിയേറ്റത്തിനുമെതിരായ നടപടികളുടെ ഭാഗമായി ലോസാഞ്ചലസിലേക്കും വാഷിങ്ടനിലേക്കും ട്രംപ് സൈന്യത്തെ അയച്ചിട്ടുണ്ട്. മെംഫിസിലേക്കും പോർട്ട്‌ലാൻഡിലേക്കും സൈന്യത്തെ വിന്യസിക്കാൻ ഉത്തരവിട്ടു. തന്റെ പ്രസംഗത്തിൽ ഈ പ്രദേശങ്ങളെ യുദ്ധമേഖല എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ചിക്കാഗോയിലും സൈന്യത്തെ വിന്യസിക്കുമെന്നും ട്രംപ് പറഞ്ഞു. ഡെമോക്രാറ്റ് പാർട്ടിയുടെ മേയറാണ് ഈ നഗരങ്ങൾ ഭരിക്കുന്നത്.
തന്റെ ഭരണത്തിൻ കീഴിൽ യുഎസ് സൈന്യം ഒരു യോദ്ധാവിന്റെ ആവേശത്തെ പുനരുജ്ജീവിപ്പിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് പ്രസംഗം ആരംഭിച്ചത്. 72 മിനിറ്റ് പ്രസംഗം നീണ്ടുനിന്നു. സൈന്യത്തെ അഭിസംബോധന ചെയ്യുമ്പോൾ ആഭ്യന്തര രാഷ്ട്രീയം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്ന മുൻ പ്രസിഡന്റുമാരിൽനിന്ന് നേർ വിപരീതമായിരുന്നു ട്രംപിന്റെ പ്രസംഗം. English Summary:
Donald Trump Meeting with Top Military Officers: \“Country Faces War From Within; American cities be used as “training grounds“ for troops\“ |