തിരുവനന്തപുരം∙ ഷാഫി പറമ്പില്‍ എംപിയെ അതിക്രൂരമായി മര്‍ദിച്ച പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നു വി.ഡി.സതീശൻ. പൊലീസ് മനഃപൂര്‍വം ഷാഫിയെ തിരഞ്ഞുപിടിച്ച് മര്‍ദിക്കുകയായിരുന്നെന്നും സതീശൻ ആരോപിച്ചു. ‘‘എല്ലാ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കണമെന്ന സര്‍ക്കാര്‍ താല്‍പര്യം മുന്‍നിര്‍ത്തിയാണ് പൊലീസ് ക്രൂരമര്‍ദനം അഴിച്ചുവിട്ടത്. ഷാഫി പറമ്പിലിന്റെ ചോര നിലത്തു വീണിട്ടുണ്ടെങ്കില്‍ അതിനു പ്രതികാരം ചോദിക്കുക തന്നെ ചെയ്യും. സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന പൊലീസുകാര്‍ എകെജി സെന്ററില്‍ നിന്നല്ല ശമ്പളം പറ്റുന്നതെന്ന് ഓര്‍ത്താൽ നന്നായിരിക്കും. ഗൂഢാലോചനയ്ക്കും അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണം’’– സതീശൻ പറഞ്ഞു.
- Also Read ‘റൂറൽ എസ്പി ബൈജു സിപിഎം നേതാവായി പെരുമാറുന്നു; അയ്യപ്പന്റെ പൊന്നു കട്ടവന്മാരെ വെറുതെ വിടില്ല’
ശബരിമലയില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും രക്ഷിക്കാനാണ് ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നതെങ്കില്‍ കോണ്‍ഗ്രസും ഐക്യജനാധിപത്യ മുന്നണിയും ശക്തിയായി പ്രതികരിക്കുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി. ‘‘മനഃപൂര്‍വമാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ജാഥ പൊലീസ് തടഞ്ഞ് പ്രകോപനമുണ്ടാക്കിയത്. ഇരുനൂറോളം സിപിഎമ്മുകാര്‍ക്ക് കടന്നു പോകാനാണ് മൂവായിരത്തോളം വരുന്ന യുഡിഎഫിന്റെ ജാഥ പൊലീസ് തടത്തു നിര്‍ത്തിയത്. നിരവധി പ്രവര്‍ത്തകര്‍ക്കാണു മര്‍ദനമേറ്റത്. ഒരു പ്രവര്‍ത്തകന്റെ കണ്ണിനു കാഴ്ച നഷ്ടമാകുന്ന അവസ്ഥയാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകും’’– വി.ഡി.സതീശൻ പറഞ്ഞു.
- Also Read ‘ഷാഫി ‘ഷോ’ തുടർന്നാൽ ഡിവൈഎഫ്ഐ പ്രതിരോധിക്കും; ജനപ്രതിനിധിക്കു പൊലീസിന്റെ അടി കിട്ടുന്നത് ആദ്യമായാണോ?’
English Summary:
VD Satheesan Condemns Police Action Against Shafi Parambil: The police brutality is condemned, and calls for action against officers involved are being made. Satheesan warns of strong protests if justice is not served. |
|